
വോട്ടെടുപ്പിന് പത്തുദിവസം മാത്രം ബാക്കി നിൽക്കെ ഇടുക്കിയിൽ പ്രചാരണം അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ്. ഓരോ വോട്ടും ഉറപ്പിക്കാനായി സ്ഥാനാർഥികൾ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓടിനടക്കുന്ന കാഴ്ചയാണ് ജില്ലയിൽ എങ്ങും. പ്രവചനാതീതമായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്ന ഇടുക്കിയിൽ ഇത്തവണ എല്ലാ മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.
2021-ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ചിൽ മൂന്ന് സീറ്റുകൾ നേടി ഇടതുപക്ഷം വ്യക്തമായ ആധിപത്യം ഉറപ്പിച്ചിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ ഇത്തവണത്തെ നിയമസഭാ ഫലത്തിലും പ്രതിഫലിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. സിറ്റിങ് സീറ്റുകൾ നിലനിർത്താൻ എൽഡിഎഫും അവ തിരിച്ചുപിടിക്കാൻ യുഡിഎഫും കിണഞ്ഞു പരിശ്രമിക്കുന്നു.
റോഷിയോ റോയിയോ
ജില്ലയിലെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന ഇടുക്കി മണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിനും മുൻ ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസും തമ്മിലാണ് പ്രധാന പോരാട്ടം. 38 വർഷത്തിനുശേഷമാണ് ഇടുക്കിയിൽ ഒരു കോൺഗ്രസ് സ്ഥാനാർഥി 'കൈപ്പത്തി' ചിഹ്നത്തിൽ മത്സരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കൈപ്പത്തി ചിഹ്നത്തിലെ വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ വീഴുമെന്നും ഇത്തവണ വിജയിക്കാമെന്നും യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു.
കാൽനൂറ്റാണ്ടായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിൻ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് വോട്ട് തേടുന്നത്. പാർട്ടിക്കപ്പുറമുള്ള വ്യക്തിപരമായ വോട്ടുകൾ റോഷിയെ തുണയ്ക്കുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. അതേസമയം, ബിഡിജെഎസിന്റെ ജില്ല പ്രസിഡന്റ് പ്രതീഷ് പ്രഭ കൂടി മത്സരരംഗത്തുള്ളത് വോട്ട് വിഹിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്.
ദേവികുളത്ത് 'രാജാ' പോര്
ദേവികുളത്ത് ഇത്തവണ ശ്രദ്ധേയമായ ഒരു 'രാജാ' പോരാണ് നടക്കുന്നത്. എൽഡിഎഫിന്റെ എ. രാജയും യുഡിഎഫിന്റെ എഫ്. രാജയും തമ്മിൽ മാത്രമല്ല ഇവരുടെ പോരാട്ടത്തിനിടയിലേക്ക് ബിജെപി സ്ഥാനാർഥിയായി മുൻ സിപിഎം നേതാവ് എസ്. രാജേന്ദ്രൻ കൂടി എത്തിയത് മത്സരത്തിന്റെ വീറും വാശിയും വർദ്ധിപ്പിച്ചിട്ടുണ്ട്. 2006 മുതൽ മൂന്ന് തവണ ദേവികുളത്തെ പ്രതിനിധീകരിച്ച രാജേന്ദ്രന്റെ സ്ഥാനാർഥിത്വം സിപിഎമ്മിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഉടുമ്പഞ്ചോല മാറിചിന്തിക്കുമോ?
സിപിഎമ്മിന്റെ ഉറച്ച കോട്ടയായ ഉടുമ്പഞ്ചോലയിൽ മുൻ എംഎൽഎ കെ.കെ. ജയചന്ദ്രനെയാണ് എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. സിറ്റിങ് എംഎൽഎ എം.എം. മണി മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് ഇടതുപക്ഷം പ്രതീക്ഷിക്കുന്നു. 2016-ൽ വെറും 1,109 വോട്ടുകൾക്ക് മണിയോട് പരാജയപ്പെട്ട സേനാപതി വേണുവാണ് യുഡിഎഫിനായി ഇത്തവണയും രംഗത്തുള്ളത്. ഇവിടെയും ബിഡിജെഎസ് സ്ഥാനാർഥി സംഗീത വിശ്വനാഥൻ ശക്തമായ പ്രചാരണം നടത്തുന്നുണ്ട്.
ഒന്നിൽ പിഴച്ചാൽ മൂന്ന്, സിറിയകിന്റെ മൂന്നാം അങ്കത്തിലെ വിധി എന്ത്?
പീരുമേട്ടിൽ സിപിഐ ജില്ല സെക്രട്ടറി കെ. സലിം കുമാറും കോൺഗ്രസിന്റെ സിറിയക് തോമസും തമ്മിലാണ് പോരാട്ടം. കഴിഞ്ഞ രണ്ട് തവണയും വളരെ ചെറിയ ഭൂരിപക്ഷത്തിന് വിജയം നഷ്ടപ്പെട്ട സിറിയക് തോമസ് ഇത്തവണ അത് തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. തോട്ടം തൊഴിലാളി മേഖലകളിൽ വലിയ സ്വാധീനമുള്ള സലിം കുമാർ മണ്ഡലത്തിൽ സുപരിചിതനായ നേതാവാണ്. ബിജെപിയുടെ യുവനേതാവ് രതീഷ് വരകുമലയും ഇവിടെ പോരാട്ടത്തിനുണ്ട്.
കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടുന്ന തൊടുപുഴ
തൊടുപുഴ മണ്ഡലത്തിൽ പി.ജെ. ജോസഫിന് പകരം മകൻ അപു ജോൺ ജോസഫാണ് യുഡിഎഫ് സ്ഥാനാർഥിയായി എത്തുന്നത്. കേരള കോൺഗ്രസുകൾ തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന ജില്ലയിലെ ഏക മണ്ഡലമാണിത്. സിറിയക് ചാഴിക്കാടനിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ കേരള കോൺഗ്രസ് (എം) ലക്ഷ്യമിടുമ്പോൾ, ജോസഫിന്റെ വ്യക്തിപ്രഭാവം അപുവിന് തുണയാകുമെന്ന് യുഡിഎഫ് കരുതുന്നു.
വോട്ട് വിഹിതം ഉയർത്താൻ എൻഡിഎ
എൻഡിഎ ഇത്തവണ മണ്ഡലങ്ങളിൽ നിർണ്ണായക ശക്തിയാകാനാണ് ലക്ഷ്യമിടുന്നത്. ബിഡിജെഎസിന് വലിയ സ്വാധീനമുള്ള ഇടുക്കിയിലും ഉടുമ്പഞ്ചോലയിലും വോട്ട് വിഹിതം വർദ്ധിപ്പിക്കാനാവുമെന്ന് അവർ പ്രതീക്ഷിക്കുന്നു. തൊടുപുഴയിൽ ഇത്തവണ ട്വന്റി ട്വന്റിക്കാണ് എൻഡിഎ സീറ്റ് നൽകിയിരിക്കുന്നത്.
2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വൻ വിജയം അവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ജില്ലയിലെ 35 ഗ്രാമപഞ്ചായത്തുകളും, രണ്ട് നഗരസഭകളും, ജില്ലാ പഞ്ചായത്തും യുഡിഎഫ് പിടിച്ചെടുത്തിരുന്നു. എട്ടിൽ ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിനായിരുന്നു വിജയം. ഇത് ഇടതുപക്ഷ കോട്ടകളിൽ വലിയ വിള്ളലുണ്ടാക്കിയിട്ടുണ്ടെന്ന് യുഡിഎഫ് വിശ്വസിക്കുന്നു.
ഹൈറേഞ്ച് രാഷ്ട്രീയത്തിൽ 16 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടപ്പെട്ടത് വലിയ മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ 'വലതുകാറ്റ്' നിയമസഭയിലും ആഞ്ഞടിക്കുമെന്ന് യുഡിഎഫ് പ്രത്യാശിക്കുമ്പോൾ, രണ്ടിലയുടെ തണലിൽ ആധിപത്യം നിലനിർത്താൻ എൽഡിഎഫ് പൊരുതുകയാണ്. വികസന നേട്ടങ്ങളും സംഘടന ശക്തിയും തങ്ങളെ തുണയ്ക്കുമെന്ന് ഇടതുപക്ഷം കരുതുന്നു.
ഇടുക്കിയിലെ മലയോര ജനത ആർക്കൊപ്പം നിൽക്കുമെന്നത് കനത്ത രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുന്നു. കപ്പിനും ചുണ്ടിനുമിടയിൽ പോരാട്ടം നിൽക്കുന്ന ഈ അഞ്ച് മണ്ഡലങ്ങളിലും ജയപരാജയങ്ങൾ പ്രവചിക്കുക അസാധ്യമാണ്.
Content Highlights: Explore the intense political battle in Idukki as LDF and UDF clash for dominance. Will the local election trends impact the assembly results?
Published: 30 Mar 2026, 08:44 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented