ആലപ്പുഴ: രണ്ടുമാസത്തെ റേഷൻ കാർഡുടമകൾക്ക് ഒന്നിച്ചുനൽകുന്നത് സംസ്ഥാനത്തു നിർത്തി. ഏപ്രിൽ, മേയ് മാസങ്ങളിലെ വിഹിതം ഒന്നിച്ചുനൽകിയപ്പോൾ പല താലൂക്കുകളിലും വിതരണം താളംതെറ്റിയതിനെത്തുടർന്നാണ് ജൂൺ മുതൽ മുൻകാലങ്ങളിലെപ്പോലെ ഒരുമാസത്തെ വിഹിതം നൽകാൻ ഭക്ഷ്യവകുപ്പു തീരുമാനിച്ചത്.

To advertise here,

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നുമാസത്തെ ധാന്യം ഒന്നിച്ചുനൽകാൻ കേന്ദ്രസർക്കാരാണ് സംസ്ഥാനത്തോടു നിർദേശിച്ചത്. റേഷൻകടകളുടെ സംഭരണശേഷി കുറവാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനം ഇതു രണ്ടുമാസമാക്കി. എന്നിട്ടും, വിതരണം കാര്യക്ഷമമായില്ല.

ചിലയിടങ്ങളിൽ രണ്ടുമാസത്തെ വിഹിതം നൽകാനുള്ള അരി എത്തിക്കുന്നതിൽ വീഴ്ചയുണ്ടായി. കണക്കു കൈകാര്യം ചെയ്യുന്നതിലും ആശയക്കുഴപ്പമുണ്ടായി. ഇതെല്ലാം പിന്മാറ്റത്തിനു കാരണമായെന്നാണു വിവരം.യുദ്ധംമൂലം ക്ഷാമമുണ്ടാകാതിരിക്കാൻ കൂടുതൽ ധാന്യം സംഭരിക്കാൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയം മാർച്ചിൽ തീരുമാനിച്ചിരുന്നു. എഫ്.സി.ഐ. ഗോഡൗണുകളിലെ ധാന്യം കൂടുതൽ ഏറ്റെടുത്ത് സംസ്ഥാനങ്ങൾ സ്വന്തം ഗോഡൗണിലേക്കു മാറ്റാനും നിർദേശിച്ചു.

ധാന്യശേഖരണവുമായി ബന്ധപ്പെട്ട് കേന്ദ്രം പുതിയ നിർദേശമൊന്നും നൽകിയിട്ടില്ല. കൂടുതൽ ധാന്യം സംഭരിക്കാനാവശ്യപ്പെട്ട് പഴയപോലെ എഫ്.സി.ഐ.യുടെയും സമ്മർദമില്ല. ഇതും വിതരണം ഒരുമാസത്തേക്കു ചുരുക്കാൻ കാരണമായി.

നീലക്കാർഡിനുള്ള അധിക അരിവിഹിതം നിർത്തി

നീലക്കാർഡിനുള്ള അധികവിഹിതവും നിർത്തി. പതിവു റേഷൻവിഹിതത്തിനു പുറമേ ഏപ്രിൽ മാസത്തിൽ രണ്ടുകിലോയും മേയിൽ മൂന്നുകിലോയും അധികവിഹിതം നീലക്കാർഡിനു ലഭിച്ചിരുന്നു. ഇത്തവണ പതിവു റേഷൻവിഹിതം മാത്രമേ നൽകൂ. നീലക്കാർഡിന് നാലുകിലോ അരിയാണു നൽകുക. ആട്ടവിഹിതം തുടരും. പിങ്ക്, നീല, വെള്ള കാർഡുകാർക്ക് നാലുപാക്കറ്റുവരെ ആട്ട സ്റ്റോക്കനുസരിച്ച് ലഭിക്കും. മഞ്ഞക്കാർഡിന് മൂന്നുപാക്കറ്റും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികളുടെ കാർഡിന് ഒരുകിലോ ആട്ടയുമാണു നൽകുക.