കോഴിക്കോട്: ആരോഗ്യപ്രശ്‌നങ്ങളില്‍ തളര്‍ന്ന് ഹര്‍ഷിന. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് അഞ്ചുവര്‍ഷം കടുത്ത വേദനയനുഭവിച്ച കെ.കെ. ഹര്‍ഷിനയാണ് ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍മൂലം അതിലേറെ ദുരിതമനുഭവിക്കുന്നത്. കത്രിക ദീര്‍ഘകാലം വയറ്റില്‍ക്കിടന്നതും തുടര്‍ചികിത്സകളും ശസ്ത്രക്രിയകളുമെല്ലാമാണ് ഇപ്പോഴത്തെ കടുത്ത വേദനകള്‍ക്ക് കാരണമായിരിക്കുന്നതെന്ന് ഹര്‍ഷിന പറയുന്നു.

To advertise here,

പ്രസവശസ്ത്രക്രിയക്കുശേഷം വേദന മാറാത്തതിനെത്തുടര്‍ന്ന് മൂത്രാശയ അണുബാധയ്ക്ക് ഉള്‍പ്പെടെയുള്ള പല മരുന്നുകളും ഹര്‍ഷിന ദീര്‍ഘകാലം കഴിച്ചിരുന്നു. ചെറിയ ശസ്ത്രക്രിയകള്‍ക്ക് വിധേയമാവുകയും ചെയ്തു. ഒടുവില്‍ അഞ്ചുവര്‍ഷത്തിനുശേഷമാണ് കത്രിക വയറ്റില്‍ കുടുങ്ങിയത് കണ്ടെത്തിയതും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതും. ഇപ്പോള്‍ അടിവയറ്റില്‍നിന്നുള്ള വേദന കാരണം അരമണിക്കൂര്‍പോലും ഇരിക്കാനാവാത്ത സ്ഥിതിയിലാണ്. കാലുകളിലും പുറത്തും കടുത്ത വേദനയുമുണ്ട്. ചെറിയ ജോലികള്‍ ചെയ്യുകയോ അല്പം നടക്കുകയോ ചെയ്താല്‍പ്പോലും പേശികള്‍ തളര്‍ന്നുപോകുന്ന അവസ്ഥയിലാണ്.

കത്രിക വയറ്റിനകത്ത് കിടന്ന അഞ്ചുവര്‍ഷം അനുഭവിച്ചതിന്റെ ഇരട്ടിവേദനകളും പ്രയാസങ്ങളുമാണ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികമായുള്‍പ്പെടെ എല്ലാ രീതിയിലും തകര്‍ന്ന ഞങ്ങള്‍ക്ക് ചികിത്സപോലും ബുദ്ധിമുട്ടിലായ അവസ്ഥയാണ്. തുടര്‍ചികിത്സയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പുവരുത്തണമെന്നും ഹര്‍ഷിന പറഞ്ഞു.

''ആരോഗ്യമന്ത്രി കൂടെയുണ്ടെന്നും നീതി ഉറപ്പാക്കുമെന്നും പറയാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്നുകഴിഞ്ഞു. പക്ഷേ, ഒരുതരത്തിലുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല'' -ഹര്‍ഷിന നിരാശ മറച്ചുവെയ്ക്കുന്നില്ല.

സെക്രട്ടേറിയറ്റിനുമുന്നില്‍ എട്ടിന് ഏകദിന സത്യാഗ്രഹം

ഹര്‍ഷിനയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എട്ടിന് 10 മുതല്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ഏകദിന സത്യാഗ്രഹസമരം നടത്തുമെന്ന് ഹര്‍ഷിന സമരസഹായസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനംചെയ്യും.

2024 ജൂലായില്‍ കേസ് സ്റ്റേ ചെയ്തിട്ടും ഹൈക്കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടാത്തത് കേസ് അട്ടിമറിക്കുന്നതിനുവേണ്ടിയാണെന്ന് സംശയിക്കുന്നതായി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ പറഞ്ഞു. ഹര്‍ഷിനയുടെ നിയമപോരാട്ടത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിച്ച് ഉത്തരവിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.കെ. ഹര്‍ഷിന, കണ്‍വീനര്‍ മുസ്തഫ പാലാഴി, എം.ടി. സേതുമാധവന്‍, എം.വി. അബ്ദുല്‍ ലത്തീഫ്, ഹര്‍ഷിനയുടെ ഭര്‍ത്താവ് അഷ്റഫ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.