മൂന്നാർ (ഇടുക്കി): ഇടമലക്കുടിയിലെ റേഷൻകടയിൽ ക്രമക്കേട് നടന്നെന്ന ആരോപണം ശരിവെച്ച് സംസ്ഥാന ഭക്ഷ്യക്കമ്മിഷനും. ഇടമലക്കുടിയിൽ സന്ദർശനം നടത്തിയ സംസ്ഥാന ഭക്ഷ്യക്കമ്മിഷൻ ചെയർപേഴ്‌സൺ ഡോ.ജിനു സക്കറിയ ഉമ്മൻ സൊസൈറ്റിക്കുടി റേഷൻകടയിൽ നേരിട്ടെത്തി രേഖകൾ പരിശോധിച്ചു. ക്രമക്കേട് നടന്നതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

ഭക്ഷ്യധാന്യം കടയിൽ എത്തിയതിന്റെയോ, അത് ഗുണഭോക്താക്കൾക്ക് വിതരണം നടത്തിയതിന്റെയോ രേഖകളില്ല. മാത്രമല്ല, റേഷൻകടയിൽ ഉണ്ടായിരിക്കേണ്ടതും എഴുതി സൂക്ഷിക്കേണ്ടതുമായ രജിസ്റ്ററുകളുമില്ല. മാനദണ്ഡം പാലിക്കാതെയാണ് കട പ്രവർത്തിച്ചുവരുന്നത് എന്ന് കമ്മിഷൻ പറഞ്ഞു.

സൊസൈറ്റിക്കുടി, ഇഡലിപ്പാറക്കുടി, കവക്കാട്ടുകുടി, മീൻകുത്തിക്കുടി, ഇരുപ്പ്കല്ല് കുടി, വെള്ളവരക്കുടി എന്നീ ഉന്നതികളിലെ ഗുണഭോക്താക്കൾ, ജനപ്രതിനിധികൾ, ഊരുമൂപ്പൻമാർ എന്നിവരോട് കമ്മിഷൻ ആശയവിനിമയം നടത്തി. കഴിഞ്ഞ ഫെബ്രുവരി മുതൽ തങ്ങൾക്ക് റേഷൻ വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്ന് ഇവർ പറഞ്ഞു. ഉൾപ്രദേശങ്ങളിൽനിന്ന് മൂന്നുനാലു കിലോമീറ്റർ കാൽനടയായി വരുമ്പോൾ പലപ്പോഴും, റേഷൻകടയിൽ ഭക്ഷ്യധാന്യം സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. സ്റ്റോക്ക് വരുമ്പോൾ വാങ്ങാനായി ടോക്കൺ നൽകി മടക്കി അയയ്ക്കും. പിന്നീട് അതുമായി വരുമ്പോൾ കാലാവധി കഴിഞ്ഞെന്ന കാരണത്താൽ ഭക്ഷ്യധാന്യം നൽകാറില്ലെന്നും ഗുണഭോക്താക്കൾ പറഞ്ഞു. ഇത്തരത്തിൽ ടോക്കൺ നൽകുന്നത് നിയമവിരുദ്ധമാണെന്ന് കമ്മിഷൻ അറിയിച്ചു.

ഇടമലക്കുടിയിൽ റേഷൻ വിതരണം നടത്തുന്ന ഗിരിജൻ സർവീസ് സഹകരണ സംഘം സെക്രട്ടറി ലൈസൻസിയായിട്ടുള്ള സൊസൈറ്റിക്കുടി, വെള്ളവരക്കുടി റേഷൻ കടകൾക്കെതിരേയാണ് ആരോപണമുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുവിതരണവകുപ്പ് പ്രാഥമിക അന്വേഷണം നടത്തിയതിൽ 65 മെട്രിക് ടൺ ഭക്ഷ്യധാന്യത്തിന്റെ കുറവ് കണ്ടെത്തി. റേഷൻകട ലൈസൻസി ഗിരിജനും, സർവീസ് സൊസൈറ്റി സെക്രട്ടറി അഖിൽ ജോസിനും, ഉത്തരവാദികളായ മറ്റുള്ളവർക്കും എതിരേ അവശ്യസാധന നിയമം, ഭാരതീയ നാഗരിക് സുരക്ഷ സംഹിത (ബി.എൻ.എസ്.എസ്.) 2023 എന്നിവ പ്രകാരം നിയമ നടപടി സ്വീകരിക്കുന്നതിതിന് കമ്മിഷൻ സർക്കാരിന് നിർദേശം നൽകും. ക്രമക്കേട് സംബന്ധിച്ച് ഇടുക്കി ജില്ലാ കളക്ടറാണ് തുടരന്വേഷണം നടത്തുന്നത്.