
കോഴിക്കോട്: വേദനകളിൽ തളരാതെ, വീഴാതെ ഒരു സിസ്റ്റത്തിനെതിരേ പോരാടിയ ഹർഷിനയ്ക്ക് ഒടുവിൽ മധുരവിജയം. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നടന്ന പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെത്തുടർന്ന് ഏറെ ദുരിതമനുഭവിച്ച ഹർഷിനയ്ക്ക് സർക്കാർജോലി നൽകുമെന്ന ഉറപ്പ് ആരോഗ്യമന്ത്രി കെ. മുരളീധരനിൽനിന്ന് തിങ്കളാഴ്ച ലഭിച്ചത് യഥാർഥ പെരുന്നാൾസമ്മാനമായി. ദീർഘനാളത്തെ പോരാട്ടത്തിന്റെ തിളക്കമാർന്ന ഫലസമാപ്തി.
‘‘സമാധാനം... എത്രയോ വർഷങ്ങൾക്കുശേഷം മനസ്സ് ശരിക്കും സമാധാനം അനുഭവിക്കുകയാണ്. ഞങ്ങളുടെ കണ്ണീർ പടച്ചോൻ കണ്ടു. എത്ര തടസ്സപ്പെടുത്താൻനോക്കിയാലും നമ്മളിലേക്ക് എത്തേണ്ടത് നമ്മളിലേക്കുതന്നെ വന്നുചേരും’’-ഹർഷിനയുടെ ആദ്യപ്രതികരണം. ‘‘അവഗണിച്ചും പുച്ഛിച്ചു തള്ളിയവർക്കുമുള്ള മധുരപ്രതികാരമാണിത്. യു.ഡി.എഫ്. സർക്കാർ ജനങ്ങളോട് ഒപ്പംനിൽക്കുന്ന സർക്കാരാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവും’’ -ആശ്വാസത്തിന്റെ ചിരിയോടെ ഹർഷിന പറഞ്ഞു.
2017 നവംബർ 30-ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. നേരത്തേ നടന്ന രണ്ട് പ്രസവശസ്ത്രക്രിയകളും താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. എന്നാൽ, മൂന്നാമത്തെ പ്രസവം കഴിഞ്ഞതോടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങിയത്. വേദനയും ആരോഗ്യപ്രശ്നങ്ങളും കൂടി വന്നതോടെ പല ഡോക്ടർമാരെയും മാറിമാറി കാണിച്ചു. ഒട്ടേറെ മരുന്നുകളും കഴിച്ചു. പലതവണ അണുബാധയുണ്ടായതോടെ ചെറിയ ശസ്ത്രക്രിയകളും വേണ്ടിവന്നു. ഒടുവിൽ വേദന സഹിച്ചുതീർത്ത അഞ്ചുവർഷത്തിനുശേഷം കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിനിടെയാണ് വയറ്റിൽ ഒരു ലോഹഭാഗം ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽതന്നെ ചികിത്സ തേടി. സെപ്റ്റംബർ 17-ന് നടത്തിയ ശാസ്ത്രക്രിയയിലൂടെ 6.I സെൻറീമീറ്റർ നീളമുള്ള ഫോർസെപ്സ് (ശസ്ത്രക്രിയക്കുപയോഗിക്കുന്ന കത്രിക) വയറ്റിൽനിന്ന് പുറത്തെടുക്കുകയായിരുന്നു.
ചികിത്സയ്കായി ഒരുപാട് പണം ചെലവായി. ആശുപത്രികൾ കയറിയിറങ്ങുന്നതിനിടെ ഭർത്താവിന്റെ ബിസിനസ് തകർന്നു. പിന്നീട് നീതിക്കായുള്ള നീണ്ട സമരങ്ങളായിരുന്നു.
ഹർഷിനയോട് ചൊവ്വാഴ്ചതന്നെ ജോലിയിൽ പ്രവേശിക്കാനാണ് സർക്കാർ നിർദേശിച്ചത്. അതിനായി തിങ്കളാഴ്ച വൈകീട്ടുതന്നെ തിരുവനന്തപുരത്തുനിന്ന് തിരിക്കുകയും ചെയ്തു. എന്നാൽ, ഇതിനിടയാണ് സമരങ്ങൾക്കെല്ലാം ഒപ്പം നിന്ന സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണയുടെ അമ്മ മരിച്ച വിവരം അറിയുന്നത്. അതിനാൽ ചൊവ്വാഴ്ച ജോലിയിൽ പ്രവേശിക്കുന്ന കാര്യം ആലോചിച്ച് രാവിലെയോടെയേ തീരുമാനമെടുക്കൂവെന്ന് ഹർഷിന പറഞ്ഞു.
Published: 26 May 2026, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented