ഇരിട്ടി : ചരക്കുസേവന നികുതി (ജി.എസ്.ടി.) വകുപ്പിൽ 20-ലധികം ഡെപ്യൂട്ടി കമ്മിഷണർ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. സ്റ്റേറ്റ് ടാക്സ് ഓഫീസർമാരിൽ (എസ്.ടി.ഒ.) നിന്ന് സ്ഥാനക്കയറ്റം വഴിയാണ് ഡെപ്യൂട്ടി കമ്മിഷണർമാരെ നിയമിക്കേണ്ടത്. സീനിയോറിറ്റി തർക്കമാണ് സ്ഥാനക്കയറ്റ നടപടി വൈകാൻ കാരണം. അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരിൽനിന്ന് സ്ഥാനക്കയറ്റം വഴിയും പി.എസ്.സി. വഴിയുമാണ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരെ നിയമിക്കുന്നത്. 80 ശതമാനം നിയമനം സ്ഥാനക്കയറ്റം വഴിയും 20 ശതമാനം പി.എസ്.സി. വഴിയുമാണ്. സ്ഥാനക്കയറ്റം വഴി നിയമനം നേടിയ ടാക്സ് ഓഫീസർമാരും പി.എസ്.സി. വഴി നേരിട്ട് നിയമനം നേടിയവരും തമ്മിലുള്ള ശീതസമരമാണ് ഡെപ്യൂട്ടി കമ്മിഷണർ സ്ഥാനക്കയറ്റത്തെ ബാധിച്ചിരിക്കുന്നത്.
2005 മുതൽ പ്രൊമോഷൻ വഴി നിയമനം ലഭിച്ചവരും പി.എസ്.സി. വഴി നേരിട്ട് നിയമിതരായവരും തമ്മിൽ സീനിയോറിറ്റിയെച്ചൊല്ലി തർക്കമുണ്ട്. പി.എസ്.സി. വഴി നിയമിതരായ ഉദ്യോഗാർഥികളുടെ സീനിയോറിറ്റി പി.എസ്.സി.യുടെ അഡ്വൈസ് ലഭിച്ച തീയതിമുതൽ കണക്കാക്കണമെന്നാണ് സർക്കാർ ഉത്തരവുകളും കോടതിവിധികളും. ഇതിനെ മറികടന്ന് പരിശീലനം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ച തീയതിമുതൽ സീനിയോറിറ്റി കണക്കാക്കിക്കൊണ്ടുള്ള ഇടപെടലാണ് സ്ഥനക്കയറ്റത്തെ ബാധിച്ചതെന്ന് ഒരു വിഭാഗം പറയുന്നു. ഇതിനെതിരേ ഒരു വിഭാഗം ജീവനക്കാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി നൽകിയിരുന്നു. ട്രിബ്യൂണൽ സർക്കാരിനോട് വിഷയം പരിശോധിക്കാൻ നിർദേശിച്ചു. ഇതുപ്രകാരം 56 പ്രൊമോഷൻ ഉദ്യോഗസ്ഥർക്ക് മുകളിലായി പി.എസ്.സി. വഴി നിയമിതരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സീനിയോറിറ്റി പട്ടിക തിരുത്താൻ നിർദേശം നൽകി.
പി.എസ്.സി. അഡ്വൈസ് തീയതി അടിസ്ഥാനമാക്കിയുള്ള സീനിയോറിറ്റി ഉറപ്പാക്കുന്നതായിരുന്നു ഉത്തരവ്. സർക്കാർ നിർദേശിച്ച രീതിയിൽ സ്ഥാനക്കയറ്റ പട്ടിക പ്രസിദ്ധപ്പെടുത്താൻ ട്രിബ്യൂണൽ ഉത്തരവായി. ഇതോടെ സ്ഥാനക്കയറ്റം ലഭിച്ച 92 പേരുടെ മുകളിലായി പി.എസ്.സി. വഴി നിയമനം ലഭിച്ചവർക്ക് സ്ഥാനക്കയറ്റം നൽകി പട്ടിക പുനഃക്രമീകരിക്കാത്തതാണ് സ്ഥാനക്കയറ്റത്തെ ബാധിച്ചിരിക്കുന്നത്. വകുപ്പിലെ മേലുദ്യോഗസ്ഥരുടെ മെല്ലെപ്പോക്കും കാരണമാണ്. സ്ഥാനക്കയറ്റം വൈകുന്നതിനാൽ രണ്ട് വർഷം മുമ്പ് പി.എസ്.സി. പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ടാക്സ് ഓഫീസർമാരുടെ റാങ്ക് പട്ടികയിൽനിന്ന് 12 പേർക്ക് മാത്രമാണ് നിയമനം കിട്ടിയത്. 300-ഓളം പേർ ഉൾപ്പെട്ടതാണ് പട്ടിക.
Content Highlights: Deputy Commissioner Posts Vacant in GST Department
Published: 14 Feb 2026, 07:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented