ആലപ്പുഴ/തിരുവനന്തപുരം: സി.പി.എം. അംഗത്വം ഉപേക്ഷിച്ച മുൻമന്ത്രി ജി. സുധാകരൻ നിയമസഭാതിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും. ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും ആരെങ്കിലും പിന്തുണ വാഗ്ദാനംചെയ്താൽ പിന്തുണയുടെ സ്വഭാവംനോക്കി, സ്വീകരിക്കണമോ എന്നു തീരുമാനിക്കുമെന്നും പുന്നപ്ര പറവൂരിലെ വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

To advertise here,

പാർട്ടിക്കെതിരേ ഒന്നും പറയില്ല. പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയായാൽ സന്തോഷമേയുള്ളൂ. അങ്ങനെയെങ്കിൽ പാർട്ടിസ്ഥാനാർഥിക്കെതിരേ മത്സരിക്കുന്നത് ശരിയാണോയെന്ന ചോദ്യത്തിന്, പാർട്ടിചിഹ്നത്തിൽ മത്സരിക്കുന്നയാൾ ജയിച്ചോട്ടെ എന്നായിരുന്നു മറുപടി.

വടകരയിലെ ആർ.എം.പി. സ്ഥാനാർഥി കെ.കെ. രമയെ പിന്തുണയ്ക്കുന്ന മാതൃകയിൽ സുധാകരനെ പിന്താങ്ങാനാണ് യു.ഡി.എഫ്. ആലോചിക്കുന്നത്. വെള്ളിയാഴ്ച കോൺഗ്രസ് തിരഞ്ഞെടുപ്പുസമിതി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ കൂടിയാലോചിച്ച് കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കും. ഘടകകക്ഷികളുമായി ഇക്കാര്യം കോൺഗ്രസ് നേതൃത്വം ചർച്ചചെയ്ത് സമവായത്തിലെത്തിയിട്ടുണ്ട്.

ചെറുപ്പംമുതൽ ഇതുവരെയുള്ള തന്റെ പാർട്ടിപ്രവർത്തനം ഒരുമണിക്കൂറോളം വിശദീകരിച്ചശേഷമാണ് സ്വതന്ത്രനായി മത്സരിക്കുന്ന കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്. ''ആലപ്പുഴയിലും അമ്പലപ്പുഴയിലുമായി 25 പൊളിറ്റിക്കൽ ക്രിമിനലുകളുണ്ട്. അവരാണ് എനിക്കെതിരേ സൈബർ ആക്രമണം നടത്തുന്നത്. എന്റെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കുന്നു. ഒരു ലോക്കൽകമ്മിറ്റിയംഗം 'സുധാകുരൻ' എന്നു വിളിച്ചു. അതിനെതിരേ പാർട്ടി എന്തുനടപടിയെടുത്തു?''

''ഞാൻ പലതവണ മന്ത്രിയായില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. ഇ.എം.എസ്. ജീവിച്ചിരിപ്പില്ലാത്തതു ഭാഗ്യം. അല്ലെങ്കിൽ അദ്ദേഹത്തോടും അവർ ഇതേ ചോദ്യം ചോദിച്ചേനെ. എ.കെ.ജി. മരണംവരെ പ്രതിപക്ഷനേതാവായിരുന്നല്ലോ. തുടർച്ചയായ അപമാനങ്ങൾമൂലം ബ്രാഞ്ചിൽപ്പോലും പ്രവർത്തിക്കാൻകഴിയാത്ത സാഹചര്യം വന്നപ്പോഴാണ് പാർട്ടിയംഗത്വം പുതുക്കേണ്ടെന്ന് തീരുമാനിച്ചത്'' -സുധാകരൻ പറഞ്ഞു.

സുധാകരൻ ശത്രുവായിക്കാണുന്ന എച്ച്. സലാമാണ് അമ്പലപ്പുഴയിൽ ഇടതുമുന്നണി സ്ഥാനാർഥി. കോൺഗ്രസാകട്ടെ അമ്പലപ്പുഴ ഒഴിച്ചിട്ടിരിക്കയാണ്.