സുല്‍ത്താന്‍ബത്തേരി: ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയനും മകന്‍ ജിജേഷും ആത്മഹത്യചെയ്തകേസില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ഐ.സി. ബാലകൃഷ്ണനെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയായിരുന്നു. തുടര്‍ന്ന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. 

To advertise here,

നേരത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ സംയുക്ത അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. കേണിച്ചിറ പണപ്പാടിയിലെ വീട്ടില്‍ സംയുക്തസംഘം അന്വേഷണ ഉദ്യോഗസ്ഥന്‍ ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എം.എല്‍.എ.യെയുംകൂട്ടി എത്തിയ സംഘത്തിന് ആത്മഹത്യാപ്രേരണക്കേസുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം. ഉച്ചയ്ക്ക് ഒന്നരയോടെയെത്തിയ സംഘം 2.15-ഓടെ മടങ്ങി.

ആത്മഹത്യാപ്രേരണക്കേസില്‍ ഒന്നാംപ്രതിയായ എം.എല്‍.എ.യെ ലിമിറ്റഡ് കസ്റ്റഡിയില്‍ മൂന്ന് ദിവസം ചോദ്യംചെയ്തിരുന്നു. ലിമിറ്റഡ് കസ്റ്റഡി അവസാനിച്ച ശനിയാഴ്ച മിക്കവാറും എം.എല്‍.എ.യുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ ക്രൈംബ്രാഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍കുമാര്‍ അടക്കമുള്ള ആറംഗസംഘമാണ് വെള്ളിയാഴ്ച എം.എല്‍.എ.യെ ചോദ്യംചെയ്തത്. 

കേസിലെ മറ്റു പ്രതികളായ ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.കെ. ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റ് ലിമിറ്റഡ് കസ്റ്റഡി തീരുന്ന മൂന്നാംദിവസമാണ് രേഖപ്പെടുത്തിയത്. കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചതിനാല്‍ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.