കോഴിക്കോട്: ഉരുൾപൊട്ടൽ ദുരിത ബാധിതരോടുളള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വിലങ്ങാട് വ്യാഴാഴ്ച ഹർത്താൽ. കോൺ​ഗ്രസ്സും ബിജെപിയുമാണ് രാവിലെ ആറ് മണിമുതൽ വെെകുന്നേരം ആറ് മണിവരെ ഹർത്താലിന് ആഹ്വാനം ചെയ്തത്. 

To advertise here,

ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നു, സർക്കാർ പ്രഖ്യാപനങ്ങൾ വെെകുന്നു, സർക്കാർ പുറത്തിറക്കിയ ദുരിതബാധിതരുടെ ലിസ്റ്റിൽ പേരില്ല തുടങ്ങിയ ആരോപണങ്ങളുമായി ദുരിത ബാധിതർ വിലങ്ങാട് വില്ലേജ് ഓഫീസിന് മുന്നിൽ ബുധനാഴ്ച കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. 

പോലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും ഉണ്ടായി. വില്ലേജ് ഓഫീസിന്റെ ​ഗ്രിൽ ഇളക്കിമാറ്റി അകത്തുകടക്കാനുള്ള സമരക്കാരുടെ ശ്രമം പോലീസ് തടയുകയും ചെയ്തിരുന്നു. വിലങ്ങാട് സെന്റ് ജോർജ് ഹെെസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50-ലേറെ പേരാണ് പ്രതിഷേധം നടത്തിയത്. രണ്ട് ദിവസം മുൻപ് പ്രതിഷേധക്കാർ വില്ലേജ് ഓഫീസ് പൂട്ടിയിടുകയും സ്ഥലത്തെത്തിയ തഹസിൽദാർ ഉൾപ്പെടെ ഉള്ളവരെ തടയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച വീണ്ടും പ്രതിഷേധം നടന്നത്.