മലപ്പുറം: വീട്ടില്‍ പ്രസവിച്ചതിനെത്തുടര്‍ന്ന് രക്തസ്രാവംമൂലം പെരുമ്പാവൂര്‍ കൊപ്പറമ്പില്‍ അസ്മ (35) മരിച്ച കേസില്‍ ഭര്‍ത്താവ് ആലപ്പുഴ വണ്ടാനം സ്വദേശിയും മതപ്രഭാഷകനുമായ സിറാജുദ്ദീനെ (39) മലപ്പുറം പോലീസ് അറസ്റ്റുചെയ്തു. കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ തിങ്കളാഴ്ച വീട്ടിലെത്തിച്ച് തെളിവെടുത്തു.

To advertise here,

പ്രസവം നടന്ന, ചട്ടിപ്പറമ്പിലെ വീട്ടിലെത്തിച്ച പ്രതി മറുപിള്ളയും രക്തംകലര്‍ന്ന തുണികളും കുഴിച്ചിട്ട സ്ഥലം പോലീസിന് കാണിച്ചുകൊടുത്തു. ഫൊറന്‍സിക് വിഭാഗം അവശിഷ്ടങ്ങള്‍ ശേഖരിച്ചു. കുഴിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്തു.

വീട്ടില്‍ പ്രസവിക്കുന്നത് കുറ്റകരമല്ലെങ്കിലും ചികിത്സ നല്‍കാത്തതിനാല്‍ അമ്മയ്‌ക്കോ കുഞ്ഞിനോ അപകടമുണ്ടായാല്‍ അത് ക്രിമിനല്‍ കുറ്റമാണെന്ന് പോലീസ് പറഞ്ഞു. അതനുസരിച്ചാണ് കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുള്ളത്.

ഏഴാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സിറാജുദ്ദീന്‍ അക്യുപങ്ചര്‍ പഠിച്ചാണ് ചികിത്സിച്ചിരുന്നത്. ഭാര്യ അസ്മയും ഇത് പഠിച്ചിരുന്നു. ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ പ്രസവിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്നാണ് മരണം. ഇയാളെ സഹായിച്ചവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. വൈകാതെ ഇവരെയും ചോദ്യംചെയ്യും. മലപ്പുറം ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുക്കല്‍.

സാമൂഹികമാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേകസംഘം

സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജചികിത്സാ പ്രചാരണം നടത്തുന്നവരെ നിരീക്ഷിക്കാന്‍ പോലീസ് പ്രത്യേകസംഘം രൂപവത്കരിച്ചു. ചികിത്സിക്കാന്‍ യോഗ്യതയില്ലാത്ത ഒട്ടേറേപ്പേര്‍ രംഗത്തുള്ളതായി പോലീസിന് വിവരമുണ്ട്. അതിന് പ്രചാരംനല്‍കാന്‍ സാമൂഹികമാധ്യമങ്ങളില്‍ വീഡിയോയും ചിത്രങ്ങളും നല്‍കുന്നു. ഇവരെ പ്രോത്സാഹിപ്പിക്കാനും ചിലര്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരക്കാരെ നിരീക്ഷിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.

വീട്ടിലെ പ്രസവത്തെപ്പറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാജോര്‍ജും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊതുജനാരോഗ്യനിയമം, ഭാരതീയ ന്യായസംഹിത എന്നിവപ്രകാരം അത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാനാകും.

അശാസ്ത്രീയമാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവനു ഭീഷണിയാണ്. സംസ്ഥാനത്ത് വര്‍ഷം 400-ഓളം പ്രസവം വീടുകളില്‍ നടക്കുന്നുണ്ട്. ഈ വര്‍ഷം ഫെബ്രുവരിവരെ 2,94,058 പ്രസവം നടന്നതില്‍ 382 എണ്ണം വീടുകളിലായിരുന്നു. അതിഥിത്തൊഴിലാളികളുടെ ഇടയിലും ആദിവാസിമേഖലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട്. ഇതിന്റെ കാര്യകാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.

ജനപ്രതിനിധികളുടെയും സമുദായിക സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ വീട്ടിലെ പ്രസവത്തിന്റെ ദോഷവശങ്ങളെപ്പറ്റി ബോധവത്കരണം ശക്തമാക്കും. ഓരോ പ്രദേശത്തിന്റെയും കൃത്യമായ വിവരങ്ങളും കാരണങ്ങളും ശേഖരിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി.

വീട്ടിലെ പ്രസവത്തിനു പിന്നില്‍ ഏതെങ്കിലും രഹസ്യ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന കാര്യവും വിശദമായി അന്വേഷിക്കുമെന്നും കുറ്റസമ്മതമൊഴിയില്‍ പ്രതി ഇത്തരം കാര്യം പറയുന്നുണ്ടെന്നും മലപ്പുറം എസ്.പി. ആര്‍. വിശ്വനാഥ് പറഞ്ഞിരുന്നു.