തിരുവനന്തപുരം: കേരളത്തിൽ രണ്ടുദിവസത്തിനിടെയുണ്ടായ കനത്ത മഴയിൽ ഇതുവരെ പൊലിഞ്ഞത് എട്ടുജീവനുകൾ. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി പെയ്തിറങ്ങിയ അതിതീവ്ര മഴ പലയിടങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. വെള്ളിയാഴ്ച വെകീട്ടോടെ ശക്തിപ്രാപിച്ച മഴ രാത്രിയോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കനത്ത ദുരിതം വിതച്ചു.

To advertise here,

കോട്ടയം ജില്ലയിലെ പൂഞ്ഞാർ പയ്യാനിത്തോട്ടിലുണ്ടായ ഉരുൾപൊട്ടലിൽ വീട്ടമ്മയായ റെജീനയും മകൻ ജോസഫിനും ജീവൻ നഷ്ടമായി. ഇവരുടെ വീടും പൂർണമായി തകർന്നു. തീക്കോയി മുപ്പതേക്കറിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ തകർന്നു. ഇടുക്കി ജില്ലയിൽ മൂന്നിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. കോലാഹലമേട്ടിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും അടൂർമലയിൽ ഉരുൾപൊട്ടലിൽ കാണാതായ വീട്ടമ്മ സുമതിയും മരിച്ചു.

മലപ്പുറം വണ്ടൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ടര വയസ്സുകാരനും കോട്ടയം വാകത്താനത്ത് വാട്ടർ ടാങ്കിനായി എടുത്ത കുഴിയിൽ വീണ് 11 വയസ്സുകാരനും മരണപ്പെട്ടു. കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിലും വയനാട്, കോഴിക്കോട് ജില്ലകളിലും അതിശക്തമായ മഴ തുടരുകയാണ്.

പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലും അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. വടശ്ശേരിക്കരയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 361 മില്ലിമീറ്റർ മഴ ലഭിച്ചു. പമ്പയാറും കക്കാട്ടാറും കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് റാന്നി നഗരത്തിലുൾപ്പെടെ വെള്ളപ്പൊക്കം ഉണ്ടായി. നൂറുകണക്കിന് ആളുകൾ വീടുകളിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. റാന്നി വലിയ പാലത്തിന് സമീപം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ആറന്മുള, മാലക്കര മേഖലകളിൽ റോഡിലൂടെ വെള്ളം കുത്തിയൊലിച്ചു വരുന്ന സാഹചര്യമാണുള്ളത്. ജെസിബി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉപയോഗിച്ചാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നത്.

തിരുവനന്തപുരം വിഴിഞ്ഞം, അടിമലത്തുറ ഭാഗങ്ങളിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ഏഴ് ബോട്ടുകൾ അപകടത്തിൽപ്പെടുകയും പത്തിലേറെ പേരെ കാണാതാവുകയും ചെയ്തു. മുതലപ്പൊഴിയിൽ ശക്തമായ തിരമാലയിൽപ്പെട്ട് ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.