കായംകുളം: കൈയിലെ പണംതീർന്നതും ഒരാൾ നൽകിയ കൃത്യമായ വിവരവുമാണ്‌ നിഖിൽ തോമസ് പോലീസിന്റെ വലയിലാകാൻ കാരണം. മറ്റൊരു എസ്.എഫ്.ഐ. നേതാവിന്റെ ബന്ധുവാണ് നിഖിലിനെക്കുറിച്ച് പോലീസിനു വിവരം നൽകിയതെന്നു കരുതുന്നു.

To advertise here,

ചൊവ്വാഴ്ചയാണ് എം.എസ്.എം. കോളേജ് അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തത്. അതിനുമുമ്പുതന്നെ നിഖിൽ മുങ്ങിയിരുന്നു. ആദ്യം തിരുവനന്തപുരം ഭാഗത്തേക്കാണു പോയത്. അവിടെ എസ്.എഫ്.ഐ. നേതാക്കളിൽ ആരുടെയെങ്കിലും സഹായം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പോലീസ് കേസെടുത്തതോടെ ആരും സഹായിക്കാൻ തയ്യാറായില്ല.

തുടർന്ന്, കോഴിക്കോട്ടേക്ക് ബസിൽ പോയി. വീട്ടിൽനിന്നു സംഘടിപ്പിച്ച 5,000 രൂപയായിരുന്നു ആകെയുണ്ടായിരുന്നത്. ഇതിനിടെ നിഖിലിനെ സഹായിക്കാൻ സാധ്യതയുള്ളവരെല്ലാം പോലീസ് വലയിലായി. ഇയാളുമായി അടുപ്പമുള്ള കായംകുളത്തെ യുവ അഭിഭാഷകനെയും സി.പി.എം. ഏരിയ കമ്മിറ്റിയംഗത്തെയും സ്‌റ്റേഷനിൽ വിളിച്ചുവരുത്തി.

വെള്ളിയാഴ്ച രാത്രി സി.പി.എം. ഏരിയ കമ്മിറ്റി അംഗത്തെയും മകനെയുമുൾപ്പെടെ മൂന്നുപേരെ അരൂർഭാഗത്തുനിന്നു പിടികൂടി. പിന്നീട് നിഖിലുമായി അടുപ്പമുള്ള ഒരു എസ്.എഫ്.ഐ. നേതാവിനെ വർക്കലയിൽനിന്നു പിടികൂടി. നിഖിലിനു സഹായംകിട്ടാനുള്ള വഴികളെല്ലാം അടയുകയായിരുന്നു.

അതിനിടെയാണ് നിഖിൽ കോഴിക്കോട്ടുനിന്നു തിരുവനന്തപുരം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്യുന്ന രഹസ്യവിവരം ഒരാൾ അറിയിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നിത്. എം.സി.റോഡ് വഴിയുള്ള കെ.എസ്.ആർ.ടി.സി. ലോഫ്‌ളോർ ബസിലാണ് നിഖിലിന്റെ യാത്രയെന്നു പോലീസ് മനസ്സിലാക്കി. തുടർന്ന് മൂന്നു സംഘങ്ങളായി തിരിഞ്ഞ് കെ.എസ്.ആർ.ടി.സി.യുടെ അടൂർ, തിരുവല്ല, കോട്ടയം സ്റ്റാൻഡുകളിൽ മഫ്തിയിൽ പരിശോധന നടത്തി. ശനിയാഴ്ച പുലർച്ചേ ഒരുമണിയോടെ കോട്ടയം സ്റ്റാൻഡിൽനിന്ന് നിഖിലിനെ പിടികൂടി. ‌

കോഴിക്കോട്ടുനിന്നു കൊട്ടാരക്കരയ്ക്കാണ് ടിക്കറ്റെടുത്തിരുന്നത്. പിടികൂടുമ്പോൾ നിഖിലിന്റെ കൈവശം 210 രൂപ മാത്രമാണുണ്ടായിരുന്നത്. പണം തീർന്നതിനെത്തുടർന്ന് തിരികെവരുകയായിരുന്നുവെന്നാണു നിഖിൽ പോലീസിനോടു പറഞ്ഞത്. അടൂരിലിറങ്ങാനാണ് ഉദ്ദേശിച്ചിരുന്നുതെങ്കിലും അവിടെ സ്‌റ്റോപ്പില്ലാത്തതിനാൽ കൊട്ടാരക്കരയ്ക്കു ടിക്കറ്റെടുക്കുകയായിരുന്നു. കോഴിക്കോട്ട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലാണ് കിടന്നുറങ്ങിയതെന്നും നിഖിൽ പറഞ്ഞു.