കോഴിക്കോട്: ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ സ്വമേധയാ കേസെടുക്കാൻ സാധിക്കില്ലെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. മൊഴി നൽകിയവർ പരാതിയുമായി മുമ്പോട്ട് വരണമെന്നും റിപ്പോർട്ടിൽ നിയമപരമായ സാധ്യത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി വനിതാകമ്മിഷനെ കക്ഷി ചേർത്ത സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

To advertise here,

പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി കമ്മിഷനെ കക്ഷി ചേർത്ത വിവരം മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. ഇത് സംബന്ധിച്ച നോട്ടീസ് ലഭിച്ചിട്ടില്ല. നോട്ടീസ് ലഭിച്ചാൽ ഹൈക്കോടതി പറഞ്ഞിരിക്കുന്ന പ്രകാരം എന്തൊക്കെ ചെയ്യാൻ കഴിയുമോ അത് ചെയ്യും. വിഷയത്തിൽ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ കക്ഷി ചേർക്കാൻ ആവശ്യപ്പെട്ട് കമ്മിഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമാ മേഖലയുൾപ്പെടെ എല്ലാ തൊഴിൽ മേഖലകളിലും സ്ത്രീകൾക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജോലിചെയ്യാൻ സാഹചര്യമൊരുക്കുന്നതിനെ കമ്മീഷൻ പിന്തുണക്കും.

സിനിമാ മേഖലയിൽ ഒട്ടനവധി പ്രശ്നങ്ങളുണ്ട്. അതിന് പരിഹാരവും വേണം. പക്ഷേ നിലവിലെ നിയമവ്യവസ്ഥയിൽ സ്വമേധയാ കേസെടുക്കാൻ കഴിയില്ല. മൊഴികൾ നൽകിയവർ പരാതി നൽകാൻ മുന്നോട്ടു വരണം. ഏതു തൊഴിൽ മേഖലയിലും ഇതുപോലെ സ്ത്രീകൾ ധൈര്യത്തോടെ പരാതിപ്പെടാൻ മുന്നോട്ടു വരണമെന്നാണ് കമ്മീഷൻ നിലപാടെന്നും സതീദേവി പറഞ്ഞു.