ബാഷര്‍ അല്‍ അസദ് ഭരണകൂടത്തെ അട്ടിമറിച്ച് സിറിയ കീഴടക്കിയ വിമതരെ തള്ളിപ്പറഞ്ഞില്ലെങ്കിലും അതിവേഗത്തിലുള്ള അവരുടെ നീക്കത്തെ യുഎസിനെയടക്കം അമ്പരപ്പിച്ചിട്ടുണ്ട്. വെറും 11 ദിവസം കൊണ്ടാണ് ബാഷര്‍ അല്‍ അസദില്‍നിന്ന് വിമതര്‍ രാജ്യംപിടിച്ചെടുത്തത്. ആഭ്യന്തരം യുദ്ധം ആരംഭിച്ച് 13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇത്തരമൊരു നീക്കം വിമതര്‍ നടത്തിയത്. അബു മുഹമ്മദ് അല്‍ ജൊലാനിയുടെ നേതൃത്വത്തില്‍ നടത്തിയ അതിവേഗ പദ്ധതിക്ക് ആറുമാസം മുമ്പ് തുര്‍ക്കിയുടെ അനുമതി ലഭിച്ചിരുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. വിവിധ നയതന്ത്രജ്ഞരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

To advertise here,

അസദിനെ മുമ്പ് സഹായിച്ചിരുന്നവരെല്ലാം അവരവരുടെ പ്രശ്‌നങ്ങളില്‍ അകപ്പെട്ടതോടെ വിമതരുടെ മിന്നല്‍മുന്നേറ്റം ലക്ഷ്യംകണ്ടു.  പ്രധാന സഖ്യകക്ഷികളായ ഇറാനും ലെബനനിലെ ഹിസ്ബുള്ളയും ഇസ്രായേലുമായുള്ള സംഘര്‍ഷത്താല്‍ ദുര്‍ബലമായിരുന്നു. ദീര്‍ഘകാലമായി യുക്രൈനുമായി യുദ്ധത്തിലേര്‍പ്പെട്ട റഷ്യയ്ക്കും സിറിയയിലുള്ള താത്പര്യം കുറഞ്ഞു. ദുര്‍ബലമായ സിറിയന്‍ സൈന്യത്തിനും വിമതരോട് പിടിച്ചുനില്‍ക്കാനായില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും തുര്‍ക്കിയെ അറിയിക്കാതെ വിമതര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നില്ലെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നയതന്ത്രജ്ഞര്‍ പറയുന്നത്.

വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ തുര്‍ക്കിയുടെ സൈന്യമുണ്ട്, ഇവര്‍ വിമതര്‍ക്ക് പിന്തുണ നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിമത സംഘടനയായ ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്) തലവന്‍ അബു മുഹമ്മദ് അല്‍ ജൊലാനിയാണ് തുര്‍ക്കിയടക്കമുള്ളവരുമായി ചേര്‍ന്നുള്ള പദ്ധതിക്ക് നേതൃത്വം നല്‍കിയതെന്നും നയതന്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

ജൊലാനിക്ക് അല്‍ഖ്വയ്ദയിലുണ്ടായിരുന്ന ബന്ധങ്ങളും നീക്കങ്ങള്‍ക്ക് ഉപയോഗിച്ചു. 

അഭയാര്‍ഥി പ്രവാഹം ഭയപ്പെട്ട് സിറിയയിലെ വിമതനീക്കങ്ങളെ ദീര്‍ഘകാലമായി എത്തിര്‍ത്തിരുന്ന തുര്‍ക്കി വടക്കുപടിഞ്ഞാറന്‍ സിറിയയിലെ പോരാട്ടം രൂക്ഷമാക്കാന്‍ 2020-ല്‍ റഷ്യയുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പാണ് അസദ് ഭരണകൂടവുമായി തുര്‍ക്കി അകന്നു തുടങ്ങിയത്. ഇത് മനസ്സിലാക്കിയായിരുന്നു വിമതരുടെ നീക്കം. സൈനിക സ്തംഭനാവസ്ഥയ്ക്ക് രാഷ്ട്രീയ പരിഹാരം മുന്നോട്ട് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടുള്ള   ഉർദുഗാന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളെ അസദ് നിരസിച്ചതിന് ശേഷമാണ് അകല്‍ച്ച വന്നത്.

ഇതോടെ തുര്‍ക്കിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വിമതര്‍ തങ്ങളുടെ നീക്കങ്ങള്‍ അറിയിക്കുകയും ഇടപെടരുത് എന്ന് അറിയിക്കുകയും ചെയ്തുവെന്നും നയതന്ത്രജ്ഞര്‍ പറയുന്നു. അസദ് ദുര്‍ബലമാണെന്ന് പൂര്‍ണ്ണമായും ഉറപ്പാക്കിയ ശേഷമായിരുന്നു വിമതരുടെ നീക്കങ്ങളെല്ലാം.

സിറിയയുടെ ദുര്‍ബലമായ സായുധ സേനയ്ക്ക് ചെറുത്തുനില്‍ക്കാനും കഴിഞ്ഞില്ല. അഴിമതിയും കൊള്ളയും കാരണം സിറിയന്‍ സൈന്യത്തിന് കാര്യമായ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വിമാനങ്ങളിലും ടാങ്കുകളിലും ഇന്ധനം പോലും ഉണ്ടായിരുന്നില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.