ഗുരുവായൂര്‍: തീര്‍ഥക്കുളത്തില്‍ ആചാരലംഘനം ഉണ്ടായതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ചൊവ്വാഴ്ച പുണ്യാഹവും ശുദ്ധികര്‍മങ്ങളും നടന്നു. 19 ശീവേലികളും 19 പൂജകളും നിവേദ്യങ്ങളും ആവര്‍ത്തിച്ചു. ആചാരലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആറു ദിവസം കണക്കാക്കിയുള്ള ശുദ്ധികര്‍മങ്ങളാണ് നടന്നത്. കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതി ക്ഷേത്രക്കുളത്തിലിറങ്ങി റീല്‍സ് ചിത്രീകരിച്ചതിനെ തുടര്‍ന്ന് തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ക്ഷേത്രത്തില്‍ പുണ്യാഹവും ശുദ്ധിയും വേണ്ടി വന്നത്. സംഭവം വിവാദമായപ്പോള്‍ യുവതി സാമൂഹികമാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എങ്കിലും അവരുടെ പേരില്‍ ദേവസ്വം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

To advertise here,

ആദ്യത്തെ ശീവേലി പുലര്‍ച്ചെ അഞ്ചിനായിരുന്നു. അവസാനത്തേത് ഉച്ചയ്ക്ക് ഒന്നരയ്ക്കും. രാവിലെ ഉഷഃപൂജയും ബലി തൂവലും മേല്‍ശാന്തി കവപ്ര മാറാത്ത് അച്യുതന്‍ നമ്പൂതിരിയും ആവര്‍ത്തന ചടങ്ങുകള്‍ കക്കാട് കിരണ്‍ ആനന്ദ് നമ്പൂതിരി, പൊട്ടക്കുഴി ആര്യന്‍ നമ്പൂതിരി, പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരി, പഴയത്ത് കൃഷ്ണപ്രസാദ് നമ്പൂതിരി, മുന്നൂലം ഹരി നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലുള്ള ഓതിക്കന്‍മാരും നിര്‍വഹിച്ചു. പിടിയാന ദേവിയും കൊമ്പന്‍മാരായ ബലറാമും ചെന്താമരാക്ഷനുമായിരുന്നു ശീവേലിക്ക് എഴുന്നള്ളിച്ചത്. ശാന്തിയേറ്റ കീഴ്ശാന്തിമാരായ അക്കാരപ്പിള്ളി മനു മാധവന്‍ നമ്പൂതിരിയും നാഗേരി ശ്രീരാഗ് നമ്പൂതിരിയും ഭഗവദ് തിടമ്പ് വഹിച്ചു.

ക്ഷേത്രത്തില്‍ പത്തു വര്‍ഷത്തിനുശേഷമാണ് ഒറ്റ ദിവസം ഇതുപോലെ ആവര്‍ത്തനച്ചടങ്ങുകള്‍ നടക്കുന്നത്. അവകാശികളായ പത്തുകാര്‍ക്കും കഴകക്കാര്‍ക്കും കീഴ്ശാന്തിമാര്‍ക്കും വിശ്രമമില്ലായിരുന്നു. തുടര്‍ച്ചയായുള്ള ചടങ്ങുകള്‍ കാരണം പുലര്‍ച്ചെ അഞ്ചുമുതല്‍ ഉച്ച വരെ ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചില്ല. ഓരോ ശീവേലിയും കഴിയുമ്പോള്‍ ഭക്തര്‍ക്ക് കൊടിമരത്തിനു മുന്നില്‍ തൊഴാനുള്ള സൗകര്യമൊരുക്കി. നിയന്ത്രണങ്ങള്‍ കാരണം ദര്‍ശനത്തിന് പൊതുവെ ഭക്തര്‍ കുറവായിരുന്നു. ചോറൂണ്‍, തുലാഭാരം, കല്യാണം എന്നിവയ്ക്ക് തടസ്സമുണ്ടായില്ല.