കൊച്ചി: റാഗിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്‌കൂള്‍ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍. മിഹിര്‍ അഹമ്മദ് എന്ന വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണിതുള്ളത്. അത്തരത്തിലുള്ള നടപടികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇത്തരം നടപടികളില്‍ ഏര്‍പ്പെടുന്നവരെ സ്‌കൂള്‍ സംരക്ഷിക്കില്ല.

To advertise here,

സ്‌കൂള്‍ പരിസരത്ത് കംപ്ലെയിന്റ് ബോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ അധ്യാപകരോട് പരാതി പറയുകയോ കംപ്ലെയിന്റ് ബോക്സ് സൗകര്യം ഉപയോഗിക്കുകയോ ചെയ്യാം. മിഹിറിന്റെ മരണവുമായി ബന്ധപ്പെടുത്താവുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അധ്യാപകരുടെയോ കൗണ്‍സലര്‍മാരുടെയോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

തെളിവുകള്‍ ലഭിക്കാതെ, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരേയും നടപടി സ്വീകരിക്കാനാകില്ല. മാത്രമല്ല, അത്തരം നടപടികള്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കാനിടയുണ്ട്. അതിനാല്‍ തന്നെ നടപടിയെടുക്കുന്നതില്‍ പരിമിതികളുണ്ടെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

വിദ്യാര്‍ഥികളുടെ വൈകാരികവും മാനസികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ സേവനം ലഭ്യമാണെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. മിഹിര്‍ അഹമ്മദ് 2024 നവംബര്‍ നാലിനാണ് സ്‌കൂളില്‍ ജോയിന്‍ ചെയ്യുന്നത്. മറ്റൊരു സ്‌കൂളില്‍ നിന്നാണ് ഇവിടേക്ക് എത്തിയത്.

പുതിയതായി എത്തിയതിന്റെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിന് സ്‌കൂള്‍ കൗണ്‍സലറുടെ നേതൃത്വത്തില്‍ ഐസ് ബ്രേക്കിങ് സെഷന്‍ സ്‌കൂളില്‍ നടത്തിയിരുന്നു. സ്‌കൂളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം

തൃപ്പൂണിത്തുറ: മിഹിര്‍ അഹമ്മദ് എന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഫ്‌ളാറ്റ് സമുച്ചയത്തില്‍നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം. ഹില്‍പ്പാലസ് സി.ഐ. എ.എല്‍. യേശുദാസിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസന്വേഷണം നടത്തുക. ഇതിന് തുടക്കം കുറിച്ചു കഴിഞ്ഞു. മരണമടഞ്ഞ മിഹിറിന്റെ രക്ഷിതാക്കള്‍ ഡി.ജി.പി.ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്. കുട്ടിയെ റാഗ് ചെയ്തതായുള്ള പരാതി ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് സി.ഐ. എ.എല്‍. യേശുദാസ് പറഞ്ഞു. അന്വേഷണസംഘം മിഹിര്‍ പഠിച്ചിരുന്ന സ്‌കൂളിലെ രണ്ട് സഹപാഠികളുടെ മൊഴി എടുത്തുകഴിഞ്ഞു.

മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും പിന്നീട് ഡിലിറ്റും ചെയ്തിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. ആവശ്യമെങ്കില്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടും. സ്‌കൂളില്‍ പരീക്ഷ നടക്കുന്ന സമയമായതിനാലാണ് മറ്റ് അന്വേഷണങ്ങളിലേക്ക് കടക്കാത്തതെന്ന് പോലീസ് പറഞ്ഞു. സ്‌കൂളിലെ സി.സി.ടി.വി. പോലീസ് ലോക്ക് ചെയ്തിട്ടുണ്ട്.