ചൊക്ലി: ചൊക്ലി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്പെക്ടർ വടകര മേപ്പയിൽ സിദ്ധസമാജത്തിനടുത്ത ശ്രീസ്ഥയിൽ ദീപലേഖ (51)യാണ് മരിച്ചത്. സ്ഥലംമാറ്റത്തെത്തുടർന്നുണ്ടായ മാനസിക സംഘർഷമാണ്‌ മരണത്തിനിടയാക്കിയതെന്നാരോപിച്ച്‌ ഡി.െെവ.എഫ്.െഎ. ജില്ലാ മെഡിക്കൽ ഓഫീസ്‌ ഉപരോധിച്ചു.

To advertise here,

പഞ്ചായത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി യോഗത്തിനു മുൻപായി ചെയർമാൻ കെ.ടി.കെ. പ്രദീപനുമായി സംസാരിച്ചുനിൽക്കേ തലയിൽ പിടിച്ച് കസേരയിലിരിക്കാൻ ശ്രമിക്കുമ്പോൾ മുന്നിലെ മേശയിലേക്ക് മൂക്കിടിച്ച് വീഴുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയായിരുന്നു സംഭവം. ഉടൻ പഞ്ചായത്തിന്റെ വാഹനത്തിൽ ചൊക്ളി ആസ്പത്രിയിലെത്തിച്ചു. തുടർന്ന് ആംബുലൻസിൽ കണ്ണൂർ ചാലയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഫെബ്രുവരി 17-ന് സ്കൂട്ടറിൽ സഞ്ചരിക്കവേ കൈനാട്ടിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ദീപലേഖ മൂന്നാഴ്ച മുമ്പാണ് വീണ്ടും ജോലിക്കെത്തിയത്. നേരത്തേ പാനൂർ നഗരസഭയിലെ മേക്കുന്ന് പി.എച്ച്.സി.യിൽ ജോലിചെയ്തിരുന്ന ഇവർക്ക് അഞ്ചുമാസം മുമ്പാണ് ചൊക്ലിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. പുതിയ സർക്കാർ അധികാരമേറ്റ ശേഷം സ്ഥലംമാറ്റത്തിനായി തയ്യാറാക്കിയ കരട് പട്ടികയിൽ ദീപലേഖയുടെ പേര്‌ മട്ടന്നൂരിലേക്കെന്നുണ്ടായിരുന്നു. രോഗവിവരങ്ങൾ ധരിപ്പിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവിൽ ഇവർക്ക് പിണറായിയിലേക്ക് മാറ്റം കിട്ടിയതായി പഞ്ചായത്തിലുള്ളവരോട് പറഞ്ഞിരുന്നു.

മൃതദേഹം ചൊവ്വാഴ്ച രാവിലെ 10.30 മുതൽ 11 വരെ ചൊക്ലി എഫ്.എച്ച്.സി.യിൽ പൊതുദർശനത്തിന് വെക്കും. ശേഷം സ്വദേശമായ വടകര മേപ്പയിൽ ഐ.പി.എം. അക്കാദമിക്ക് സമീപമുള്ള വീട്ടിലെത്തിക്കും. 12 മുതൽ 1.30 വരെ വീട്ടിൽ പൊതുദർശനം തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.

അച്ഛൻ: വി.എം.രാഘവൻ. അമ്മ: ഡയന പേൾ (ഗീത). ഭർത്താവ്: നാടകനടനും സംവിധായകനുമായ മുൻ ഹെൽത്ത് സൂപ്പർവൈസർ സുരേഷ് ബാബു ശ്രീസ്ഥ. മകൾ: അമ്മലു ലക്ഷ്മി (എൻജിനീയർ, സ്നൈഡർ, ബെംഗളൂരു). സഹോദരൻ: ലിനീഷ് രാജ് (ബിസിനസ്, വടകര).