പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് ഓരോ ജില്ലയിലും പങ്കെടുക്കുക

തിരുവനന്തപുരം: നേതാക്കളടക്കമുള്ള പാർട്ടി അംഗങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളുടെ സമഗ്രറിപ്പോർട്ട് സി.പി.എം. വിശാല ജില്ലാകമ്മിറ്റികളിൽ അവതരിപ്പിക്കും. വിശാല സംസ്ഥാനകമ്മിറ്റിയിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ തിരുത്തൽരേഖയാണ് അവതരിപ്പിക്കുക.
ഇതോടൊപ്പം, ഓരോ ജില്ലയിലെയും സംഘടനാ-രാഷ്ട്രീയ കാര്യങ്ങളും റിപ്പോർട്ടിന്റെ ഭാഗമാക്കും. പാർട്ടിഘടകങ്ങളുടെ വീഴ്ച, നേതാക്കളുടെ പോരായ്മകൾ, പ്രവർത്തനവൈകല്യം എന്നിവയ്ക്കെല്ലാം പരിഹാരമുണ്ടാകുംവിധം കമ്മിറ്റികളിൽ തിരുത്തൽ വേണമെങ്കിൽ അത് ചെയ്യണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം. പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് ഓരോ ജില്ലയിലും പങ്കെടുക്കുക. പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ എന്നിവർ ഓരോ സംഘത്തിനും നേതൃത്വംനൽകും. സെക്രട്ടേറിയറ്റ് അംഗങ്ങൾ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ.
ജില്ലാസെക്രട്ടറിമാർക്കുനേരേ വിമർശനം ശക്തമായ കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ ഒന്നിലേറെ പി.ബി. അംഗങ്ങൾ പങ്കെടുക്കാൻ സാധ്യതയുണ്ട്. സെക്രട്ടറിമാരെ മാറ്റുന്ന രീതി വേണ്ടെന്നാണ് പൊതുധാരണ. ജില്ലായോഗത്തിന്റെ പൊതുവികാരം അനുസരിച്ചായിരിക്കും സംഘടനാതലത്തിലെ അഴിച്ചുപണി എത്രത്തോളം വേണമെന്ന് തീരുമാനിക്കുക. പ്രാദേശികതലപ്രശ്നങ്ങൾ കൈകാര്യംചെയ്യുന്ന രീതിയിൽ വീഴ്ചവന്നിട്ടുണ്ടോയെന്നത് ചർച്ചകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കും. വർഗബഹുജനസംഘടനാ ഭാരവാഹികളുടെ പങ്കാളിത്തവും ജില്ലാകമ്മിറ്റികളിൽ ഉറപ്പാക്കും. 26-ന് ആലപ്പുഴയിലാണ് ആദ്യം വിശാല ജില്ലാകമ്മിറ്റിയോഗം. ഒക്ടോബർ 19-ന് കണ്ണൂരിലാണ് അവസാനയോഗം.
ഉൾപ്പാർട്ടി സമരം തുടരും-പി. ജയരാജൻ
കൂത്തുപറമ്പ്: പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരേയുള്ള ഉൾപ്പാർട്ടി സമരം തുടരുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ. സെക്രട്ടേറിയറ്റ് അംഗത്വം സംബന്ധിച്ച് താൻ ഒരുപാട് പുകഴ്ത്തലുകൾ കേൾക്കുന്നുണ്ടെന്നും സ്വപ്നലോകത്തേക്ക് പോകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് സെക്രട്ടേറിയറ്റ് അംഗത്വം വൈകിയെന്നത് വലതുപക്ഷ പ്രചാരണം മാത്രമാണ്.
കോൺഗ്രസ് അധികാരത്തിൽ വന്നതിനുശേഷം കൂടുതൽ സന്തോഷിക്കുന്നത് ആർ.എസ്.എസ്. ആണ്. കേരളം കീഴടക്കണമെങ്കിൽ സി.പി.എമ്മിനെ തകർക്കണം. അതിന്റെ ഭാഗമായാണ് ഇ.ഡി. കേരളത്തിലെത്തിയത്. അതാണ് പിണറായിയെയും റിയാസിനെയും കേസിൽപ്പെടുത്തുന്നത്. ഇ.ഡി.യുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും എതിർക്കും. സി.പി.എം. വിശാല സംസ്ഥാനകമ്മിറ്റി പ്രവർത്തകർക്കും ഇടതുപക്ഷം ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്നവർക്കും വലിയ ആവേശമായി മാറി. പരാജയത്തിൽ നിരാശരായ ജനങ്ങൾക്ക് പുതിയ ഊർജം നൽകി ഇത്. പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ തോൽവിയെക്കുറിച്ച് കേന്ദ്രകമ്മിറ്റി കൃത്യമായി പറഞ്ഞിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ടവരെ പാർട്ടിയുടെ ധാരണയ്ക്കനുസരിച്ച് ഒന്നിപ്പിക്കാനുള്ള ശ്രമം നടത്തും. എന്തെങ്കിലും ആശയക്കുഴപ്പങ്ങൾ ഉണ്ടെങ്കിൽ തിരുത്താനുള്ള ശക്തി സി.പി.എമ്മിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: CPM will present its detailed correction document in extended district committee meetings across Kerala to rectify leader shortcomings and organizational flaws. CPM leader P Jayarajan stated that inner-party struggles against wrong tendencies will continue.
Published: 21 Sept 2026, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented