കോഴിക്കോട്: ഇന്ത്യയിൽ സ്വർണവില നിർണയത്തിൽ അംഗീകൃതമായ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ചില പ്രവണതകൾ കാണുന്നുണ്ടെന്നും അത് സ്വർണവ്യാപാരത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന വിശ്വാസ്യതയ്ക്ക് പോറലുണ്ടാക്കുമെന്നും മലബാർഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

To advertise here,

അന്താരാഷ്ട്രവിപണിയിലെ സ്വർണവില, ഡോളറുമായുള്ള ഇന്ത്യൻരൂപയുടെ വിനിമയനിരക്ക്, ഇറക്കുമതിത്തീരുവ എന്നീ മൂന്നുഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും സ്വർണവില നിശ്ചയിക്കുന്നത്. കസ്റ്റംസ് തീരുവ നിശ്ചിതകാലത്തേക്ക് സ്ഥിരമാണ്. എന്നാൽ, അന്താരാഷ്ട്ര സ്വർണവിലയും ഇന്ത്യൻരൂപയുടെ മൂല്യവും ചാഞ്ചാടിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് ഓരോ ദിവസവും വില നിർണയിക്കുന്നത്.

കേരളത്തിൽ വിലനിർണയം വിശ്വാസ്വതയോടെയും കൃത്യമായും നടത്തിവരുന്നത് ഗോൾഡ് മർച്ചൻറ്‌്സ്‌ അസോസിയേഷനുകളാണ്. രാവിലെ ഒൻപതരയ്ക്കുമുൻപ്‌ വില പ്രസിദ്ധപ്പെടുത്തും. വിപണിയിൽ അസാധാരണ മാറ്റങ്ങൾ സംഭവിക്കുന്ന വേളയിൽ മാത്രമേ ഒരുദിവസം നടത്തിയ വിലനിർണയത്തിൽ മാറ്റംവരുത്താറുള്ളു.

എന്നാൽ, ഡിസംബർ 27 അവസാന ശനിയാഴ്ച ഇന്റർനാഷണൽ മാർക്കറ്റുകൾ അവധിയായിരിക്കെ ഒരു വിഭാഗം വ്യാപാരികൾ ഏകപക്ഷീയമായും നിലവിലുള്ള ധാരണയ്ക്ക് വിരുദ്ധമായും വൈകീട്ട് അഞ്ചുമണിക്കുശേഷം ഗ്രാമിന് 110 രൂപ വില വർധിപ്പിച്ചു. അതിന്റെ കാരണം ഉപഭോക്താക്കളോട് വിശദീകരിക്കാൻപോലും അവർക്ക് കഴിഞ്ഞില്ല. ഇത്തരം പ്രവണതകൾ വ്യാപാരമേഖലയിലെ വിശ്വാസ്യത തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു.