മണ്ണാർക്കാട്(പാലക്കാട്): മലയോരപഞ്ചായത്തുകളിലെ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിന് വനാതിർത്തികളോടുചേർന്നുള്ള സ്ഥലങ്ങളിൽ പുതിയ കൃഷിരീതികൾ ആവിഷ്‌കരിക്കാൻ വനംവകുപ്പ്. 'കൃഷി പുനരുജ്ജീവനം' എന്നുപേരിട്ട പദ്ധതി സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്ന 203 പഞ്ചായത്തുകളിലാണ് നടപ്പിലാക്കുക. വന്യമൃഗങ്ങൾ നശിപ്പിക്കാത്തതും കർഷകർക്ക് മികച്ച വരുമാനം നൽകുന്നതുമായ കൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

To advertise here,

ആദ്യഘട്ടമായി തരിശടക്കയുള്ള സ്ഥലങ്ങളിൽ ചന്ദനം, തേക്ക്, ആഞ്ഞിലി തുടങ്ങിയ മരങ്ങൾ നടും.

പ്ലാവ് പോലുള്ള ഫലവൃക്ഷങ്ങളും വാഴകൃഷിയും കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളെ വനാതിർത്തികളിലേക്ക് ആകർഷിക്കാനുള്ള കാരണമാണിത്. ഓരോ പ്രദേശത്തേയും മണ്ണിന്റെ ഘടനയ്ക്കനുസരിച്ചാണ് തൈകൾ നടുക. മൂപ്പെത്തുമ്പോൾ മുറിച്ചുനീക്കാനും വിൽപ്പനയ്ക്കും ആവശ്യമായ സഹായം നൽകും. ന്യായവില ലഭിക്കുന്നതിന് സർക്കാർതന്നെ ലേലത്തിൽവെച്ച് വിറ്റഴിക്കും.

ഇതിനുപുറമെ, കൃഷിക്കും വളർത്തുമൃഗങ്ങൾക്കുമുള്ള ഇൻഷുറൻസ്, മൂല്യാധിഷ്ഠിത നഷ്ടപരിഹാരം തുടങ്ങിയവയും ലക്ഷ്യംവെക്കുന്നു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, പൗൾട്രി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി വിപുലീകരിക്കുക.

കർഷകർക്ക് ആവശ്യമായ ബോധവത്കരണവും നൽകുമെന്ന് പദ്ധതിയുടെ നോഡൽ ഓഫീസറായ പീരുമേട് റിസർച്ച് വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർ ജോബ് നേര്യമ്പറമ്പിൽ പറഞ്ഞു.