ജലസ്രോതസുകളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ ക്രിമിനൽ കുറ്റമാക്കി ജയിലിൽ ഇടണം. ഫൈൻ മാത്രം പോര.

കേരളത്തിൽ ഇടക്കിടെ പ്രളയമുണ്ടാകുമ്പോൾ ഉയർന്നുവരുന്ന ഒരു പരിഹാരമാണ് റും ഫോർ റിവർ എന്ന നെതർലൻഡ്‌സിൽ നടപ്പാക്കിയ പദ്ധതി. 2018-ലെ പ്രളയത്തിനുശേഷം കേരളത്തിൽനിന്ന് ഉന്നതതല സംഘം നെതർലൻഡ്‌സിൽ പഠനത്തിനായി പോയിരുന്നു. അവിടെനിന്നു സാങ്കേതിക വിദഗ്ധർ കേരളത്തിലും ചർച്ചകൾക്ക് വന്നിരുന്നു. അതോടൊപ്പം മദ്രാസ് ഐ.ഐ.ടിയുടെ പഠന റിപ്പോർട്ടും ഉണ്ടായി. റൂം ഫോർ റിവർ പദ്ധതിയുടെ അപ്രായോഗിതകളാണ് റിപ്പോർട്ടിലുള്ളത്. അതേസമയം, ഭാഗികമായി ചില കാര്യങ്ങൾ പറയുന്നുണ്ട്. അവയൊന്നും റൂം ഫോർ റിവർ എന്ന പദ്ധതിയുമായി ബന്ധമില്ല. കരളത്തിലെ മൂന്നര കോടിയിലധികം വരുന്ന ജനങ്ങളെ ഇടയ്ക്കിടെ ബാധിക്കുന്ന പ്രളയവും വരൾച്ചയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. അവയെ പരസ്പരം ബന്ധിപ്പിക്കുന്ന ശാസ്ത്രസാങ്കേതിക പരിഹാരമാണ് പ്രധാനം. അതുകൊണ്ടുതന്നെ വിപുലമായ ചർച്ചകൾ ആവശ്യമാണ്.
റൂം ഫോർ റിവർ പദ്ധതി ചർച്ച ചെയ്യുമ്പോൾ കേരളത്തിലെയും നെതർലൻഡ്‌സിന്റെയും ഭൂപ്രകൃതിയും ജലശാസ്ത്രവും ഹൂമൻ സെറ്റിൽമെന്റ് രീതികളും വിലയിരുത്തുന്നത് നന്നായിരിക്കും. തികച്ചും തനതായ പ്രകൃതി ഘടകങ്ങളും ചെരിവിന് വളരെയധികം പ്രാധാന്യമുള്ളതും സവിശേഷമായ ഹൈഡ്രോളജി, പോട്ടമോളജി, ജിയോ മോർഫോളജി, ജിയോളജി, ലിമ്‌നോളജി ഹാബിറ്റാറ്റ് രീതികളും ഉള്ള കേരളത്തിൽ ഈ പദ്ധതി പ്രായോഗികമല്ല. കിഴക്ക് സഹ്യാദ്രി മലനിരകളിൽനിന്ന് ഉൽഭവിക്കുന്ന, കേരളത്തിലൂടെ ഒഴുകുന്ന 41 നദികളും പടിഞ്ഞാറ് കായലുകളിലും കടലിലുമാണ് ചേരുന്നത്.
വികസനപ്രവർത്തങ്ങളും റോഡുകളുമെല്ലാം നീരൊഴുക്ക് വ്യവസ്ഥയെ മുറിച്ചുകൊണ്ട് തെക്കുനിന്നു വടക്കോട്ട് എന്ന ക്രമത്തിലാണ് കടൽനിരപ്പിന് താഴെയുള്ള കുട്ടനാട് മുതൽ 2695 മീറ്റർ ഉയരമുളള ആനമുടി പർവ്വതനിരവരെ ചേരുന്നതാണ് കേരളം. മലനിരകളാവട്ടെ വളരെ ചെങ്കുത്തായ കുന്നുകളാണ്. ഓരോ നദിയും നിരവധി ഒന്നാം നിര, രണ്ടാം നിര, മൂന്നാം നിര, നാലാം നിര വരെയുള്ള ചെറുതും വലുതുമായ തോടുകളും ചാലുകളും ചേരുന്ന നീരൊഴുക്ക് വ്യവസ്ഥയാണ്.
നെതർലൻഡ്‌സിലെ പ്രധാനനദികൾ താഴ്ന്ന ഗ്രേഡിയന്റ്, വലിയ ഡൽറ്റ സിസ്റ്റം, വിശാലമായ പ്രളയതടം എന്നിവ ഉള്ളവയാണ്. അതുപോലെ ഡ്രയിനേജ് പാറ്റേൺ ഇന്റർ കണക്ടാണ്. നിരപ്പായ പ്രതലത്തിലൂടെ ഒഴുകുന്ന നദിക്കു ചുറ്റും വശങ്ങളിലും ചതുരാകൃതിയിലും റൂം ഫോർ റിവർ പ്രായോഗികമാണ്. കേരളത്തിൽ പ്രധാനപ്പെട്ട എല്ലാ നദികളും ഉത്ഭവിക്കുന്നത് മലനിരകളിൽനിന്നാണ്. ശരാശരി നീളം 100 കിലോ മീറ്ററും വീതി 100 മീറ്ററുമാണ്. കുത്തനെ ചെരിവുള്ള മലനിരകളിലെ വിവിധ ഭാഗങ്ങളിൽ വീഴുന്ന മഴവെള്ളം കുത്തിയൊലിച്ച് 'V' ആകൃതിയിലുള്ള താഴ്‌വരകൾ രൂപപ്പെട്ട് അതിലൂടെയാണ് താഴേക്കു പതിക്കുന്നത്.
വളരെ ഇടുങ്ങിയതും ഉയരമുള്ളതുമായ പ്രതലങ്ങളായ മലനാട്ടിലൂടെ വരുന്ന നദികളിലെ നീരൊഴുക്ക് ഗതിവേഗം വളരെ കൂടുതലാണ്. മലനാട് കഴിയുമ്പോൾ ഗ്രേഡിയന്റ് കുറഞ്ഞ് നദി 'U' ആകൃതിയിലുള്ള മിയാൻഡറിംഗ് പ്രക്രിയയിലേക്ക് കടക്കും. തുടർന്ന് നദിയുടെ വളവിന്റെ പുറംഭാഗം മണ്ണൊലിപ്പും അകംഭാഗം മണ്ണ് നിറഞ്ഞും കാണപ്പെടും. അവിടെ നദികളിൽനിന്നു വെള്ളം പുറത്തേക്ക് ഒഴുകാൻ ഡിസ്ട്രിബ്യൂട്ടറി തോടുകളും ചാലുകളും ഇടനാട്ടിലെ ഡിസ്ട്രിബ്യൂട്ടറികളും ചേരുന്ന സവിശേഷമായ നദീവ്യവസ്ഥ കേരളത്തിന്റെ തനതു സവിശേഷതകളിൽ പ്രധാനമാണ്.
നദികൾ തീരപ്രദേശങ്ങളിലെത്തുമ്പോൾ ഗ്രേഡിലാന്റ് തീരെ കുറഞ്ഞ് പരന്ന് ഒഴുകി കായലുകളിലും കടലിലും ചേരും. നെതർലൻഡ്‌സിലെ പോലെ ഒരു നദിയും കേരളത്തിൽ തുടക്കം മുതൽ ഒടുക്കം വരെ പരന്നൊഴുകുന്നില്ലയെന്നതാണ് ഭൗമശാസ്ത്ര സവിശേഷത. ഹൈഡ്രോളജി പരിഗണിക്കുമ്പോൾ 48 മുതൽ 72 വരെ മണിക്കൂർ കൊണ്ട് കടലിലെത്തുന്ന ഭൂപ്രകൃതിയാണുള്ളത്. ചെരിവാണ് പ്രധാന ഘടകം. അതുപോലെ ശരാശരി മൂന്നു മീറ്റർ മാത്രം ആഴമുള്ള മണ്ണിൽ ഒരേസമയം വർദ്ധിച്ച മഴവെള്ളം കരുതിവക്കുന്നതിനും പരിമിതിയുണ്ട്. ചെറിയ മുഴകൾ കൊണ്ടു തന്നെ മണ്ണ് വേഗത്തിൽ സ്‌പോഞ്ച് പോലെ ജലപൂരിതമാകുകയും ബാക്കി വെള്ളത്തെ എജക്റ്റും റിജക്റ്റും ചെയ്യും എന്നാണ് ശാസ്ത്രീയമായി പറയുക.
മലനാട്ടിൽ ഭൂഗർദത്തിലേക്ക് ജലം ഇറങ്ങാൻ ചെരിവും ഗ്രേഡിയന്റും കൊണ്ട് സമയം ലഭിക്കില്ല. പിന്നെ ഇടനാട്ടിൽ തണ്ണീർതടങ്ങൾ, വയലുകൾ, ചെറിയ ചാലുകൾ, തോടുകൾ, കുളങ്ങൾ എന്നിവങ്ങളിലാണ് കുറെ മഴവെള്ളം കരുതുന്നത്. തീരപ്രദേശങ്ങളിൽ ധാരാളം വെള്ളം സ്വാഭാവികമായോ റൂം ഫോർ റിവർ പദ്ധതികൾ വഴി കൃത്രിമമായോ വെള്ളം നിറയുമ്പോൾ കടലിൽ ഹൈടൈഡ് അഥവാ വേലിയേറ്റം കൂടിനിന്നാൽ വീണ്ടും കഥമാറും.
മനുഷ്യവാസ ഘടകമാണ് ഏറ്റവും വലിയ പ്രതികൂല ഘടകം. കേരളത്തിലൊഴിച്ച് എല്ലായിടത്തും ക്ലസ്റ്റർ അടിസ്ഥാന ഹാബിറ്റാണ്, പാറ്റേൺ ആണ്. ആളുകൾ താമസിക്കുന്നതും കൃഷിസ്ഥലവും അകലങ്ങളിലാണ്. കേരളത്തിൽ ഇടനാട്ടിലും തീരപ്രദേശവും ഹ്യൂമൺ സെറ്റിൽമെന്റ് വളരെ കൂടുതലാണ്. ജനസാന്ദ്രത പോലെ പ്രധാന നഗരഗ്രാമകേന്ദ്രങ്ങളും പട്ടണങ്ങളുമെല്ലാം നദീതീരങ്ങളിലൊ പ്രളയതടങ്ങളിലോ ആണുള്ളത്.
വിശാലമായ ഭൂമിയുടെ കുറവ്, പുനരധിവാസം, നദീതട വികസനം എന്നിവക്ക് സാമൂഹിക സാമ്പത്തിക വെല്ലുവിളികൾ വലുതാണ്. മനുഷ്യവാസം. കൃഷി, കെട്ടിടങ്ങൾ, റോഡ്, പാലങ്ങൾ എന്നിവയെല്ലാം നദീതീരങ്ങളിൽ വളരെയേറെയാണ്. മലകളിലെയും ഇടനാട്ടിലെയും മഴവെള്ളം പെട്ടെന്ന് ഒഴുകിയെത്തുന്നതുകൊണ്ടുള്ള പ്രളയം തീരങ്ങളിലായി മാത്രം നിയന്ത്രിക്കാനാവില്ല. കേരളത്തിൽ പ്രളയത്തോടൊപ്പം ഉരുൾപൊട്ടലുകളും ഉണ്ടാകാറുണ്ട്. അങ്ങനെ വരുമ്പോൾ സ്ഥിതിയാകെ മാറും. ഉരുൾപൊട്ടലിനെ പരിഗണിക്കാതെ പ്രളയത്തെ നിയന്ത്രിക്കാനാവില്ല. പ്രളയങ്ങളിലും പുഴകൾ ഗതിമാറി ഒഴുകാറുണ്ട്.
സ്ഥലകാലഭേദമില്ലാതെ വർദ്ധിച്ച മഴ വരുന്നത് പ്രധാന കാരണമാണ്. ചെറുതും വലുതുമായ മേഘവിസ്‌ഫോടനങ്ങളാണ് ഇപ്പോഴത്തെ മഴയുടെ രീതി. 200 മുതൽ 300 മില്ലി മീറ്റർ മഴ വരെ രണ്ടോ മൂന്നോ ദിവസം കൊണ്ട് കുറഞ്ഞ സ്ഥലത്ത് വന്നാൽ പ്രളയമാകും. കുറഞ്ഞ സമയം കൊണ്ട് ചെറിയ സ്ഥലത്ത് വലിയ മഴയെന്നതാണ് പുതിയ രീതി. മലനിരകളിലെ സ്വാഭാവിക വന ആവാസ വ്യവസ്ഥ കുറഞ്ഞത് നീരൊഴുക്കിന്റെ ശക്തിയും വേഗതയും വർദ്ധിപ്പിച്ചു.
ബഹുതല, ബഹുനില വൃക്ഷ വ്യവസ്ഥയുള്ളപ്പോൾ മഴ ആദ്യം ഉയരമുള്ള മരങ്ങളിൽ പതിച്ച് ശക്തി കുറഞ്ഞ് വിവിധ പൊക്കങ്ങളിലുള്ള മരങ്ങളിലുടെ മുൾച്ചെടികളിലും പുൽച്ചെടികളിലും പതിക്കുമ്പോൾ ശക്തി കുറയും. മലനാട്ടിലെ മഴവെള്ളം ഒരു ദിവസം കൊണ്ട് താഴെ എത്തുന്നത് രണ്ടോ നാലോ ദിവസമാക്കാൻ നല്ല കാനോപ്പികൊണ്ട് കഴിയും. ആ രീതി മാറിപ്പോയി.
ഇടനാട്ടിലെ കുന്നുകൾക്ക് പ്രളയം നിയന്ത്രിക്കുന്നതിൽ വലിയ പങ്കുണ്ടായിരുന്നു. കുന്നുകൾ നീരാവിയെയും കാറ്റിനെയും നന്നായി തടയുന്നതുകൊണ്ട് കടലിലെ നീരാവി പശ്ചിമഘട്ട മലനിരകളിലേക്കുള്ള സഞ്ചാരവേഗതയെ സ്വാധീനിക്കും. അതുപോലെ ഇടനാട്ടിലെ കുന്നുകളിൽ പെയ്യുന്ന മഴവെള്ളം ശക്തിയായി താഴേക്ക് പതിച്ച് പ്രതലത്തിലുള്ള വെള്ളത്തെ ഒഴുകിപ്പോകാൻ സഹായിക്കും. ഇടനാട്ടിൽ വയലുകൾ തോടുകൾ, കുളങ്ങൾ, തണ്ണീർതടങ്ങൾ എന്നിവ വ്യാപകമായിരുന്നു. അവ പലതും നദി ശൃംഖലമായി ബന്ധമുണ്ട്.
പത്ത് സെന്റ് വയൽ 1,60,000 ലിറ്റർ, ഒരു ഹെക്ടർ വന ആവാസവ്യവസ്ഥ 32,000 ഘന കിലോമീറ്റർ പ്രദേശത്തെയും മഴവെള്ളത്തെയും ഉൾകൊള്ളും. കാവുകൾ നല്ലൊരു ജലസംഭരണിയാണ്. ബഹുവിളകളും മിശ്രിതവിളകളും പുതയിടവും വ്യാപക മായിരുന്നപ്പോൾ കോടികണക്കിന് ലിറ്റർ മഴവെള്ളം മണ്ണിൽ സംഭരിച്ചിരുന്നു. 1970-കളിൽ എട്ട് ലക്ഷം ഹെക്ടർ ഉണ്ടായിരുന്ന വയൽ നിലവിൽ 2 ലക്ഷം ഹെക്ടർ ആയപ്പോൾ പ്രളയത്തിന്റെ തോതും കൂടി.
2018-ലെ പ്രളയത്തിനുശേഷം സാൻഡ് ഓഡിറ്റ് നടത്തിയപ്പോൾ 17 നദികളിലായി 27 ലക്ഷം ടൺ മണൽ ഉണ്ടെന്ന് കണ്ടെത്തി. നദികളിലും കായലുകളിലും തോടുകളിലും സിൽറ്റും ഏക്കലുമുണ്ട്. വേമ്പനാട്ട് കായലിൽ എക്കൽ കൂടിയപ്പോൾ മലനാട്ടിൽ പെയ്ത മഴ കൊണ്ട് അപ്പർ കുട്ടനാട് വെള്ളത്തിലായി. അപ്പർ കുട്ടനാട്ടിൽ മഴ കുറഞ്ഞപ്പോഴും നീരൊഴുക്ക് തടസംകൊണ്ട് വെള്ളക്കെട്ടാണ്. കുന്നിടിച്ച് വയൽ നികത്തിയപ്പോൾ ഫ്‌ളാറ്റായി വെള്ളം കെട്ടി നിൽക്കുന്നു.
ജലാശയങ്ങളിലെ മാലിന്യമാണ് മറ്റൊരു പ്രധാന വില്ലൻ റാന്നിയിലും പാലയിലും ഈരാറ്റുപേട്ടയിലും ഇക്കഴിഞ്ഞ മഴയിൽ വെള്ളപ്പൊക്കത്തിന്റെ ബാക്കിപത്രമായി ടൺ കണക്കിന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് നഗരങ്ങളിലും റോഡുകളിലും വീടുകളിലും കണ്ടത്. പമ്പാ നദി 1500 തോടുകൾ ചേർന്നതാണ്. അതുപോലെയാണ് ഓരോ നദിയും. നദീതടം കയ്യേറിയതും മാലിന്യങ്ങൾ തള്ളി നശിപ്പിച്ചതും പ്രധാനമാണ്. കൃഷി കുറഞ്ഞപ്പോൾ മണ്ണൊലിപ്പ് വർദ്ധിച്ചു. അതിലൂടെ നീരൊഴുക്കിന്റെ ടൈം ഓഫ് കോൺസെൻട്രെഷൻ കുറയുകയും വെലോസിറ്റിയും വേഗതയും കൂടുകയും ചെയ്തു.
അശാസ്ത്രീയ കെട്ടിടനിർമ്മാണം, റോഡ് നിർമ്മാണം, മതിലുകളുടെ ആധിക്യം, നീരൊഴുക്ക് വിന്യാസം തടസപ്പെടുത്തൽ തുടങ്ങിയവയും പ്രശ്‌നങ്ങളെ സങ്കീർണ്ണമാക്കി. ഡാം മാനേജ്‌മെന്റും പ്രധാന വിഷയമാണ്. പെട്ടെന്ന് ഡാമുകൾ ഒന്നിച്ച് തുറന്നാൽ മിന്നൽ പ്രളയമുണ്ടാക്കും തുറന്നില്ലെങ്കിൽ ഡാമുകൾ തകരാാനും സാധ്യതയുണ്ട്. സ്വാഭാവികവും മനുഷ്യനിർമ്മിതവുമായ നിരവധി ഘടകങ്ങൾ പരിശോധിക്കുമ്പോൾ റൂം ഫോർ റിവർ പോലുള്ള പരിഹാരം പ്രശ്‌നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നതാണ്.
നഷ്ടപ്പെട്ടുപോയ കുന്നുകളുൾപ്പെടെ പലതും വീണ്ടെടുക്കാനാവില്ല. അതേസമയം, ആദ്യമായി നദീവിന്യാസ വ്യവസ്ഥ മനസിലാക്കണം. ഓരോ നദിയും അനേകം സൂക്ഷ്മ, ഉപലഘു, സ്ഥൂല നീർതടത്തിന്റെ ഭാഗമാണ്. നദീതടം അഥവാ സ്ഥൂല നീർതട സംയോജിത മണ്ണ്, ജല പരിസ്ഥിതി സംരക്ഷണ പരിപാടികളാണ് വേണ്ടത്. പശ്ചിമഘട്ടം പരമാവധി സംരക്ഷിക്കുവാനുള്ള ജനപങ്കാളിത്തമുണ്ടാകണം. കാനോപ്പി വർദ്ധിപ്പിക്കണം. ഇടനാട്ടിൽ കൂടുതലായി സൂക്ഷ്മ വനങ്ങളുണ്ടാകണം.
കാവുകൾ, കുളങ്ങൾ, വയലുകൾ, തണ്ണീർതടങ്ങൾ എന്നിവ പരമാവധി സംരക്ഷിക്കണം. ഓരോ നദിയുടെയും ചെറുചാലുകളും ഉപതോടുകളും ജനപങ്കാളിത്തത്തോടെ വൃത്തിയാക്കി വീതിയും നീളവും ആഴവും ഉറപ്പാക്കണം. നീരൊഴുക്കുകളുടെ വശങ്ങളിൽ പ്രത്യേകിച്ച് മിയാൻഡറിങ് ഉള്ളയിടങ്ങളിൽ ജൈവസമ്പത്ത് വർദ്ധിപ്പിക്കണം. മാലിന്യങ്ങൾ വീണ്ടും വരാതെയിരിക്കാൻ പുഴ, ജല, ജാഗ്രത സമിതികളുണ്ടാക്കണം. ഇൻസിറ്റ് വാട്ടർ കൺസർവേഷൻ തത്വം നടപ്പിലാക്കണം മുകളിൽ തുടങ്ങി ചെരിവുകളിലൂടെ താഴേക്ക് എന്ന ക്രമത്തിൽ മണ്ണ്, ജല, ജൈവ സംരക്ഷണ പരിപാടികൾ നീർതടാടിസ്ഥാനത്തിൽ സംഘടിപ്പിക്കണം.
പ്രളയതടങ്ങൾ പരമാവധി കണ്ടെത്തി നദികൾക്ക് നൽകണം. മണൽ, ഏക്കൽ എന്നിവ വേനലുകളിലെ മിനിമം ഫ്‌ളോയും ബെയ്‌സ് ഫ്‌ളോയും എന്നിവ കൂടി പരിഗണിച്ച് നീക്കം ചെയ്യണം. ഡാമുകളിലെ എക്കൽ കുറയ്ക്കണം. സാധ്യതയുള്ള നീരൊഴുക്കുകളിലെ എക്കൽ ഉപയോഗിച്ച് എംബാങ്‌മെന്റ് ഉണ്ടാക്കണം. പ്രളയ മഴയിലെ ഓരോ തുള്ളിയും തുടർന്നു വരുന്ന വരൾച്ചകളിലെ കുടിവെള്ളമാണെന്ന് തിരിച്ചറിയണം.
എല്ലാ വെള്ളവും ഒഴുക്കികളയലല്ല ജല മാനേജ്‌മെന്റ്. സമഗ്രവും പ്രാദേശികവുമായ മഴവെള്ള സംഭരണ, കൃത്രിമ ഭൂജല പരിപോഷണ പരിപാടികൾ നിയമം മൂലവും അല്ലാതെയും വ്യാപകമാക്കണം. ജലസ്രോതസുകളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ ക്രിമിനൽ കുറ്റമാക്കി ജയിലിൽ ഇടണം. ഫൈൻ മാത്രം പോര. ഭൂജല തോത് അറിയാൻ വിപുലമായ അക്വിഫർ അഥവാ നീരട്ടി സർവേയും മാപ്പിങ്ങും നടത്തണം.
നിലവിൽ ഗ്രാമപഞ്ചായത്തുകളിലുള്ള ജലവിഭവ ഭൂപടങ്ങളും നീർതട റിപ്പോർട്ടുകളും കാലാനുസൃതമായി പുതുക്കണം. അതോടൊപ്പം പ്രളയതട ഭൂപടം ദുരന്തപ്രതിരോധ പ്രദേശ ഭൂപടം, ഡ്രെയിനേജ് ഭൂപടം, എന്നിവ കൂടി തയ്യാറാക്കണം. വിവിധതല നദീതട നീർതട മാസ്റ്റർ പ്ലാനുകൾ ഓരോ ആഗ്രോക്ലൈമാറ്റിക് സോണിനും ഉണ്ടാക്കണം. മഴ മുന്നറിയിപ്പ് സംവിധാനം റിയൽ ടൈമിലേക്ക് മാറ്റേണ്ടത് അത്യാവശ്യമാണ്.
പ്രാദേശികതല ദുരന്ത പ്രതിരോധ സേന സജ്ജമാക്കണം. വിദ്യാർത്ഥികളെ ഉൾപ്പെടെ നീന്തൽ പഠിപ്പിക്കണം. ഓരോ പ്രളയതടവും ദുരന്തബാധിത പ്രദേശവും മുൻകൂട്ടി മനസിലാക്കണം. ഭൂമി, മണ്ണ്, ജലം, പരിസ്ഥിതി, കാലാവസ്ഥ, ദുരന്ത പരിപാലനം എന്നിവയിൽ സാക്ഷരതാ പരിപാടികൾ നടക്കണം. സ്വാഭാവികവും കൃത്രിമവുമായ നിരവധി മാർഗങ്ങളിലൂടെ പ്രകൃതിയെ പരമാവധി സംരക്ഷിക്കണം. നീർതടാധിഷ്ഠിത പരിപാടികൾ ഉടനെ ആരംഭിക്കണം.
അപ്പോഴും മഴ വർദ്ധിച്ചാൽ പ്രളയം വരും. പക്ഷെ, ആഘാതം പതിന്മടങ്ങ് കുറയ്ക്കാൻ പറ്റും. രണ്ടുദിവസം കൊണ്ടുണ്ടാകുന്ന ക്രൈസിസ് ചിലപ്പോൾ കൂടുതൽ ദിവസം കൊണ്ടേ വരികയുള്ളൂ. അപ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കുവാൻ സമയം കിട്ടും. പ്രളയത്തോടും ദുരന്തങ്ങളോടൊപ്പം ജീവിക്കാൻ പഠിക്കണം. പുതിയ കൃഷി രീതികൾ വികസിപ്പിക്കണം. കെട്ടിട, റോഡ് നിർമ്മാണ പാറ്റേൺ വേണം മാലിന്യസംസ്‌കരണം യഥാസമയം നടക്കണം. ജൈവവൈവിധ്യം പരമാവധി സംരക്ഷിക്കണം.
റൂം ഫോർ റിവർ പോലുള്ള ഒറ്റമൂലികളിലൂടെ വെള്ളം ഒഴുക്കിക്കളഞ്ഞ് വേഴാമ്പലുകളെപോലെ വേനലുകളെ കാത്തിരിക്കാൻ ഇടവരുത്തരുത്. ദുരന്തങ്ങൾ നേർമലാവുന്ന നാട്ടിൽ മാറേണ്ടത് നമ്മളാണ്. അല്ലെങ്കിൽ ഓരോ പ്രളയത്തിലും ബാക്കിയുള്ള റൂമുകളിലും വെള്ളം നിറയും പ്രകൃതിയെ അറിയുക. അവയോടൊപ്പം ജീവിക്കുക. ബാക്കി അവ നോക്കട്ടെ.
(സംസ്ഥാന ജലവിഭവ വകുപ്പ് മുൻ ഡയറക്ടറാണ് ലേഖകൻ)
Content Highlights: The Netherlands' 'Room for River' project is fundamentally unsuited for Kerala's steep terrain and unique hydrology., Human settlement patterns, rapid urbanization, and loss of wetlands exacerbate flooding and landslides in Kerala., Integrated watershed management, restoring hillocks, and protecting river basins are practical solutions for Kerala's flood and drought issues.
Published: 19 Aug 2026, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented