
കണ്ണൂർ: എഴുപതുവയസ്സ് കഴിഞ്ഞവർക്ക് വരുമാനപരിധിയില്ലാതെ അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയിൽ രജിസ്റ്റർ ചെയ്യുന്നതിന് ജനം പരക്കംപായുന്നു. ആസ്പത്രിയിൽ കഴിയുന്നവരുൾപ്പെടെ ആയുഷ്മമാൻ കാർഡിനായി അന്വേഷിച്ചെത്തുന്നുവെന്ന് അക്ഷയ സംരംഭകർ പറയുന്നു.
സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽനിന്ന് അറിയിപ്പ് ലഭിച്ചാൽ മാത്രമേ രജിസ്റ്റർ ചെയ്യാവൂയെന്ന നിർദേശമാണ് അക്ഷയ കേന്ദ്രങ്ങൾക്ക് നൽകിയത്. കേന്ദ്രത്തിൽനിന്ന് വ്യക്തമായ മാർഗരേഖ ലഭിച്ചില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. എന്നാൽ കേന്ദ്ര ഐ.ടി. മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ചില കോമൺ സർവീസ് സെന്റർ (സി.എസ്.സി.) കേന്ദ്രങ്ങളിൽ സംസ്ഥാനത്തും രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. സി.എസ്.സി. ലോഗിൻ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യുന്നതെന്ന് സി.എസ്.സി. സംരംഭകർ പറയുന്നു.
കുടുംബാംഗത്തിന്റെ ആധാർ കാർഡും അതുമായി ബന്ധിപ്പിച്ച മൊബൈലും വേണം. ഫോട്ടോ എടുക്കുന്നതിനായി നേരിട്ടെത്തണം. സർക്കാർ പെൻഷൻ കൈപ്പറ്റുന്നവർ മെഡിസെപ് തിരഞ്ഞെടുക്കുകയാണെങ്കിൽ ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കില്ല. രജിസ്‌ട്രേഷന് ശേഷം കാർഡും ലഭിക്കും.
beneficiary.nha.gov.in എന്ന പോർട്ടലിലൂടെ സിറ്റിസൺ ലോഗിൻ ചെയ്ത് പൊതുജനങ്ങൾക്കും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ട്. ഇത്തരത്തിൽ അംഗങ്ങളാകുന്നവരുടെ രജിസ്‌ട്രേഷൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി അംഗീകരിക്കണം. കേന്ദ്രവും സംസ്ഥാനവും പദ്ധതി സംബന്ധിച്ച് ധാരണയിലെത്തിയില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. പദ്ധതിയിൽ 60 ശതമാനം കേന്ദ്രഫണ്ടും ബാക്കി സംസ്ഥാനവുമാണ് വഹിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധിക്കിടെ പദ്ധതിക്കുള്ള തുക കണ്ടെത്തുക എന്നത് വെല്ലുവിളിയാകുമെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നത്. സെപ്റ്റംബർ 11-നാണ് കേന്ദ്രം പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ആസ്‌പത്രികൾ എം-പാനൽ ചെയ്തില്ല
കേന്ദ്രവും സംസ്ഥാനവും ചേർന്നാണ് പദ്ധതി നടപ്പാക്കേണ്ടത്. ഈ പദ്ധതിയിൽ വരുന്ന ആസ്പത്രികൾ ഇതുവരെയും എം-പാനൽ ചെയ്തില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് ചുമതല. എം-പാനൽ ചെയ്തതിന് ശേഷമായിരിക്കും അക്ഷയ കേന്ദ്രങ്ങളിലൂടെയുള്ള രജിസ്‌ട്രേഷൻ ആരംഭിക്കുകയെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. സ്വകാര്യ ആസ്പത്രികൾ പദ്ധതിയോട് താത്പര്യം കാണിക്കാൻ സാധ്യതയില്ല. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ സൗജന്യ ചികിത്സ നൽകിയതു വഴി ആസ്‌പത്രികൾക്ക് കോടിക്കണക്കിന് രൂപ കുടിശ്ശികയുണ്ട്. ഈ സാഹചര്യത്തിൽ എന്തുറപ്പിലാണ് പദ്ധതിയുമായി സഹകരിക്കുക എന്നതാണ് സ്വകാര്യ ആസ്പത്രികളുടെ നിലപാട്.
ഹെൽത്ത് കാർഡിൽ ഇൻഷുറൻസില്ല
ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനായി നേരത്തേ ആരംഭിച്ച ആയുഷ്‌മാൻ ഭാരത് ഹെൽത്ത് കാർഡിന് ആരോഗ്യ ഇൻഷുറൻസുമായി ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു.
Content Highlights: health insurance above 70 years-Ayushman Bharat PM JAY
Published: 02 Nov 2024, 07:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented