വനം മന്ത്രിയായി ചുമതലയേറ്റ ശേഷം മാതൃഭൂമി ഡോട്ട് കോമിനോട് മനസ് തുറന്ന് മന്ത്രി ഷിബു ബേബി ജോൺ

ഏറ്റവും ചലഞ്ചിങ് ആയിട്ടുള്ള വകുപ്പുകളിൽ ഒന്നാണ് വനം വകുപ്പെന്നും ആ ചലഞ്ച് താൻ ഏറ്റെടുക്കുകയാണെന്നും വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ചുമതലയേറ്റ ഉടനെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ തുടങ്ങാൻ വനം വകുപ്പിന് മന്ത്രി നിർദേശവും നൽകിക്കഴിഞ്ഞു. തനിക്കെന്നും വാത്സല്യവും സ്‌നേഹവും നൽകിയ ജനങ്ങളാണ് ചവറയിലേതെന്നും തന്നെ രണ്ടുപ്രാവശ്യം തോൽപ്പിച്ചത് താൻ നന്നാവാൻ വേണ്ടി ജനങ്ങൾ ശിക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ദിനത്തിൽ മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായ വേഷത്തിലാണ് ഷിബു ബേബി ജോൺ എത്തിയത്. ഒരു അന്ധവിശ്വാസമെങ്കിലും മാറ്റാൻ സാധിച്ചാൽ അത്രയും നല്ലതാണെന്ന് താൻ ചിന്തിച്ചുവെന്നും അതുകൊണ്ടാണ് സത്യപ്രതിജ്ഞയ്ക്ക് കറുത്ത വസ്ത്രം ധരിച്ചതെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
വനം മന്ത്രിയായി ചുമതലയേറ്റ ശേഷം മാതൃഭൂമി ഡോട്ട് കോമിനോട് മനസ് തുറന്ന് മന്ത്രി ഷിബു ബേബി ജോൺ.
ആദ്യ തീരുമാനം തന്നെ ശ്രദ്ധേയമാണല്ലോ, എന്തുകൊണ്ട് വനം വകുപ്പ്?
ഏറ്റവും ചലഞ്ചിങ് ആയിട്ടുള്ള വകുപ്പുകളിൽ ഒന്നാണ് വനം വകുപ്പ്. ആ ചലഞ്ച് ഏറ്റെടുക്കുകയാണ്. മറ്റ് ചില വകുപ്പുകളെല്ലാം ചർച്ചയിൽ എന്റെ മുന്നിൽ വന്നിരുന്നെങ്കിലും അതിൽ ചലഞ്ചിങ് ആയിട്ട് ഒന്നും കണ്ടില്ല. ഒരു പ്രശ്‌നം ഉണ്ടായാൽ ഉടനടി കൃത്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് എനിക്ക് അറിയാൻ സാധിച്ചത്.
ജനങ്ങൾക്ക് ആരെ വിളിക്കണമെന്ന് അറിയില്ല. വിളിച്ചാൽതന്നെ പലപ്പോഴും പരിഹാരം ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് 24 മണിക്കൂർ കോൾ സെന്റർ സജ്ജീകരിക്കാൻ തീരുമാനിച്ചത്. ജനങ്ങൾക്ക് മുന്നിൽ ഉടൻ ആ നമ്പർ എത്തിക്കും, നടപടി ഉടനടി ഉണ്ടാവുകയും ചെയ്യും.
ജനങ്ങൾ പ്രയാസപ്പെടുന്ന കുറെ പ്രശ്‌നങ്ങൾ കഴിഞ്ഞ കാലങ്ങളിൽ നമ്മൾ കണ്ടു. വനം വകുപ്പിൽ മാറ്റം വേണമെന്ന് തോന്നിയ മേഖലകൾ ഏതൊക്കെ?
എനിക്ക് വനം വകുപ്പ് ആണെന്ന് അറിഞ്ഞിട്ട് ഒരു ദിവസം ആവുന്നതേയുള്ളൂ. അതുകൊണ്ട് കൂടുതലായി ഒന്നും ചിന്തിക്കാൻ പറ്റിയിട്ടില്ല. പക്ഷേ, ഞാൻ എന്നും വനത്തേയും വന്യമൃഗങ്ങളെക്കുറിച്ചും പാഷനേറ്റ് ആയി കണ്ടിട്ടുള്ള വ്യക്തിയാണ്. എനിക്ക് ഭയങ്കര ഹരം തന്നെയാണ് വൈൽഡ് ലൈഫ്. ആഫ്രിക്കയിലെ പ്രധാനപ്പെട്ട എല്ലാ പ്രദേശവും ഞാൻ സന്ദർശിച്ചിട്ടുണ്ട്. അതുകൊണ്ട് കുറെ കാര്യങ്ങൾ അറിയാം. പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും. വളരെ വ്യത്യസ്തമായ മാർഗങ്ങൾ കൊണ്ടുവരണം. ഒരു കാര്യം പറയാം; ലോകത്ത് മനുഷ്യനും മൃഗങ്ങളും തമ്മിൽ പ്രശ്‌നമില്ലാത്ത വനമുള്ള ഒരു രാജ്യവും ഇല്ല. ആ പ്രശ്‌നം എങ്ങനെ ലഘൂകരിക്കാമെന്നേ ചിന്തിക്കാനാകൂ. അതിന് പല മാർഗങ്ങളുമുണ്ട്. വനം വകുപ്പ് മാത്രം വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്‌നമല്ല അത്. ജനങ്ങളെക്കൂടെ വിശ്വാസത്തിലെടുത്ത്, അവരെ ബോധവത്കരിച്ച് സഹകരണം ഉറപ്പാക്കിക്കൊണ്ടാണ് അത് സാധ്യമാക്കേണ്ടത്. പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകണം. ജനങ്ങൾക്ക് വനം വകുപ്പിൽ വിശ്വാസം വേണം. മലയോര കർഷകരെ അടക്കം വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണം.
2011-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ ഭാഗമായിരുന്നു താങ്കൾ. ഉമ്മൻചാണ്ടി ഇഫക്ട് ഈ തിരഞ്ഞെടുപ്പിൽ എത്രത്തോളം പ്രതിഫലിച്ചു?
ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി കേരളം തിരിച്ചറിഞ്ഞതും അതിനോട് പ്രതികരിച്ചതും അദ്ദേഹം മരണപ്പെട്ടപ്പോഴാണ്. ഒരു നീതിമാനെ വേട്ടയാടി എന്നുള്ള തിരിച്ചറിവ് കേരളീയ സമൂഹത്തിന് പാരമ്യത്തിലെത്തിയത് അദ്ദേഹത്തിന്റെ മരണത്തോടുകൂടിയാണ്. ഉമ്മൻ ചാണ്ടി ഇഫക്ട് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തോടൊപ്പം അഞ്ചുവർഷം ക്യാബിനറ്റിൽ ജോലി ചെയ്യാൻ സാധിച്ചു. ഒത്തിരി പാഠങ്ങളുള്ള പുസ്തകം തന്നെയായിരുന്നു അദ്ദേഹം. അതിൽനിന്ന് രണ്ടോ മൂന്നോ ഏടുകൾ മാത്രമേ എനിക്ക് പഠിക്കാൻ പറ്റിയിട്ടുള്ളൂ. ആ പാഠങ്ങൾ ഗുണം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനുണ്ടായിരുന്ന സമർപ്പണബോധം രാഷ്ട്രീയത്തിൽ മറ്റാർക്കും നിലനിർത്താൻ സാധിച്ചിട്ടില്ല. ഓരോ കാര്യങ്ങൾക്കും സമയം കണ്ടെത്തിക്കൊണ്ട് ഇങ്ങനെ കഠിനാധ്വാനം ചെയ്യാൻ ഒരു സാധാരണ മനുഷ്യനെക്കൊണ്ട് സാധിക്കില്ല. മനസ്സുകൊണ്ട് എന്തെങ്കിലും ആനന്ദം നമ്മൾ ആഗ്രഹിക്കും. അദ്ദേഹത്തിന് ആനന്ദം പാവപ്പെട്ടവനെ സഹായിക്കുക എന്നുള്ളത് മാത്രമാണ്.
സത്യപ്രതിജ്ഞയ്ക്ക് മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായ വേഷമണിഞ്ഞാണ് എത്തിയത്. എന്തായിരുന്നു ആ തീരുമാനത്തിനുള്ള കാരണം?
ഞാൻ എന്താണെന്നുള്ളത് ആ നിലയിൽ തുടരണം. എന്റെ പിതാവ് ഒരിക്കലും വേഷങ്ങളെക്കുറിച്ചൊന്നും വ്യാകുലപ്പെട്ടിട്ടില്ല. ഞാൻ പക്ഷേ, അങ്ങനെയല്ല. എന്റെ വേഷം ഒരു സ്റ്റേറ്റ്‌മെന്റ് ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്റെ പിതാവിന് അതിന്റെ ആവശ്യം ഇല്ലായിരുന്നു. ആ ചടങ്ങിൽ ഒരു വ്യത്യസ്തത ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചു. അതിൽ വേറെ ഒരു കാര്യം കൂടെ ഉണ്ട്. നല്ല ചടങ്ങുകൾക്ക് കറുപ്പിടാൻ പാടില്ലെന്നു പലരും വിശ്വസിക്കുന്നുണ്ട്. കറുപ്പ് ധരിക്കരുതെന്ന് പലരും ഉപദേശിച്ചു. അതുകൊണ്ടാണ് ഞാൻ അതുതന്നെ ഇട്ടത്. നമ്മളെക്കൊണ്ട് ഒരു അന്ധവിശ്വാമെങ്കിലും മാറ്റാൻ സാധിച്ചാൽ അത്രയും നല്ലതല്ലേ എന്ന് ചിന്തിച്ചു.
2011-ൽ ഇത്തരം തീരുമാനങ്ങൾ ഒന്നും ഇല്ലായിരുന്നു. വെള്ള ജുബ്ബ ഇട്ടുകൊണ്ടാണ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. ഇപ്രാവശ്യം പക്ഷേ, ചൂട് കാരണം കുറെ പ്രയാസപ്പെട്ടു. ശരിക്ക് ബുദ്ധിമുട്ടി, അസഹനീയമായിരുന്നു. പിന്നെ പോയി വേറെ വസ്ത്രം ധരിച്ചു.
2016-ലും 2021-ലും തോൽവി. ജനങ്ങൾക്ക് സ്വീകാര്യനായ നേതാവായി മാറി വിജയത്തിലേക്ക് എത്താൻ സഹായകമായത് എന്തൊക്കെ?
എനിക്കെന്നും വാത്സല്യവും സ്‌നേഹവും ചവറയിലെ ജനങ്ങൾ നൽകിയിട്ടുണ്ട്. വളരെ വൈകാരികമായ സ്‌നേഹം തന്നെയാണ് അവർ നൽകിയത്. നമ്മുടെ കുട്ടികൾ തെറ്റ് ചെയ്താൽ ഒന്ന് നന്നാകാൻ വേണ്ടി ഒന്ന് ശിക്ഷിക്കില്ലേ. ഈ രണ്ട് തെരഞ്ഞെടുപ്പ് പരാജയത്തെ അങ്ങനെയാണ് ഞാൻ സമീപിച്ചത്.
ബേബി ജോണിന് ശേഷം ഞാൻ മന്ത്രിയായി വന്നു. ചവറയ്ക്ക് ഒരു പ്രത്യേകതയുണ്ട്. മന്ത്രിമാരായി വന്നു മത്സരിച്ച വി.പി. രാമകൃഷ്ണ പിള്ള ചേട്ടൻ തോറ്റു. പ്രേമചന്ദ്രൻ ആദ്യം ജയിച്ചു, രണ്ടാമത് തോറ്റു. ഞാനും ജയിച്ചു, പിന്നെ തോറ്റു. ഞങ്ങൾ ആരും കൊള്ളാഞ്ഞിട്ടല്ല തോറ്റത്. അച്ഛന് ശേഷം വന്ന മന്ത്രിമാർക്ക് ആർക്കും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചില്ല. അങ്ങനെ രണ്ടു തവണ അവർ എന്നെ ശിക്ഷിച്ചു. അത് നന്നാവാൻ വേണ്ടി ശിക്ഷിച്ചതാണ് എന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി. എന്റെ ശരീരഭാഷയുടെ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഞാൻ ഒരു യുവജന വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയൊന്നും വളർന്നുവന്ന ആളല്ലല്ലോ. വേറെ ഒരു സാഹചര്യത്തിൽ നിന്നാണ് വന്നത്. അതിനെക്കുറിച്ച് വലിയ ആക്ഷേപം വന്നപ്പോൾ എന്നെ അത് അലട്ടി. ഈ ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ ഞാൻ മറ്റൊരാളായി മാറണോ അതോ അവിടുത്തെ ജനങ്ങൾ ഞാൻ എന്താണെന്ന് തിരിച്ചറിയുന്നത് വരെ കാത്തിരിക്കണോ എന്നതായിരുന്നു ചിന്ത. ഞാൻ രണ്ടാമത്തേതാണ് തിരഞ്ഞെടുത്തത്. അവർ ഞാൻ എന്താണെന്നുള്ളത് മനസ്സിലാക്കി, വീണ്ടും എനിക്ക് അംഗീകാരം നൽകി.
നാല് പതിറ്റാണ്ടിന് ശേഷം മുഴുവൻ പേരുമായിട്ട് യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്തു. എങ്ങനെയാണ് ഈ ഒരു മന്ത്രിസഭയെ വിലയിരുത്തുന്നത്?
2011-ൽ ഒരുപക്ഷേ 72 എംഎൽഎമാർ മാത്രമായതുകൊണ്ടാണ് ഞാൻ മന്ത്രിയായത്. അന്ന് കേറിയപ്പോൾ ഒരു ആവേശം ഉണ്ടായിരുന്നു. നമുക്കൊന്ന് തെളിയിക്കണമെന്ന ഒരു വാശി അന്ന് എനിക്കുണ്ടായിരുന്നു. ഇന്നത്തെ ക്യാബിനെറ്റിലെ എല്ലാവരും സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ജനിച്ചവരാണ്. സീനിയേഴ്‌സ് ആയിട്ടുള്ള കുഞ്ഞാലിക്കുട്ടിയും സണ്ണി ജോസഫും എല്ലാം ഉണ്ടെങ്കിലും കുറെ അധികം ചെറുപ്പക്കാരും ഉണ്ട്. 2011-ൽ എനിക്കുണ്ടായിരുന്ന ആ വാശിയും അതേ മാനസികാവസ്ഥയും ആയിരിക്കുമല്ലോ എല്ലാവർക്കും ഉണ്ടാവുക. ഈ മന്ത്രിസഭ അത്ഭുതങ്ങൾ സൃഷ്ടിക്കും.
ഇടത് സൈബർ ഇടങ്ങൾ നെപ്പോട്ടിസം മന്ത്രിസഭ എന്ന ഒരു ആക്ഷേപം ഉന്നയിക്കുന്നുണ്ട്. അതിനെന്താണ് മറുപടി?
അർഹിക്കുന്ന അവജ്ഞയോടുകൂടി ആ ആക്ഷേപങ്ങളെ തള്ളിക്കളയുകയാണ്. പ്രത്യേകിച്ച് ഇപ്പോൾ വേറെ ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. എത്ര കിട്ടിയിട്ടും അവർ പാഠം പഠിക്കുന്നില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തൊക്കെ നുണകളാണ് പ്രചരിപ്പിച്ചത്. അവർക്ക് ഏറ്റവും വലിയ ഒരു അബദ്ധം പറ്റി. അവർ പറയുന്നത് നുണയാണെന്ന് തിരിച്ചറിയുന്ന ഒരു സമൂഹത്തിന്റെ അടുത്ത് ശരിയെന്ന് അവർ വിശ്വസിക്കുന്ന സതീശന്റെ വാക്കുളെ നുണയായി ചിത്രീകരിക്കാൻ ഇടതുപക്ഷം ശ്രമിച്ചു. ജനങ്ങൾക്ക് മനസ്സിലാക്കാനുള്ള ശേഷിയുണ്ട്. അവരുടെ മുന്നിലാണ് സതീശൻ നുണയാണ് പറയുന്നതും പിണറായി സത്യമാണ് പറയുന്നതെന്നും പ്രചരിപ്പിക്കുന്നത്. ഒന്നും പറയാനില്ലാത്തതുകൊണ്ട് ഇങ്ങനെയൊക്കെ പറയുന്നതാണ്. ജനാധിപത്യത്തിൽ പരാജയപ്പെട്ടാൽ ആ പരാജയം അംഗീകരിച്ച് കുറച്ചു ദിവസമെങ്കിലും മിണ്ടാതിരിക്കുക എന്നൊരു മര്യാദ ഉണ്ടല്ലോ. അതെങ്കിലും അവർ കാണിക്കണം.
മുഖ്യമന്ത്രി പറഞ്ഞതുപോലെ കഴിവുള്ളവർ ഇനിയും മന്ത്രിസഭയ്ക്ക് പുറത്തുണ്ട്. മന്ത്രിയാകുമെന്ന് കരുതിയ ആരെങ്കിലും പുറത്തായോ?
എന്നെ സംബന്ധിച്ചിടത്തോളം എന്റെ പാർട്ടിയിൽനിന്ന് ഞാൻ മാത്രമാണുള്ളത്. ബാക്കി പാർട്ടിയുടെ മന്ത്രിമാരെക്കുറിച്ച് ഞാൻ പറയുന്നത് ശരിയല്ല. പേര് നിർദ്ദേശിക്കുന്നതും ശരിയല്ല. ആര് വന്നാലും നല്ലതുപോലെ പ്രവർത്തിക്കണം എന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.
മന്ത്രിയായി ചുമതലയേറ്റുകഴിഞ്ഞു. ഇനി സിനിമാ നിർമാതാവിന്റെ റോളിൽ കാണാൻ കഴിയുമോ?
എന്റെ മകൻ ഒരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്. ഞാൻ ആ പ്രൊഡക്ഷൻ കമ്പനിയുടെ ഡയറക്ടർ ആയിരുന്നു. ആ ഡയറക്ടർ സ്ഥാനം നേരത്തെ തന്നെ ഒഴിഞ്ഞു. മന്ത്രി എന്ന് പറഞ്ഞാൽ ഒരു മിനിറ്റ് നമുക്ക് വേറെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം കിട്ടില്ല. രണ്ടു രീതിയിൽ നമുക്കതിനെ സമീപിക്കാം. ഒന്ന്, ചില മന്ത്രിമാരെ പോലെ മന്ത്രിയുടെ എല്ലാ സൗകര്യവും ആസ്വദിച്ച് ഒന്നും ചെയ്യാതിരിക്കുന്നാലും അഞ്ചു വർഷം അങ്ങ് പോകും. പക്ഷേ, നമ്മൾ അങ്ങനെയല്ല. എത്തിയിരിക്കുന്ന ഒരു സ്ഥാനമുണ്ട്, അതിനോട് നീതി പുലർത്തണം. അതിനുവേണ്ടി കഠിനാധ്വാനം ചെയ്യണം. പുറത്തുനിന്ന് നോക്കുമ്പോൾ മന്ത്രിസ്ഥാനം എന്ന് പറഞ്ഞാൽ എന്തോ മഹാസംഭവമാണെന്ന് തോന്നും. എന്നാൽ, ഇത് നമ്മൾ ചുമക്കുന്നൊരു മുൾക്കിരീടമാണെന്ന് മനസ്സിലാക്കിയാൽ തന്നെ കുറെ കാര്യങ്ങൾ ചെയ്യാം.
കുഞ്ഞികൃഷ്ണൻ ആർഎസ്പിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ എന്തെങ്കിലും നടത്തിയിരുന്നോ?
അദ്ദേഹം ആർഎസ്പിയിൽ ചേരില്ല. അദ്ദേഹം സ്വതന്ത്രനായി നിൽക്കുന്നു. അദ്ദേഹം ഒരു ഇടതുപക്ഷ സ്വതന്ത്രനാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വസിച്ച് നിൽക്കുന്ന ഒരു നല്ല സഖാവാണ്. ഒരു ഘട്ടത്തിൽ പോലും ആർഎസ്പിയിൽ ചേരണമെന്ന് ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുമില്ല. അങ്ങനെയുള്ള ഒരു നിബന്ധനയും ഇല്ല.
Content Highlights: Implementation of a 24/7 Forest Department call center to address public grievances. Focus on conflict mitigation between humans and wildlife. Emphasis on building trust between the Forest Department and hill farmers. Personal stance on breaking superstitions by wearing black during the oath ceremony. Refusal to engage in political nepotism allegations against the 2026 cabinet.
Published: 19 May 2026, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented