
പ്രതികളുടെ വാഹനത്തിന്റെ സിസിടിവി ദൃശ്യം | Screengrab: Mathrubhumi News
തൃശ്ശൂര്‍: ജനനേന്ദ്രിയം തകര്‍ത്ത്, കണ്ണ് കുത്തിപ്പൊട്ടിച്ച് 47-കാരനെ ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അഗതിമന്ദിരം നടത്തിപ്പുകാരനും സഹായികളും അറസ്റ്റില്‍. എറണാകുളം കൂനംമാവ് ഇവാഞ്ചലോ ആശ്രമം നടത്തിപ്പുകാരനായ അമല്‍, സഹായികളായ നിധിന്‍, ആരോമല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ആലപ്പുഴ അരൂര്‍ സ്വദേശിയായ സുദര്‍ശനനെയാണ് ഒക്ടോബര്‍ 21-ന് കൊടുങ്ങല്ലൂര്‍ പടിഞ്ഞാറേനടയിലുള്ള പണിക്കേഴ്സ് ഹാളിനു മുന്‍വശത്തെ ബസ്സ്റ്റോപ്പില്‍ നഗ്‌നനായി, അവശനിലയില്‍ കണ്ടെത്തിയത്. പിന്നീട് പോലീസെത്തി ഇയാളെ താലൂക്ക് ആശുപത്രിയിലാക്കി. പരിക്കുകള്‍ ഗുരുതരമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇയാളുടെ ജനനേന്ദ്രിയം തകര്‍ന്നനിലയിലായിരുന്നു. അണുബാധയെത്തുടര്‍ന്ന് ജനനേന്ദ്രിയം പിന്നീട് ശസ്ത്രക്രിയചെയ്ത് നീക്കി. ഒരു കണ്ണ് കുത്തിപ്പൊട്ടിച്ചനിലയിലായിരുന്നു. മുറിവുകള്‍ക്കെല്ലാം രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാല്‍ സുദര്‍ശനന്‍ തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററിലാണ്.
ഒന്നില്‍കൂടുതല്‍ ആളുകള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിന്റെ ലക്ഷണങ്ങളാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതെന്ന് പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനിടെയാണ് സുദര്‍ശനനെ വഴിയില്‍ ഉപേക്ഷിച്ച് മടങ്ങിയവര്‍ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഗതിമന്ദിരം നടത്തിപ്പുകാരനായ അമലിനെയും സഹായികളെയും പോലീസ് അറസ്റ്റ്‌ചെയ്തത്.
അഗതിമന്ദിരത്തിലെ മറ്റുഅന്തേവാസികള്‍ ചേര്‍ന്നാണ് സുദര്‍ശനനെ ക്രൂരമായി മര്‍ദിച്ചതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് അഗതിമന്ദിരം നടത്തിപ്പുകാര്‍ ചികിത്സ നല്‍കാതെ സുദര്‍ശനെ കാറില്‍ കയറ്റി കൊടുങ്ങല്ലൂരില്‍ എത്തിച്ച് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, അറസ്റ്റിലായ പ്രതികള്‍ പോലീസിനോട് കുറ്റംസമ്മതിച്ചിട്ടില്ല.
2013-ല്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ചേര്‍ത്തല താലൂക്കിലെ കുത്തിയതോട് നാളികാട്ട് കൊച്ചുതറയില്‍ മുനീറി(33)നെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സഹോദരന്മാരോടൊപ്പം പ്രതിയായിരുന്നു സുദര്‍ശനന്‍. അതിര്‍ത്തിത്തര്‍ക്കം ആയിരുന്നു കൊലപാതകത്തിന് കാരണം. റിമാന്‍ഡിലായി ജയിലില്‍ കിടന്നശേഷം കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. എറണാകുളം സിറ്റി പോലീസ് സ്റ്റേഷനിലുള്‍പ്പെടെ മറ്റു അഞ്ച് കേസുകളില്‍ സുദര്‍ശനന്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞിരുന്നു. അതിനാല്‍ ഈ കേസുകളിലെ പ്രതികാരത്തിന്റെ ഭാഗമായാണോ സുദര്‍ശനനെ ആക്രമിച്ചതെന്നും നേരത്തേ സംശയമുണ്ടായിരുന്നു.
Content Highlights: Ashram operators and helpers arrested for brutally assaulting a 47-year-old man, leaving him with severe injuries. Police investigating motive and further involvement.
Published: 28 Oct 2025, 07:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented