തിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കാണാൻ അനുമതി നിഷേധിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ബജറ്റ് തിരക്കുകൾക്കിടയിൽ അദ്ദേഹം തന്റെ പി.എയെ വിളിച്ചിരുന്നെന്നും പിന്നീട് താൻ അദ്ദേഹത്തെ തിരിച്ചുവിളിച്ച് സംസാരിക്കുകയും കാണാമെന്ന് സമ്മതിക്കുകയും ചെയ്തതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ, രണ്ട് ദിവസത്തിന് ശേഷം താൻ അനുമതി നൽകിയില്ലെന്ന തരത്തിൽ വാർത്തകൾ വരികയാണുണ്ടായതെന്നും അദ്ദേഹം നേരിട്ട് ഇത്തരമൊരു പരാതി പറഞ്ഞതായി കണ്ടിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. നേതാക്കളെ കാണുന്നത് എപ്പോഴും പരസ്യമായിട്ടാണെന്നും അനുമതി നിഷേധിച്ചാൽ മാത്രമാണ് അത് വാർത്തയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് ഒളിച്ചല്ലെന്നും താൻ അവരെ മുറിയിൽ ഇരുത്തിയാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തനിക്കെതിരെ വ്യാപക പ്രചാരണം നടത്തിയവർ ഉൾപ്പെടെയുള്ളവരാണ് നിവേദനം നൽകാൻ വന്നത്. അവരെ കാണാൻ പറ്റില്ലെന്ന് പറയാൻ കഴിയില്ല. താൻ ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധിയല്ല. അതിനാൽ കാണാൻ വരുന്നവരോട് സംസാരിക്കാതിരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗവൺമെന്റിനെതിരെ സമരംചെയ്യുന്ന എൻ.ജി.ഒ യൂണിയൻ നേതാക്കളും സി.പി.എം അനുകൂല അധ്യാപക സംഘടനകളും താൻ ഹിന്ദു ഐക്യവേദി നേതാക്കളെ ഇരുത്തിയ അതേ കസേരയിൽ വന്നിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ പണ്ട് ആർ.എസ്.എസ് നേതാക്കളെ മസ്കറ്റ് ഹോട്ടലിൽ ഒളിച്ചു കണ്ടതുപോലെയല്ല താൻ നേതാക്കളെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ സ്വാഭാവികമാണ്. ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ആലുവയിലെ വസതിയിൽവന്ന് കണ്ടിരുന്നു. അതുപോലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ കാര്യങ്ങൾ സംസാരിക്കാൻ വന്നിട്ടുണ്ട്. കൂടാതെ നിരവധി ബിഷപ്പുമാരും സമസ്തയുടെ നേതാക്കളും തങ്ങളുടെ സാമൂഹിക പ്രശ്നങ്ങളും സ്ഥാപനങ്ങളുടെ കാര്യങ്ങളും സംസാരിക്കാൻ വരാറുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ആരുവന്നാലും അവർക്ക് പറയാനുള്ളത് കേൾക്കുക എന്നത് ഒരു ജനപ്രതിനിധിയുടെ കടമയാണെന്നും ഇത്തരം കൂടിക്കാഴ്ചകളെ രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: VD Satheesan denied rumors of refusing a meeting with Sukumaran Nair., Satheesan confirmed he spoke to Sukumaran Nair via phone after missing the initial call due to budget sessions., Satheesan emphasized that he is open to meeting social leaders publicly., The controversy arose from media reports rather than direct statements from the NSS General Secretary.
Published: 15 Jul 2026, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented