തിരുവനന്തപുരം: രാജ്‌ഭവനിൽ ആദ്യമായി നടന്ന വിദ്യാരംഭച്ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 61 കുട്ടികളെ എഴുത്തിനിരുത്തി. ‘ഓം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു’ എന്ന് ദേവനാഗിരി ലിപിയിലും ‘ഓം, അ, ആ’ എന്നിവ മലയാളത്തിലുമാണ് ഗവർണർ എഴുതിച്ചത്. അറബിയിൽ എഴുതാൻ താത്പര്യം കാട്ടിയ കുട്ടികളെ അറബിയിലും എഴുതിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ അഞ്ചു കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു. മലയാളത്തിലാണ് അദ്ദേഹം ഹരിശ്രീ എഴുതിച്ചത്.

To advertise here,

വിദ്യാരംഭത്തിന് രജിസ്റ്റർ ചെയ്തവർക്കൊപ്പം ഗവർണറുടെ പേരക്കുട്ടികളായ റാഹം, ഇവാൻ, സീറ, അൻ വീർ എന്നിവരും ആദ്യക്ഷരം എഴുതി. അറബിക് അക്ഷരവും ഖുറാനിൽ അവതരിപ്പിക്കപ്പെട്ട ‘ദൈവനാമത്തിൽ വായിക്കൂ’ എന്നർഥം വരുന്ന ആദ്യ വാക്യവുമാണ് ഗവർണർ എഴുതിച്ചത്. രാജ് ഭവൻ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ വേദിയിലായിരുന്നു ചടങ്ങ്. തിരുവനന്തപുരത്തിനു പുറമേ കോട്ടയം, ഇടുക്കി, തൃശ്ശൂർ തുടങ്ങിയ ജില്ലകളിൽനിന്നു കുട്ടികൾ എത്തിയിരുന്നു. കുട്ടികൾക്കെല്ലാം അക്ഷരമാല, പ്രസാദം, കളറിങ്‌ ബുക്ക്, ക്രയോൺ തുടങ്ങിയവ നൽകി.

വിദ്യാരംഭച്ചടങ്ങിനും പൂജയ്ക്കും നേതൃത്വം നൽകിയ ആചാര്യൻ എസ്.ഗിരീഷ് കുമാർ, പ്രൊഫ. പൂജപ്പുര കൃഷ്ണൻനായർ, എൻ.രാജീവ്, എം.ശങ്കരനാരായണൻ, ആർ.രാജേന്ദ്രൻ, ഡി.ഭഗവൽദാസ് എന്നിവരെ ചടങ്ങിനുശേഷം ഗവർണർ ആദരിച്ചു.

അനന്യ, അദ്വിഷ്, ഹിദ, ഐറീൻ, ഏണസ്റ്റോ എന്നീ കുട്ടികളെയാണ് മുഖ്യമന്ത്രി എഴുത്തിനിരുത്തിയത്. പൊതുവിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണെന്ന് പിന്നീട് മുഖ്യമന്ത്രി പറഞ്ഞു. ഈ മാറ്റങ്ങളെ കൂടുതൽ ജനകീയമാക്കാനും മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗകര്യങ്ങളുമൊരുക്കാനും സാധിക്കണം. അറിവും നൈപുണിയും കൈമുതലാക്കിയ ഒരു നവകേരളം വാർത്തെടുക്കാൻ വിദ്യാരംഭദിനം ഊർജം പകരട്ടെയെന്നും അദ്ദേഹം ആശംസ അറിയിച്ചു.

കേന്ദ്രമന്ത്രി വി.മുരളീധരൻ ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിൽ നടന്ന വിദ്യാരംഭത്തിൽ പങ്കെടുത്തു. ജ്ഞാനമാണ് വലിയ കരുത്തെന്നു പറഞ്ഞ പൂർവികരുടെ നാടാണ് ഭാരതമെന്നും അറിവിനെ ആയുധമാക്കി മുന്നോട്ടുപോകണമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

പൂജപ്പുര സരസ്വതീമണ്ഡപത്തിൽ ഡോ. ശശി തരൂർ എം.പി. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു. ഗാന്ധിഭവനിൽ ദേശീയ ബാലതരംഗത്തിന്റെ വിദ്യാരംഭത്തിൽ ഡോ. ശശി തരൂർ, ഡോ. എസ്.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ശിശുക്ഷേമ സമിതിയിൽ ഒൻപതു കുട്ടികൾ ആദ്യക്ഷരം കുറിക്കുകയും 10 പേർ കലയ്ക്ക് ഹരിശ്രീ കുറിക്കുകയും ചെയ്തു. എ.എ.റഹീം എം.പി., നിയുക്ത വനിതാ ശിശുവികസന ഡയറക്ടർ ഹരിത വി.കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഭാരതീയ വിചാരകേന്ദ്രത്തിൽ വി.എസ്.എസ്.സി. ഡയറക്ടർ ഡോ. എസ്.ഉണ്ണികൃഷ്ണൻനായർ, ഡോ. ആശ കിഷോർ, കേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ, അധ്യക്ഷൻ ഡോ. സി.വി.ജയമണി എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു.