ആലപ്പുഴ: സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്കിന്റെ പേര് ആലപ്പുഴ നഗരസഭയിലെ കിടങ്ങാംപറമ്പ് വാർഡിലെ വോട്ടർപട്ടികയിൽനിന്നു നീക്കാൻ തീരുമാനം. അന്തിമ വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തുന്നതിനു മുന്നോടിയായി നടന്ന ഹിയറിങ്ങിലാണ് നടപടി.

To advertise here,

വ്യാഴാഴ്ചത്തെ ഹിയറിങ്ങിൽ പങ്കെടുക്കാൻ ഐസക്കിന് നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. തിരഞ്ഞെടുപ്പു വിഭാഗം ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പേരുനീക്കാൻ തീരുമാനിച്ചത്. ഐസക്ക് ആലപ്പുഴ എംഎൽഎ ആയിരുന്നപ്പോൾ എംഎൽഎ ഓഫീസ് മേൽവിലാസത്തിൽ ചേർത്ത പേരാണു നീക്കുക. ഇതോടെ ഇരട്ടവോട്ടുൾപ്പെടെയുള്ള ആരോപണവുമായി ബന്ധപ്പെട്ടുയർന്ന വിവാദം അവസാനിച്ചേക്കും.

കരടുപട്ടിക പ്രസിദ്ധപ്പെടുത്തിയപ്പോൾ ഐസക്കിന്റെ പേര് ഉൾപ്പെടുത്തിയതിനെതിരേ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. ആലപ്പുഴയിൽ ഇല്ലാത്തയാളെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നായിരുന്നു ആരോപണം. എന്നാൽ, അന്തിമപട്ടികയിലും ഐസക്കിന്റെ പേരുവന്നു. ഇതോടെ കോൺഗ്രസ് വീണ്ടും സംഭവം വിവാദമാക്കി. വോട്ടർമാർക്ക് ഒൻപതക്ക സവിശേഷ തിരിച്ചറിയൽ നമ്പർ നൽകാൻ തീരുമാനിച്ചതോടെ, അന്തിമ പട്ടിക വീണ്ടും കരടുപട്ടികയായി പുറത്തിറക്കി. അക്കൂട്ടത്തിൽ ഐസക്കിനും തിരിച്ചറിയൽ നമ്പർ നൽകി. ഇതോടെ, മഹിളാ കോൺഗ്രസ് തത്തംപള്ളി മണ്ഡലം പ്രസിഡന്റ് ശ്രീലത പരാതി നൽകുകയായിരുന്നു. ഹിയറിങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി ജോസഫും ഹാജരായി. ഈ മാസം 25-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തും. ജില്ലയിൽ 41,739 പേരാണ് വോട്ടർപട്ടികയിൽ പേരുചേർക്കാനാൻ അപേക്ഷിച്ചിട്ടുള്ളത്.