
തെന്മല: കനത്ത മഴയിൽ ആര്യങ്കാവിനോടു ചേർന്നുള്ള റോസ്‌മല ഗ്രാമം ഒറ്റപ്പെട്ടു. വ്യാഴാഴ്ച രാത്രിമുതൽ പെയ്ത മഴ വെള്ളിയാഴ്ച രാവിലെ ശക്തിയാർജിച്ചതോടെ ആര്യങ്കാവിൽനിന്ന് റോസ്‌മലയിലേക്കുള്ള പത്തുകിലോമീറ്റർ വനപാതയിൽ പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായി.
പാതയിലെ മഞ്ഞത്തേരി, വിളക്കുമരം ചപ്പാത്തുകളിൽ ശക്തമായ നീരൊഴുക്ക് അനുഭവപ്പെട്ടതോടെ ഗതാഗതം പൂർണമായും നിലച്ചു. വെള്ളിയാഴ്ച രാവിലെ 7.40-ന് റോസ്‌മലയിൽനിന്ന് ആര്യങ്കാവിലേക്കുവന്ന കെ.എസ്.ആർ.ടി.സി.ബസ് മഞ്ഞത്തേരി ചപ്പാത്ത് കടക്കാനാകാതെ അഞ്ചുമണിക്കൂർ വനത്തിൽ കുടുങ്ങി.
ചപ്പാത്ത് കുറുകേ കടക്കാനാകാതെ, പാതയുടെ ഇരുഭാഗങ്ങളിലുമായി ഒട്ടേറെ വാഹനങ്ങൾ നിർത്തിയിട്ടു. ബസിൽ റോസ്‌മലയിൽനിന്നുള്ള 15 വിദ്യാർഥികളുൾപ്പെടെ 27 പേരുണ്ടായിരുന്നു. ആര്യങ്കാവിൽ ബസ് എത്തിച്ചേരേണ്ട സമയമായിട്ടും വരാത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വനപാതയിൽ കുടുങ്ങിയതായി മനസ്സിലായത്.
ഇടുങ്ങിയ വഴിയായതിനാൽ ഭാഗത്ത് വാഹനങ്ങൾ തിരിക്കാനും കഴിഞ്ഞില്ല. അഞ്ചുമണിക്കൂറോളം കനത്ത മഴയും മഞ്ഞും അതിജീവിച്ചാണ് കുട്ടികളടക്കം ബസിൽ കഴിച്ചുകൂട്ടിയത്. പിന്നീട് ഉച്ചയ്ക്ക് വെള്ളമൊഴുക്ക് കുറഞ്ഞതോടെ വലിയ വാഹനങ്ങൾക്ക് പോകാനായി. സ്ഥിരമായി പോകുന്ന പാതയായതിനാൽ ആശങ്കയില്ലായിരുന്നെന്ന് കെ.എസ്.ആർ.ടി.സി. ജീവനക്കാരായ മുരുകയ്യായും സജിമോനും പറയുന്നു.
രാവിലെ പരീക്ഷയെഴുതാൻ സാധിക്കാത്ത കുട്ടികൾക്കായി സ്കൂൾ അധികൃതർ ഉച്ചകഴിഞ്ഞ് പ്രത്യേക ക്രമീകരണമേർപ്പെടുത്തിയത് ആശ്വാസമായി.
സന്ദർശകർക്ക് വിലക്ക്
വ്യാഴാഴ്ച വൈകീട്ട് തുടങ്ങിയ മഴ രാത്രിയിലും നീണ്ടു. ആര്യങ്കാവിൽ വെള്ളിയാഴ്ച ഉച്ചവരെ 150 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. പുനലൂരിൽ 62.4 മില്ലീമീറ്റർ മഴയും പെയ്തു. പാലരുവി വെള്ളച്ചാട്ടത്തിൽ സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല. കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
പുനലൂരിൽ 15.720 മീറ്ററും പട്ടാഴിയിൽ 2.840 മീറ്ററുമാണ് കേന്ദ്ര ജല കമ്മിഷൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് രേഖപ്പെടുത്തിയ ജലനിരപ്പ്.
കല്ലട അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തും
കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായതിനെത്തുടർന്ന് കല്ലട (പരപ്പാർ) അണക്കെട്ടിലെ ജലനിരപ്പ് പൂർണസംഭരണശേഷിയിലേക്ക് അടുക്കുന്നു. 115.82 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ വെള്ളിയാഴ്ച വൈകീട്ട് ജലനിരപ്പ് 114.53 മീറ്ററിലെത്തി. ഇതോടെ ശനിയാഴ്ച രാവിലെ 11-ന് മൂന്നു ഷട്ടറുകളും അഞ്ചുസെന്റീമീറ്റർ വീതം ഉയർത്തും.
ഘട്ടംഘട്ടമായി 60 സെന്റീമീറ്റർവരെ ഉയർത്താനാണ് അനുമതിയുള്ളത്. മണിക്കൂറിൽ നാലുസെന്റീമീറ്റർ എന്ന തോതിൽ അണക്കെട്ടിലേക്ക് വൃഷ്ടിപ്രദേശങ്ങളിൽനിന്ന് വെള്ളം ഒഴുകിയെത്തുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ 113.87 മീറ്ററായിരുന്നു ജലനിരപ്പ്.
അണക്കെട്ടിന്റെ പോഷകനദികളായ കഴുതുരുട്ടി, കുളത്തൂപ്പുഴ ആറുകളിൽനിന്ന് വ്യാഴാഴ്ച രാത്രിമുതൽ അതിശക്തമായി വെള്ളം ഒഴുകിയെത്തുന്നുണ്ട്.
കഴിഞ്ഞദിവസം അണക്കെട്ടിന്റെ പരിസരത്ത് 60 മില്ലിമീറ്റർ മഴയാണ് ലഭിച്ചിട്ടുള്ളത്. ഷട്ടറുകൾ തുറക്കുന്നതോടെ കല്ലടയാറ്റിൽ ജലനിരപ്പ് ഉയരും. അതിനാൽ ആറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.
Content Highlights: Heavy rain isolates Rosemala village near Aryankavu. KSRTC bus stranded, students affected
Published: 14 Dec 2024, 08:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented