പെരുന്ന: മുഖ്യമന്ത്രി വി.ഡി. സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. തന്നെ കാണാൻ അനുമതി നിഷേധിച്ചില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞത് പച്ചക്കള്ളമാണെന്നും  തന്നോട് മര്യാദ കാട്ടിയില്ലെന്നും സുകുമാരൻ നായർ ആരോപിച്ചു.

To advertise here,

മുൻമുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് നല്ല ബന്ധമായിരുന്നു. ഫോൺ വിളിച്ചാൽ പിണറായി വിജയൻ ഫ്രീ ആണെങ്കിൽ ഉടനെ എടുക്കും, എടുത്തില്ലെങ്കിൽ തിരിച്ചുവിളിക്കാമെന്ന് സന്ദേശം അയക്കും. അങ്ങനെയൊരു മര്യാദ വി.ഡി. സതീശൻ കാണിച്ചില്ല. കോൺഗ്രസ് പാർട്ടിയിൽ നിലവിൽ തിരുത്തൽശക്തികളില്ലെന്നും ഹൈക്കമാൻഡ് എന്നൊന്ന് ഉണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നും സുകുമാരൻ നായർ പരിഹസിച്ചു.

പെരുന്ന ശുദ്ധീകരിക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കും സുകുമാരൻ നായർ മറുപടിനൽകി. സുരേഷ് ഗോപി പെരുന്ന ശുദ്ധീകരിക്കുന്നരിന് മുൻപ് 'അമ്മ' സംഘടന ശുദ്ധീകരിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ വാക്കുകൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും എൻഎസ്എസിനെതിരെ സുരേഷ് ഗോപിക്ക് ഒരുപുല്ലും ചെയ്യാനാവില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

‘മന്നം സമാധി ഞങ്ങൾക്ക് ക്ഷേത്രത്തിനുസമമാണ്. മുൻപ് ഉപരാഷ്ട്രപതി എത്തിയപ്പോൾ സുരക്ഷാ പരിശോധനയുടെ ഭാഗമായി എസ്പിജി ഉദ്യോഗസ്ഥർ മരങ്ങൾ വെട്ടിനശിപ്പിച്ചു. അതിനുപിന്നാലെ പരിശോധനയ്ക്കായി പട്ടികളെ കയറ്റാൻ ശ്രമിച്ചപ്പോഴാണ് അതിന് സമ്മതിക്കാതിരുന്നത്. ക്ഷേത്രത്തിനകത്ത് പട്ടിയെ കയറ്റാൻ സമ്മതിക്കില്ലെന്ന് ഞാൻ പറഞ്ഞു’, സുകുമാരൻ നായർ വ്യക്തമാക്കി.

ഡൽഹിയിലെ കരയോഗത്തിന് എൻഎസ്എസുമായി യാതൊരു ബന്ധവുമില്ലെന്നും അത് അവിടെ രജിസ്റ്റർചെയ്ത് പ്രവർത്തിക്കുന്ന ഒരു സംഘടന മാത്രമാണെന്നും അദ്ദേഹം ആവർത്തിച്ചു. ലോകംമുഴുവൻ നായന്മാരുണ്ടെന്നും അവരെല്ലാം വരുന്നത് കേരളത്തിലേക്കാണെന്നും ഡൽഹിയിലേക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജീവ് ചന്ദ്രശേഖർ എംഎൽഎ സ്വീകരിച്ച നിലപാടിനെ അദ്ദേഹം സ്വാഗതംചെയ്തു. സുരേഷ് ഗോപിയെയും മറ്റും തിരുത്താൻ രാജീവ് ചന്ദ്രശേഖർ കാണിച്ച നിലപാട് അദ്ദേഹത്തിന്റെ മര്യാദയാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.