പത്തനംതിട്ട: ആന്ധ്രയിലെ കൃഷ്ണാനദി ഇരുവശത്തേക്കും മാറിയപ്പോൾ അതിനു നടുവിലൂടെ മണ്ണിൽ ചവിട്ടി കേരളത്തിലേക്ക് എത്തിയവരാണ് താഴമൺ കുടുംബം എന്നാണ് വിശ്വാസം. നദിമാറി താഴ്ന്നമണ്ണിൽ ചവിട്ടിയെത്തിയതിനാലാണ് 'താഴമൺ' എന്ന പേരിന്റെ പിറവിയെന്നു കരുതുന്നു.

To advertise here,

കേരളത്തിന്റേതായ ഒരു താന്ത്രികസമ്പ്രദായം സൃഷ്ടിക്കുന്നതിനും ആന്ധ്രപ്രദേശിലെ നെല്ലൂർ ഗ്രാമത്തിൽനിന്ന് പരശുരാമൻ കൊണ്ടുവന്ന രണ്ട് ബ്രാഹ്‌മണന്മാരിലൊരാളാണ് താഴമൺ തന്ത്രിയെന്നാണ് ഐതിഹ്യം. രണ്ടാമത്തെയാളാണ് തരണനെല്ലൂർ കുടുംബത്തിന്റെ ആദ്യാംഗം.

ശബരിമലയിലെ താന്ത്രികസ്ഥാനം കുടുംബപരമായ അവകാശം

ശബരിമലയിലെ താന്ത്രികസ്ഥാനം താഴമൺകുടുംബത്തിന്റെ അവകാശമാണ്. ഇപ്പോഴുള്ള മുതിർന്ന തന്ത്രിമാരായ രാജീവരും മോഹനരും സഹോദരങ്ങളുടെ മക്കളാണ്. അച്ഛന്മാരുടെ തലമുറയിൽ മൂന്ന് തന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്. കണ്ഠര് കൃഷ്ണര്, കണ്ഠര് നീലകണ്ഠര്, കണ്ഠര് മഹേശ്വര്. മൂന്നുപേരും മരിച്ചു.

കൃഷ്ണരുടെ മകനാണ് രാജീവര്. മഹേശ്വരുടെ മകനാണ് മോഹനര്. നീലകണ്ഠർക്ക് പെൺമക്കളായതിനാൽ താന്ത്രിക അവകാശം അദ്ദേഹത്തിന്റെ കാലശേഷം നിലച്ചു.

തന്ത്രി കണ്ഠര് രാജീവര് തന്ത്രിപദവിയിൽ 36-ാം വർഷം; റിട്ട. കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ

പത്തനംതിട്ട: തന്ത്രി കണ്ഠര് രാജീവര് ശബരിമലയിലെ താന്ത്രികസ്ഥാനത്ത് ഇപ്പോൾ 36-ാം വർഷമാണ്. താഴമൺ മഠത്തിലെ തന്ത്രിയായിരുന്ന അച്ഛൻ കണ്ഠര് കൃഷ്ണരർക്കൊപ്പമാണ് രാജീവര് ആദ്യമായി സന്നിധാനത്ത് പൂജ നടത്തിയത്. 1990-ൽ മുഴുവൻസമയ തന്ത്രിയായി. ആ വർഷംതന്നെയാണ് അച്ഛന്റെ വിയോഗവും.

ബിരുദാനന്തരബിരുദധാരിയായ രാജീവര്, 1984 ഏപ്രിൽ 16-ന് ചെങ്ങന്നൂർ കൃഷിഭവനിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 22 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ ഏഴുവർഷമൊഴികെ ബാക്കി സമയങ്ങളിലെല്ലാം ദീർഘാവധിയിലായിരുന്നു. 2015 മാർച്ച് 31-ന് വിരമിച്ചപ്പോൾ ശബരിമല തന്ത്രിസ്ഥാനത്തായിരുന്നു.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ അയ്യപ്പക്ഷേത്ര പ്രതിഷ്ഠനടത്തിയത് രാജീവരാണ്. അമേരിക്ക, ഇൻഡൊനീഷ്യ എന്നിവിടങ്ങളിലും ഇദ്ദേഹം പ്രതിഷ്ഠിച്ച അയ്യപ്പക്ഷേത്രങ്ങളുണ്ട്.