ആലപ്പുഴ: മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മാധ്യമങ്ങളെ പഴിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നുമില്ലെന്ന് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. അവര്‍ക്ക് പ്രത്യേക താത്പര്യങ്ങളുണ്ട്. തെറ്റായ പ്രചാരണങ്ങള്‍ക്ക് കേരളത്തിന്റെ ആരോഗ്യമേഖലയെ തകര്‍ക്കാനാവില്ലെന്നും വീണാ ജോര്‍ജ് ചേര്‍ത്തലയില്‍ ഒരു പരിപാടിയില്‍ പറഞ്ഞു.
'സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നുമില്ലെന്ന് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. അവര്‍ക്ക് താത്പര്യങ്ങളുണ്ട്. രഹസ്യമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടുകയും പരസ്യമായി വിമര്‍ശിക്കുകയും ചെയ്യുന്നവര്‍, മറ്റേ ചാനല്‍ കൊടുത്തു ഞങ്ങള്‍ നിസ്സഹായരാണ്, ഞങ്ങള്‍ക്കും കൊടുക്കേണ്ടി വരുന്നു എന്ന് പറയും. സാധാരണക്കാര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന സംവിധാനങ്ങളെ ഇല്ലാതാക്കി, പകരം അവര്‍ക്ക് അപ്രാപ്യമായ, ഭാരിച്ച ചെലവും സാമ്പത്തിക ഭാരവും ഏര്‍പ്പെടുത്തുന്ന മറ്റുചില സംവിധാനങ്ങള്‍ കൊണ്ടുവരാനുള്ള ഗൂഢമായ അജന്‍ഡയോടെ കാര്യങ്ങള്‍ നടപ്പിലാക്കുന്നു', മന്ത്രി ആരോപിച്ചു.
'ഞാന്‍ ഇങ്ങോട്ട് വന്നപ്പോള്‍ മന്ത്രിയുടെ സുരക്ഷ കൂട്ടി എന്നൊരു സ്‌ക്രീന്‍ഷോട്ട് എന്നെ ഒരാള്‍ കാണിച്ചു. ഞാന്‍ നോക്കിയപ്പോള്‍ മുന്നില്‍ ഒരു പൈലറ്റ് വാഹനമേയുള്ളൂ. പിന്നില്‍ നോക്കിയപ്പോള്‍ എസ്‌കോര്‍ട്ടില്ല. മന്ത്രിയുടെ സുരക്ഷ കൂട്ടി എന്ന് പറയുന്നത് എന്താണെന്ന് ഞാന്‍ പ്രൈവറ്റ് സെക്രട്ടറിയോട് ചോദിച്ചു. വഴിയറിയാത്തതുകൊണ്ടാണ് പൈലറ്റ് ഉപയോഗിച്ചത്. നാട്ടിലാണെങ്കില്‍ അതുവേണ്ടതാനും. പിന്നെ എന്താണ് മന്ത്രിയുടെ സുരക്ഷ കൂട്ടി, 15 അംഗ പോലീസ് എന്ന് പറയുന്നത്. ഞാന്‍ ആദ്യം വന്ന് ഫോണ്‍ ചെയ്തത് എസ്പിയെയാണ്. ഞാന്‍ ഇവിടെ വന്നുനില്‍ക്കുമ്പോള്‍ അഞ്ചാറ് പോലീസുകാരെ കണ്ടു. എന്താണ് എസ്പി എന്റെ സുരക്ഷ കൂട്ടിയിട്ടുണ്ടോ? ഇല്ല കൂട്ടിയിട്ടില്ലെന്ന് എസ്പി പറഞ്ഞു. ഇവിടെ അഞ്ചാറ് പോലീസുകാരെ കാണുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ അബദ്ധത്തില്‍ അവിടെ വന്നതാണെന്ന് പറഞ്ഞു. പക്ഷേ, ഇന്ന് രാത്രി മന്ത്രിക്ക് സുരക്ഷ കൂട്ടിയെന്ന് പറഞ്ഞ് ചര്‍ച്ച കാണും. മന്ത്രിക്ക് റോഡിലിറങ്ങി നടക്കാന്‍ പറ്റുന്നില്ല, നിരത്തിലിറങ്ങാന്‍ പറ്റുന്നില്ല എന്ന് പറയും. ആക്രമണത്തിന് മുന്നില്‍ കേരളത്തിന്റെ ആരോഗ്യമേഖല തകര്‍ന്നുപോകില്ല. തെറ്റായ പ്രചാരണങ്ങള്‍ക്ക് കേരളത്തിന്റെ ആരോഗ്യമേഖലയെ തകര്‍ക്കാനാവില്ല', വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Health Minister Veena George accuses media of spreading false narratives about govt hospitals
Published: 10 Aug 2025, 12:21 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented