കാഞ്ഞങ്ങാട്: കാല്‍ലക്ഷവും അതില്‍ കൂടുതലും തുക ചെലവിട്ട് എ.സി. വാങ്ങണമെന്നില്ല, മിനക്കെട്ടാല്‍ 2,000 രൂപ കൊണ്ടും മുറി ശീതീകരിക്കാം. വെറുതേ പറയുകയല്ല, ഹൊസ്ദുര്‍ഗ് പോലീസ് ഇത് കാണിച്ചുതരുന്നു. വിയര്‍ത്തൊലിച്ച് പണിയെടുക്കേണ്ടിവന്ന ദുരവസ്ഥയില്‍നിന്ന് ശരീരത്തിനും മനസ്സിനും കുളിര്‍മയേകുന്നതിലേക്കെത്തിച്ച കുഞ്ഞുവിദ്യ. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്റെ ഒന്നാംനിലയുടെ തെക്ക്-കിഴക്ക് മൂലയിലെ നീളമുള്ള മുറി. 14 പോലീസുകാര്‍ ഒരേസമയം ഇവിടെയിരുന്ന് കേസെഴുതുന്നു. ആസ്ബസ്റ്റോസ് ഷീറ്റാണ് ഈ മുറിയുടെ മേല്‍ക്കൂര. ഓരോ ദിവസവും ചൂട് കൂടിവരുമ്പോള്‍ ജോലിചെയ്യാനാകാത്ത അവസ്ഥ. ഇടതടവില്ലാതെ എടുത്താലേ പണിതീരൂ. അത്രയ്ക്ക് കേസുകളുണ്ടിവിടെ.

To advertise here,

മേടച്ചൂട് കഠിനമായപ്പോള്‍ മുറിക്ക് 'തീച്ചൂള' എന്ന പേരും വീണു. 'തീച്ചൂള'യിലിരുന്ന് പണിയെടുക്കാന്‍ എന്തായാലും കഴിയില്ലെന്ന സ്ഥിതി വന്നപ്പോള്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍.ഇബ്രാഹിംകുട്ടി, പി.ജിതിന്‍ മോഹന്‍, കെ.അജിത്ത്, വി.സി.സനിത്ത്, പി.ഷിജിത്ത് എന്നിവര്‍ക്കിടയില്‍ ചില ആശയങ്ങളുണ്ടായി. ആസ്ബസ്റ്റോസിന് മേല്‍ ചാക്ക് വിരിച്ചാലോയെന്ന ചിന്തയായിരുന്നു ആദ്യം. അത് കാറ്റില്‍ പാറുമെന്ന് പറഞ്ഞപ്പോള്‍ അതിനുമേല്‍ വല വിരിക്കാമെന്നായി. ചാക്കും അതിനുമുകളില്‍ പച്ചവലയും വിരിച്ചപ്പോഴാണ് മറ്റൊരു യുക്തിയുദിച്ചത്. രണ്ട് സ്പ്രിംഗ്ളര്‍ സ്ഥാപിച്ച് വെള്ളം ചിതറിക്കുക. അതുകൂടി ചെയ്തു.

കുടിവെള്ള ടാങ്കിലേക്കുള്ള പൈപ്പില്‍നിന്ന് മറ്റൊരു ചെറിയൊരു പൈപ്പ് ബന്ധിപ്പിച്ച് ചാക്കും വലയും വിരിച്ച ഭാഗത്തേക്ക് നീട്ടി. ടാങ്കിലേക്ക് വെള്ളം നിറയ്ക്കാന്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഇവിടെ സ്ഥാപിച്ച സ്പ്രിംഗ്ളര്‍ കറങ്ങുകയും വെള്ളം ചിതറുകയും ചെയ്യും. പത്തോ പതിനഞ്ചോ മിനുട്ട് ഇങ്ങനെ വെള്ളം ചിതറിയാല്‍ നാലോ അഞ്ചോ മണിക്കൂര്‍ നേരത്തേക്ക് മുറിയില്‍ നല്ല തണുപ്പ്.

വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന വകുപ്പ് മന്ത്രിയുടെ അഭ്യര്‍ഥന അക്ഷരംപ്രതി പാലിച്ചുവെന്ന് പറഞ്ഞ്, സ്ഥിരമായി കറങ്ങിക്കൊണ്ടിരുന്ന മൂന്ന് ഫാനും ഓഫാക്കിയതിലേക്ക് വിരല്‍ ചൂണ്ടുന്നു ഇവര്‍. വീട്ടിലെ ടെറസിനു മുകളിലും ഇതേ രീതി ഉപയോഗിച്ചാല്‍ അകം നിറയെ ശീതീകരിക്കപ്പെടുമെന്നും പോലീസുകാര്‍ പറയുന്നു