തിരുവനന്തപുരം: നെട്ടയത്ത് വീട്ടമ്മയെ ക്രൂരമര്‍ദനത്തിനിരയാക്കിയ കേസിലെ പ്രതികളെ പിടികൂടി. നെട്ടയം സ്വദേശികളായ സന്തോഷ്, മഹേഷ് എന്നിവരെയാണ് വട്ടിയൂര്‍ക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്.    മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ നേരത്തേ സാമൂഹിക മാധ്യമങ്ങളിലൂടേയും മറ്റും പുറത്തുവന്നിരുന്നു. 

To advertise here,

വട്ടിയൂര്‍ക്കാവ് നെട്ടയം പോളിടെക്‌നിക് കോളേജിനു സമീപത്തുനിന്ന് ഇന്ന് രാവിലെയോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പ്‌ ചുമത്തി കേസെടുക്കാനാണ് പോലീസിന്റെ നീക്കം. 

കഴിഞ്ഞ ദിവസമാണ് പ്രതികള്‍ വീട്ടമ്മയായ ആശയെ ക്രൂരമായി കൈയേറ്റം ചെയ്തത്. ആശയുടെ വീടിനടുത്ത സ്ഥലം മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ആശയുടെ വീടിനു മുന്നിലൂടെയാണ് മണ്ണുമായി ടിപ്പര്‍ ലോറി കടന്നുപോയിരുന്നത്. ഇതുമൂലം വ്യാപകമായ പൊടിശല്യമുണ്ടാകുകയും ആശയുടെ വീട്ടിലേക്കുള്ള വഴികള്‍ തകരുകയും ചെയ്തു. ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കി.

 പരാതിയില്‍ ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശ ടിപ്പര്‍ ലോറി തടഞ്ഞ് സമരം ചെയ്തു. വഴി തടഞ്ഞ ആശയെ ടിപ്പര്‍ ലോറിയില്‍നിന്ന് ഇറങ്ങിവന്ന് സന്തോഷും മഹേഷും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആശയെ നിലത്ത് തള്ളിയിട്ട് വലിച്ചിഴക്കുകയും ചെയ്തു. നാട്ടുകാര്‍ എത്തി പിന്തിരിപ്പിക്കുന്നതുവരെ മര്‍ദനം തുടര്‍ന്നു. പിന്നാലെ ആശ പോലീസില്‍ നല്‍കിയ പരാതിയില്‍ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.