
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ. വിതുര, പൊന്‍മുടി, നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴ പല സ്ഥലത്തും വലിയ നാശനഷ്ടമുണ്ടായി. നെയ്യാറ്റിന്‍കര കൂട്ടപ്പനയില്‍ മരുത്തൂര്‍ പാലത്തിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു. പാലത്തിന്റെ ഒരു വശത്തുള്ള റോഡും ഭാഗികമായി ഇടിഞ്ഞു താഴ്ന്നു. പാലത്തിന്റെ തകരാർ കാരണം തിരുവനന്തപുരത്തേക്കും നാഗര്‍കോവിലിലേക്കുമുള്ള വാഹനങ്ങള്‍ ഓലത്താന്നി വഴി തിരിച്ചുവിടുകയാണ്. അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 220 സെന്റിമീറ്റര്‍ ഉയര്‍ത്തി.
ജില്ലയിലെ തീരദേശ മേഖലയിലും കനത്ത മഴ തുടരുകയാണ്. വിഴിഞ്ഞത്ത് ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ പരക്കേ നാശനഷ്ടങ്ങളുണ്ടായി. ശക്തമായ മഴയില്‍ വിഴിഞ്ഞം ഫിഷറീസ് ലാന്‍ഡിന് സമീപത്ത് വെള്ളം കയറി നിരവധി കടകള്‍ വെള്ളത്തിലായി. മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും കാര്യമായ കേടുപാടുകളുണ്ടായി. കോവളത്ത് വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് നാശനഷ്ടമുണ്ടായി.
നാഗര്‍കോവിലിന് സമീപം ഇരണിയിലില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. ഇതോടെ തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. നാളത്തെ ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്‌സ്‌പ്രെസ് റദ്ദാക്കി.
ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്ത് ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ നിർദേശിച്ചു.
അതേസമയം അടുത്ത 12 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദം മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരും. ശക്തികൂടി ഇത് തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അറബിക്കടലില്‍ ഇപ്പോഴും ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Content Highlights: Heavy rains in thiruvananthapuram district on high alert says collector
Published: 13 Nov 2021, 10:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented