കൊച്ചി: സമരവും സഹിഷ്ണുതയും വിശ്വാസവും കൈമുതലാക്കി മലങ്കര സഭയെ പതിറ്റാണ്ടുകള്‍ നയിച്ച വലിയ ഇടയന് ശനിയാഴ്ച സഭാമക്കള്‍ വിട നല്‍കും. കബറടക്ക ശുശ്രൂഷകള്‍ സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്ക സെന്ററിനോടു ചേര്‍ന്നുള്ള കത്തീഡ്രല്‍ പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കബറിടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ആധുനിക യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ശില്പിയും തലവനുമായിരുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ (96) വിയോഗം നല്‍കുന്ന ശൂന്യതയില്‍, ദുഃഖാര്‍ത്തരായ പതിനായിരങ്ങള്‍ കബറടക്ക ശുശ്രൂഷകള്‍ക്ക് സാക്ഷ്യം വഹിക്കും.

To advertise here,

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, വിവിധ സഭാ തലവന്‍മാര്‍ രാഷ്ട്രീയ-സാമുദായിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ കബറടക്ക ശുശ്രൂഷയില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ദിവന്നാസിയോസ് ജോണ്‍ കവാക് മെത്രാപ്പോലീത്തയും ഇംഗ്ലണ്ടിലെ ആര്‍ച്ച് ബിഷപ്പ് മാര്‍ അത്താനാസിയോസ് തോമ ഡേവിഡ് മെത്രാപ്പോലീത്തയും സംബന്ധിക്കുമെന്ന് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.ബാവയുടെ വിയോഗത്തിന്റെ 40-ാം നാള്‍ ചടങ്ങിന് പാത്രിയര്‍ക്കീസ് ബാവ എത്തുമെന്ന് അറിയിച്ചതായി സഭാ വൃത്തങ്ങള്‍ വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ 8-ന് പാത്രിയാര്‍ക്ക സെന്റര്‍ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ വി. കുര്‍ബാനയുണ്ട്. ഉച്ചകഴിഞ്ഞ് 3-ന് കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രൂഷകള്‍ ആരംഭിക്കും. അഞ്ചുമണിയോടെ സമാപിക്കും. കൊച്ചിയിലെ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകീട്ട് 5.15-നായിരുന്നു ബാവ കാലംചെയ്തത്. ഭൗതികശരീരം ബാവയുടെ പഴയ പ്രവര്‍ത്തന മണ്ഡലമായ കോതമംഗലം ചെറിയപള്ളിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ എത്തിച്ചു. പതിനായിരങ്ങളാണ് ശ്രേഷ്ഠ പുരോഹിതനെ കാണാന്‍ അവിടെയെത്തിയത്. തുടര്‍ന്ന് പ്രദക്ഷിണമായി കോതമംഗലം വലിയ പള്ളിയില്‍ ബാവയെ കൊണ്ടുവന്നു. 

പ്രാര്‍ഥനകള്‍ക്കും അനുശോചന സന്ദേശങ്ങള്‍ക്കും ശേഷം വൈകീട്ട് നാലുമണിയോടെ പ്രത്യേകം തയ്യാറാക്കിയ ബസില്‍ കോതമംഗലത്തുനിന്ന് ബാവയുടെ ഭൗതികശരീരം പുത്തന്‍കുരിശിലേക്ക് പുറപ്പെട്ടു. പതിറ്റാണ്ടുകള്‍ സഭാ മക്കള്‍ക്ക് ആത്മ ധൈര്യം പകര്‍ന്ന ബാവയ്ക്ക് വഴിയോരത്ത് കാത്തുനിന്ന വിശ്വാസി സമൂഹം വിടചൊല്ലി. കോതമംഗലത്തുനിന്ന് മൂവാറ്റുപുഴ കോലഞ്ചേരി വഴിയാണ് ബാവയെയും വഹിച്ചുകൊണ്ടുള്ള വാഹനം രാത്രിയോടെ പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.

ബാവയുടെ വിയോഗത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 8-ന് കോതമംഗലം ചെറിയപള്ളിയില്‍ വി. കുര്‍ബാന നടന്നു. തുടര്‍ന്ന് സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിങ് കമ്മിറ്റിയുടെയും സംയുക്ത യോഗവും ചേര്‍ന്ന് കബറടക്ക ശുശ്രൂഷയുടെ ഒരുക്കങ്ങള്‍ തീരുമാനിച്ചു. ചടങ്ങുകള്‍ പുത്തന്‍കുരിശ് പാത്രിയാര്‍ക്ക സെന്ററിനോടു ചേര്‍ന്നുള്ള മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ പ്രത്യേകം തയ്യാറാക്കിയ കബറിടത്തില്‍. 

ശ്രേഷ്ഠ ബാവയുടെ കബറടക്കത്തിന് എട്ട് ഘട്ടങ്ങളായുള്ള ശുശ്രൂഷകളാണുള്ളത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഒന്നാംഘട്ട ശുശ്രൂഷ നടത്തി. ശനിയാഴ്ച വൈകിട്ട് പുത്തന്‍കുരിശില്‍ നടക്കുന്ന സമാപന കബറടക്ക ശുശ്രൂഷയോടെയാകും പരിസമാപ്തി കുറിക്കുക. വെള്ളിയാഴ്ച രാവിലെ ഒന്നും രണ്ടും ഘട്ടം കബറടക്ക ശുശ്രൂഷ കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയില്‍ നടത്തി. ശേഷം കോതമംഗലം മര്‍ത്തമറിയം വലിയ പള്ളിയില്‍ മൂന്നാം ഘട്ട ശുശ്രൂഷ നടത്തി. 

രാത്രിയോടെ പുത്തന്‍കുരിശ് പാത്രിയാര്‍ക്ക സെന്ററില്‍ ഭൗതിക ശരീരമെത്തിച്ചു. അവിടെ നിന്നും നാലും അഞ്ചും ഘട്ട കബറടക്ക ശുശ്രൂഷ നടന്നു. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് പാത്രിയാര്‍ക്ക സെന്ററില്‍ വിശുദ്ധ കുര്‍ബാന നട്കകും. തുടര്‍ന്ന് രാവിലെ 10 മണി മുതല്‍ ആറ്, ഏഴ് ഘട്ടം കബറടക്ക ശുശ്രൂഷ നടക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ എട്ടാം ഘട്ടവും സമാപന ശുശ്രൂഷയും കബറടക്കവും നടക്കും. 


ശ്രേഷ്ഠ ഇടയനെ അവസാനമായി കാണാന്‍ പുത്തന്‍കുരിശില്‍ രാത്രി ആയിരങ്ങളെത്തി 

കോലഞ്ചേരി: ശ്രേഷ്ഠ ഇടയനെ ഒരു നോക്കു കാണാനും അന്തിമോപചാരമര്‍പ്പിക്കാനും പുത്തന്‍കുരിശില്‍ വെള്ളിയാഴ്ച രാത്രി ആയിരങ്ങളെത്തി. വൈകീട്ട് ആറുമണിയോടെ തന്നെ വിശ്വാസികള്‍ പാത്രിയര്‍ക്കാ സെന്ററിലേക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ഭൗതികദേഹം കാണാന്‍ എത്തിത്തുടങ്ങി. പ്രത്യേകം തയ്യാറാക്കിയ ബസില്‍ ദേശീയപാതയിലൂടെ മേക്കടമ്പ്, പെരുവംമുഴി കോലഞ്ചേരി വഴി പുത്തന്‍കുരിശിലെത്തിച്ച ഭൗതികദേഹം ബാവയുടെ മാതൃ ഇടവകയായ പുത്തന്‍കുരിശ് സെയ്ന്റ് പീറ്റേഴ്സ് ആന്‍ഡ് സെയ്ന്റ് പോള്‍സ് പള്ളിയില്‍ എത്തിച്ച ശേഷം കാവുംതാഴം ൈമതാനിയില്‍നിന്ന് വിശ്വാസികളുടെ വിലാപയാത്രയായാണ് പാത്രിയര്‍ക്കാ സെന്ററിലേക്ക് ഒന്‍പതു മണിയോടെ കൊണ്ടുവന്നത്.

മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും ജനപ്രതിനിധികളും ചേര്‍ന്ന് ബാവയുടെ ഭൗതികദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് പാത്രിയര്‍ക്കാ സെന്ററിലെ ബാവയുടെ മുറിയിലേക്കെത്തിച്ച ദേഹം കുറച്ചുസമയം അവിടെ െവച്ച ശേഷമാണ് സെയ്ന്റ് അത്തനേഷ്യസ് കത്തീഡ്രലിലേക്ക് കൊണ്ടുവന്നത്. പള്ളിയകത്ത് കബറടക്കത്തിനു തയ്യാറാക്കിയ കല്ലറയ്ക്കു സമീപം പ്രത്യേകം സജ്ജീകരിച്ച ശീതീകരണ മുറിയില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിനായി െവച്ചു. 

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മന്ത്രി പി. രാജീവ്, ബെന്നി ബഹനാന്‍ എം.പി., എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ., പി.വി. ശ്രീനിജിന്‍ എം.എല്‍.എ. തുടങ്ങിയവരും തൊഴിയൂര്‍ മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, കത്തോലിക്കാ സഭയിലെ ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത, മേലുകാവ് സി.എസ്.എം. മുന്‍ ബിഷപ്പ് കെ.ജി. ഡാനിയേല്‍ തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിച്ചു. ശനിയാഴ്ച രാവിലെ 8-ന് മലങ്കര മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തിലും സഭയിലെ മെത്രാപ്പോലീത്തമാരുടെ സഹ കാര്‍മികത്വത്തിലും വി. കുര്‍ബാന നടക്കും. തുടര്‍ന്ന് 9 മണിയോടെ പൊതു ദര്‍ശനത്തിനു ശേഷം 2 മണിക്ക് കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രൂഷകള്‍ തുടങ്ങും. 


ബാവയ്ക്ക് കോതമംഗലം വിട നല്‍കി

കോതമംഗലം: അര നൂറ്റാണ്ടിലേറെക്കാലം കോതമംഗലത്തിന്റെ മനസ്സില്‍ ഇടംനേടിയ വലിയ ഇടയന് വിട നല്‍കി നാട്. അദ്ദേഹത്തെ അവസാനമായി കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും പ്രാര്‍ഥനാനിരതമായ കൂപ്പുകൈകളോടെ പതിനായിരങ്ങളാണ് മാര്‍ത്തോമ ചെറിയപള്ളിയിലേക്കും മര്‍ത്തമറിയം വലിയപള്ളിയിലേക്കും എത്തിയത്. രാവിലെ മുതല്‍ അണമുറിയാത്ത ജനപ്രവാഹമായിരുന്നു. ശുശ്രൂഷയ്ക്കുശേഷം അദ്ദേഹത്തിന്റെ ഭൗതികദേഹവുമായി വിലാപയാത്ര കടന്നുപോകുമ്പോള്‍ വ്യാപാരസ്ഥാപനങ്ങള്‍ അടക്കം അടച്ച് മെഴുകുതിരി തെളിച്ച് ആദരാഞ്ജലി അര്‍പ്പിച്ചു. അങ്ങനെ ഒരു നാട് മുഴുവന്‍ ഒത്തൊരുമിച്ച് വികാരനിര്‍ഭരമായ യാത്രയയപ്പാണ് നല്‍കിയത്. 

സഭാ തര്‍ക്കത്തില്‍ പള്ളികളില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത 1974-ലാണ് അങ്കമാലി ഭദ്രാസനാധിപനായി ശ്രേഷ്ഠ കാതോലിക്കാ ബാവ കോതമംഗലത്ത് എത്തുന്നത്. 26 വര്‍ഷം മര്‍ത്തമറിയം വലിയപള്ളിയുടെ പടിഞ്ഞാറുഭാഗത്തെ കെട്ടിടത്തിലായിരുന്നു ഭദ്രാസന ആസ്ഥാനമായി ബാവ താമസിച്ചിരുന്നത്. പിന്നീടാണ് അദ്ദേഹം മൗണ്ട് സീനായ് കാതോലിക്കേറ്റ് സെന്റര്‍ സ്ഥാപിച്ചത്. മലങ്കര മെത്രാപ്പോലീത്ത, നിയുക്ത കാതോലിക്ക, കാതോലിക്ക ബാവ എന്നീ ചുമതല വഹിക്കുമ്പോഴും പുത്തന്‍കുരിശ് പാത്രിയാര്‍ക്കീസ് സെന്റര്‍ ആസ്ഥാനമായിരിക്കുമ്പോഴും ശ്രേഷ്ഠ ബാവ മിക്കവാറും താമസം കോതമംഗലത്ത് ആയിരുന്നു. 

മാര്‍ത്തോമ ചെറിയപള്ളിയുമായും അഭേദ്യമായ ബന്ധമായിരുന്നു. ചെറിയപള്ളിയിലെ പരിശുദ്ധ ബസേലിയോസ് ബാവയുടെ കബറിടത്തിലെ പ്രാര്‍ഥനയില്‍നിന്നുള്ള ഊര്‍ജമാണ് അദ്ദേഹത്തിന് ഏത് പ്രതിസന്ധിഘട്ടത്തെയും മറിടക്കാനുള്ള ശക്തി പകര്‍ന്നിരുന്നതെന്ന് ബാവാ ഓര്‍ക്കുമായിരുന്നു. വിശ്വാസ സംരക്ഷണത്തിനായി ചെറിയപള്ളി കേന്ദ്രീകരിച്ച് ബാവ നടത്തിയ പോരാട്ടവും അതിന് പൊതുസമൂഹത്തില്‍നിന്നു ലഭിച്ച പിന്തുണയും ബാവയുടെ വിജയമായിരുന്നു. നാനാജാതി മതസ്ഥരും രാഷ്ട്രീയഭേദമില്ലാതെ കക്ഷികളും വ്യാപാര സമൂഹവും തൊഴിലാളികളും എല്ലാം ബാവയ്ക്കു പിന്നില്‍ അണിനിരന്നത് അദ്ദേഹത്തോടുള്ള ജനവിശ്വാസത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു. 

ചെറിയപള്ളിയുടെ സംരക്ഷണത്തിനായി മാസങ്ങള്‍ നീണ്ട സമര പോരാട്ടത്തിന് മുന്നണിയില്‍നിന്ന് പ്രവര്‍ത്തിച്ചത് ബാവയായിരുന്നു. പള്ളിക്കുവേണ്ടി കോതമംഗലം ഒറ്റക്കെട്ടായി അണിനിരന്നത് മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും മകുടോദാഹരണമായി. അവസാനമായി ബാവയെ ഒരുനോക്ക് കാണാനും സ്‌നേഹാദരം അര്‍പ്പിക്കാനും എത്തിയ ജനസഞ്ചയം തന്നെ നേര്‍ക്കാഴ്ചയായി. സഭയുടെ ആത്മീയ വളര്‍ച്ചയ്ക്കും ഉന്നതിക്കും അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. അദ്ദേഹം ഭദ്രാസനാധിപനായിരിക്കുമ്പോള്‍ സ്ഥാപിച്ചതാണ് തോളേലി സീനായ്ഗിരി സെയ്ന്റ് മേരീസ് പള്ളി. ഇതിന്റെ സ്മരണയിലാണ് പള്ളിയോടനുബന്ധിച്ചുള്ള ഹൈസ്‌കൂളിന് മാര്‍ ദിവന്നാസിയോസ് എന്ന പേരിട്ടത്.

ചേലാട് ഡെന്റല്‍ കോളേജ് ആരംഭിച്ചു. രണ്ട് പതിറ്റാണ്ടായി എം.എ. കോളേജ് അസോസിയേഷന്‍ രക്ഷാധികാരിയും ദീര്‍ഘകാലമായി മാര്‍ ബസേലിയോസ് ആശുപത്രി പ്രസിഡന്റുമായിരുന്നു. സഭയ്ക്ക് കീഴില്‍ കോതമംഗലം പ്രദേശത്ത് ഒട്ടേറെ പള്ളികളുടെ കൂദാശ നിര്‍വഹിച്ചു. പരിശുദ്ധ ബാവ ആദ്യമായെത്തിയ കോഴിപ്പിള്ളിയിലെ ചക്കാലക്കുടി ചാപ്പലില്‍ പരിശുദ്ധ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപനത്തിലൂടെയും അദ്ദേഹം സഭയ്ക്കും വിശ്വാസികള്‍ക്കും ആത്മീയവും ഭൗതികവുമായ പുത്തനുണര്‍വ് നല്‍കി.

പരിചിത വഴികളിലൂടെ മടക്കയാത്ര 

കൊച്ചി: നാട്ടുവഴികളെല്ലാം വെള്ളിയാഴ്ച കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയുടെ മുന്നില്‍ അവസാനിക്കുകയായിരുന്നു. ബസിലും നടന്നുമായെത്തിയ വിശ്വാസ സമൂഹത്തെക്കൊണ്ട് പുലര്‍ച്ചെ മുതല്‍ പള്ളിയങ്കണം നിറഞ്ഞു. സഭയെ നയിച്ച ശ്രേഷ്ഠ ബാവയെ അവസാനമായി കാണാന്‍ പതിനായിരങ്ങളാണ് കോതമംഗലത്തേക്ക് എത്തിയത്. വിശ്വാസ സംരക്ഷണത്തിനൊപ്പം സംഘര്‍ഷങ്ങളുടെയും പോരാട്ടങ്ങളുടെയും കനല്‍ വഴിയില്‍ സഭാമക്കള്‍ക്ക് ആത്മധൈര്യം പകര്‍ന്ന ബാവയ്ക്ക് കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയിലും വലിയപള്ളിയിലും വിശ്വാസികള്‍ അര്‍ഹമായ ആദരം നല്‍കി.

കൊച്ചിയിലെ ആശുപത്രിയില്‍നിന്ന് പുലര്‍ച്ചെ 3.30-നാണ് ബാവയുടെ ഭൗതികശരീരം കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയില്‍ എത്തിച്ചത്. രാവിലെ മുതല്‍ പള്ളിയില്‍ ശുശ്രൂഷകള്‍ തുടങ്ങി. രാവിലെ എട്ടിന് ചെറിയപള്ളിയില്‍ വി.മൂന്നിന്‍മേല്‍ കുര്‍ബാന നടന്നു. എബ്രഹാം മാര്‍ സേവേറിയോസ്, ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ്, ഏലിയാസ് മാര്‍ യൂലിയോസ്, മാത്യൂസ് മാര്‍ തിമോത്തിയോസ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ 11 മണിയോടെ ബാവയുടെ കബറടക്ക ശുശ്രൂഷയുടെ ആദ്യഘട്ട പ്രാര്‍ഥന നടത്തി.

ദേവാലയത്തിന്റെ അലങ്കാരമായവനെ... പരിശുദ്ധ പുരോഹിതാ... ഉത്തമനായ ഭരണകര്‍ത്താവേ... സമാധാനത്തോടെ പോകുക... എന്ന പ്രാര്‍ഥന ചൊല്ലി ബാവയുടെ പഴയ പ്രവര്‍ത്തന മണ്ഡലമായ ചെറിയപള്ളി ബാവയ്ക്ക് യാത്രയയപ്പ് നല്‍കി. തുടര്‍ന്ന് കോതമംഗലം വലിയ പള്ളിയിലേക്ക് ബാവയുടെ ഭൗതിക ശരീരമെടുത്തു. പൊന്‍കുരിശും മുത്തക്കുടയുമായി വിശ്വാസി സമൂഹം അണിനിരന്ന പ്രദക്ഷിണത്തിനൊപ്പമാണ് ബാവയെ വലിയപള്ളിയിലേക്ക് കൊണ്ടുപോയത്. അവിടെയും നൂറുകണക്കിന് ആളുകള്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.

കോതമംഗലത്തെ സഭാ സ്ഥാപനമായ മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ജീവനക്കാര്‍ ശ്രേഷ്ഠ ബാവയ്ക്ക് ആദരം അര്‍പ്പിച്ചു. തുടര്‍ന്ന് ശ്രേഷ്ഠ ബാവ താമസിച്ചിരുന്ന കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയില്‍ ഭൗതിക ശരീരമെത്തിച്ചു. അന്ത്യോഖ്യ-മലങ്കര ബന്ധം നീണാള്‍ വാഴട്ടെയെന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ട് വിശ്വാസികള്‍ ബാവയ്ക്ക് യാത്രയയപ്പ് നല്‍കി.

അന്തിമോപചാരമര്‍പ്പിച്ച് പ്രമുഖര്‍, മൂവാറ്റുപുഴയില്‍ പ്രാര്‍ഥനാപൂര്‍ണമായ യാത്രയയപ്പ് 

കോതമംഗലം: കോതമംഗലത്ത് ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രമുഖരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, മന്ത്രി സജി ചെറിയാന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എം.പി.മാരായ ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍, എം.എല്‍.എ.മാരായ ആന്റണി ജോണ്‍, മാത്യു കുഴല്‍നാടന്‍, എല്‍ദോസ് കുന്നപ്പിള്ളി, അന്‍വര്‍ സാദത്ത്, ചാണ്ടി ഉമ്മന്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, കേരള കോണ്‍ഗ്രസ് (ജേക്കബ്) ലീഡര്‍ അനൂപ് ജേക്കബ് എം.എല്‍.എ., സുപ്രീംകോടതി റിട്ട. ജഡ്ജ് ജസ്റ്റിസ് കുര്യന്‍ ജോസഫ്, യു.ഡി.എഫ്. ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, സിറോ മലങ്കര സഭ ബിഷപ്പ്് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് തുടങ്ങിയവര്‍ കോതമംഗലം ചെറിയപള്ളിയിലും വലിയ പള്ളിയിലുമായി നടന്ന പൊതുദര്‍ശനത്തിനിടെ അന്തിമോപചാരമര്‍പ്പിച്ചു.

മൂവാറ്റുപുഴ: കാലംചെയ്ത ശ്രേഷ്ഠ ബാവയ്ക്ക് മൂവാറ്റുപുഴയില്‍ പ്രാര്‍ഥനാപൂര്‍ണമായ യാത്രയയപ്പ്. ബാവയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വൈകീട്ട് ഏഴു മണിയോടെയാണ് മൂവാറ്റുപുഴയിലെത്തിയത്. കോതമംഗലത്തുനിന്ന് ഏഴുമണി കഴിഞ്ഞപ്പോഴേക്കും കെ.എസ്.ആര്‍.ടി.സി. ലോ ഫ്‌ളോര്‍ ബസ് എത്തി. മുന്‍ മന്ത്രി രമേശ് ചെന്നിത്തല എം.എല്‍.എ., മന്ത്രി റോഷി അഗസ്റ്റിന്‍, ബെന്നി ബഹനാന്‍ എം.പി., ആന്റണി ജോണ്‍ എം.എല്‍.എ., മുന്‍ എം.എല്‍.എ. ജോസഫ് വാഴയ്ക്കന്‍, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മൂവാറ്റുപുഴ നഗരസഭാ ധ്യക്ഷനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി.പി. എല്‍ദോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍, നേതാക്കളായ ജെയ്സണ്‍ ജോസഫ്, കെ.എം. സലിം, മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, ജോണ്‍ തെരുവത്ത്, സാബു ജോണ്‍, സുഭാഷ് കടയ്ക്കോട്ട് തുടങ്ങി നിരവധി നേതാക്കള്‍ ആദരാഞ്ജലികളര്‍പ്പിച്ചു.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ അനുശോചിച്ചു
കൊച്ചി: ശ്രേഷ്ഠ ബാവയുടെ ഓര്‍മ്മ എന്നും നിലനില്‍ക്കുമെന്ന് പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ. ശ്രേഷ്ഠ ബാവയുടെ വിയോഗത്തെ തുടര്‍ന്ന് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യാക്കോബായ സഭ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ ഫോണില്‍ വിളിച്ച് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ അനുശോചനം അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇപ്പോള്‍ വരാന്‍ കഴിയാത്ത സാഹചര്യം അറിയിച്ചു. എത്രയും വേഗം കേരളത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. ബാവയുടെ വിയോഗത്തില്‍ വിശ്വാസികളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും അദ്ദേഹം പറഞ്ഞു.