ഗുരുവായൂര്‍ : തറക്കല്ലിട്ട് 30 വര്‍ഷമായിട്ടും പേരിലൊതുങ്ങി ഗുരുവായൂര്‍-തിരുനാവായ പാത. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മാറിയുംമറിഞ്ഞും കാലങ്ങള്‍ കടന്നുപോയി. 2019-നു ശേഷം ഒരടി പോലും മുന്നോട്ടുപോകാതെ പദ്ധതി മരവിപ്പിച്ചു. എന്നാല്‍, തിരുനാവായ പദ്ധതി വേണമെന്ന ആവശ്യം ശക്തമായി തുടര്‍ന്നു. ഒടുവിലിപ്പോള്‍ പദ്ധതി മരവിപ്പിച്ചത് റദ്ദാക്കാന്‍ ദക്ഷിണ റെയില്‍വേ, റെയില്‍വേ ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

To advertise here,

ദക്ഷിണ റെയില്‍വേ മാനേജര്‍ ആര്‍.എന്‍. സിങ് ആണ് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുള്ളത്. തീര്‍ഥാടനകേന്ദ്രമായ ഗുരുവായൂരിലേക്ക് സുഗമമായി എത്താനുള്ള റെയില്‍മാര്‍ഗം എന്ന നിലയില്‍ തിരുനാവായ പാതയെ പരിഗണിക്കാമെന്നതാണ് ദക്ഷിണറെയില്‍വേയുടെ ശുപാര്‍ശ. പദ്ധതി മരവിപ്പിച്ചിരുന്നതു കാരണം കേന്ദ്ര ബജറ്റുകളില്‍ അനുവദിച്ചിരുന്ന പണം വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. പദ്ധതിയെ പുനരുജ്ജീവിപ്പിക്കുമ്പോള്‍, സര്‍വേനടപടികള്‍ പുനരാരംഭിക്കേണ്ടതുണ്ട്.

സര്‍വേ നടത്താനുള്ള അനുകൂലസാഹചര്യം സംസ്ഥാനസര്‍ക്കാരാണ് സൃഷ്ടിക്കേണ്ടത്. ദേശീയപാതയുടെ നിര്‍മാണംപോലെ സംസ്ഥാനസര്‍ക്കാര്‍ സഹകരിച്ചാല്‍ തിരുനാവായ പാതയ്ക്കും ജീവന്‍ വെച്ചേക്കുമെന്നാണ് പറയുന്നത്. സര്‍വേയ്ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി എസ്റ്റിമേറ്റില്‍ വലിയ മാറ്റമുണ്ടാകും. ഗുരുവായൂരില്‍നിന്ന് വടക്കോട്ടുള്ള പാത നടപ്പായാല്‍ മാത്രമേ, ഗുരുവായൂര്‍ റെയില്‍വേവികസനം സാധ്യമാകൂ. ഉത്തരേന്ത്യയില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഗുരുവായൂരിലേക്ക് തീവണ്ടിമാര്‍ഗം എത്തുകയും ചെയ്യാം. തൃശ്ശൂര്‍ എംപിയുടെ ഇടപെടലുംകൂടിയുണ്ടായാല്‍ കാര്യങ്ങള്‍ വേഗത്തിലാകും.

വടക്കോട്ടുള്ള പാതയുടെ ചരിത്രം

1995 ഡിസംബര്‍ 17-ന് റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് കല്‍മാഡിയാണ് വടക്കോട്ടുള്ള പാതയ്ക്ക് തറക്കല്ലിട്ടത്. ഗുരുവായൂര്‍ സ്റ്റേഷന്റെ വടക്കേ അറ്റത്ത് രണ്ട് സ്വകാര്യ വ്യക്തികളുടെ മുറ്റത്ത് ആ കല്ലുകള്‍ 'സ്മാരക'മായി കിടക്കുകയാണ്. 1982-ലാണ് ഗുരുവായൂരില്‍നിന്ന് വടക്കോട്ടുള്ള പാതയുടെ പ്രഖ്യാപനം നടന്നത്. അന്ന് ഗുരുവായൂര്‍-കുറ്റിപ്പുറം പാതയെന്നായിരുന്നു പേര്.

പിന്നീട് തിരൂര്‍ പാതയും അതിനുശേഷം താനൂരുമായി. ഏറ്റവുമൊടുവിലാണ് തിരുനാവായയിലേക്ക് നിശ്ചയിച്ചത്. 35 കിലോമീറ്ററാണ്. ഇതില്‍ പകുതിയിലേറെയും സര്‍വേ നടത്താനുണ്ട്. കല്ലിട്ട വര്‍ഷം കേന്ദ്രബജറ്റില്‍ 37 കോടി രൂപ വകയിരുത്തുകയുണ്ടായി. ഈ പദ്ധതിക്കൊപ്പം തറക്കല്ലിട്ട തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും റെയില്‍പാതകളില്‍ക്കൂടി വണ്ടി ഓടിത്തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.