തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്കെതിരേ വനംവകുപ്പ് മന്ത്രി കെ. രാജു. പദ്ധതി ഒരുതരത്തിലും നടപ്പാക്കാന്‍ കഴിയുന്നതല്ലെന്നും മന്ത്രിസഭയില്‍ ആലോചിച്ചിട്ടില്ലെന്നും കെ. രാജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വൈദ്യുതി വകുപ്പില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും പദ്ധതിക്ക് യാതൊരുവിധത്തിലുള്ള അനുമതിയുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

To advertise here,

2001ല്‍ ഹൈക്കോടതി പ്രദേശത്തെ മരം മുറിക്കുന്നത് സ്റ്റേ ചെയ്തിരുന്നു. പൊതുജനങ്ങളെ കേള്‍ക്കാതെയും മഴക്കാലത്ത് മാത്രം നടത്തിയ പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് പാരിസ്ഥിതിക അനുമതി നല്‍കിയതെന്ന നിഗമനത്തില്‍ 2001ല്‍ പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതി റദ്ദാക്കിയിരുന്നു.

2007ല്‍ മന്ത്രാലയം നല്‍കിയ പാരിസ്ഥിതിക അനുമതിയുടെ കാലാവധി 2017ല്‍ അവസാനിച്ചു. നല്‍കിയ അനുമതിയുടെയെല്ലാം കാലാവധി സമ്പൂര്‍ണമായും അവസാനിച്ച പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.

വാഴച്ചാല്‍ ഊരുകൂട്ടത്തെ പ്രതിനിധികരിച്ച ഗീത നല്‍കിയ കേസ് ഹൈക്കോടതിയില്‍ തീര്‍പ്പാക്കാതെ കിടക്കുകയാണ്. യാഥാര്‍ത്ഥത്തില്‍ ഈ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള സംഗതിയാണെന്നും അദ്ദേഹം പറഞ്ഞു. അനുമതി ലഭിച്ചെങ്കിലും നടത്താന്‍ കഴിയാതിരുന്ന പദ്ധതിയാണിതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. 

സമവായം ഉണ്ടെങ്കില്‍ മാത്രമേ നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് വൈദ്യുതി വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. അതില്‍നിന്നൊരു മാറ്റംവരാന്‍ സാധ്യതയില്ല. ഘടക കക്ഷികള്‍ക്ക് തന്നെ ഇതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പദ്ധതിയെക്കുറിച്ച് മന്ത്രിസഭയില്‍ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlights: Forest minister K Raju response on Athirappilly Project