
പാലക്കാട്: ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാനത്ത് നടത്തിയ പരിശോധനയിലും ഈടാക്കിയ പിഴത്തുകയിലും കഴിഞ്ഞ സാമ്പത്തികവർഷമുണ്ടായത് റെക്കോഡ് വർധന. 2023-24 സാമ്പത്തികവർഷം പിഴയീടാക്കിയത് 4.05 കോടി രൂപയാണ്. മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളമാണിത്.
2021-22 വർഷത്തിൽ 2.82 കോടി രൂപയായിരുന്നു പിഴത്തുക. 2020-21 വർഷത്തിൽ ഇത് 52.3 ലക്ഷം രൂപയായിരുന്നു. പരിശോധന ശക്തിപ്പെടുത്തിയതും നടപടി വേഗത്തിലാക്കിയതുമാണ് പിഴത്തുകയിൽ 'ബംബറടിക്കാൻ' കാരണമായത്.
ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലാ അസി. കമ്മിഷണർമാരുടെയും പ്രത്യേക സ്‌ക്വാഡുകളുടെയും നേതൃത്വത്തിൽ 65,432 പരിശോധനയാണ് കഴിഞ്ഞവർഷം പൂർത്തിയാക്കിയത്. പഴകിയ ഭക്ഷണത്തിന്റെ വില്പന, ശുചിത്വമില്ലായ്‌മ, ലൈസൻസ് ഇല്ലായ്‌മ തുടങ്ങി നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയാണ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയത്.
ഷവർമയുടെ ഗുണനിലവാരം ഉറപ്പാക്കാനായി നടത്തിയ ഓപ്പറേഷൻ ഷവർമ, ലൈസൻസ് പരിശോധനയ്ക്കായി നടത്തിയ ഓപ്പറേഷൻ ഫോസ്കോസ്, ശുദ്ധമായ മത്സ്യം ഉറപ്പാക്കാൻ നടത്തിയ ഓപ്പറേഷൻ മത്സ്യ തുടങ്ങിയ പ്രത്യേക പരിശോധനകളും പിഴത്തുക ഉയരാൻ കാരണമായി. സ്കൂൾപരിസരങ്ങളിലെ കടകൾ കേന്ദ്രീകരിച്ചും കോളേജ് കാന്റീനുകൾ കേന്ദ്രീകരിച്ചും സംസ്ഥാന വ്യാപകമായി സ്ക്വാഡുകൾ പരിശോധന നടത്തി.
10,500 ഓളം സാമ്പിളുകൾ ശേഖരിച്ചു. 37,000-ത്തിലധികം പ്രത്യേക പരിശോധനകളിലൂടെ സർവെയ്‌ലൻസ് സാമ്പിളുകളും ശേഖരിച്ചു. ഷവർമ ഉത്പാദന- വിതരണ കേന്ദ്രങ്ങളിൽ നിയമലംഘനം കണ്ടെത്തിയ 2,064 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മോശമായ 7,212 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു.
ഭക്ഷണ പായ്ക്കറ്റുകളിൽ ലേബൽപതിക്കുന്നത് നിർബന്ധമാക്കുന്നതിന്റെ ഭാഗമായി 791 പരിശോധന പൂർത്തിയാക്കിയതിനൊപ്പം ഏലയ്ക്ക, ശർക്കര തുടങ്ങിയവയുടെ നിർമാണ-വിതരണ കേന്ദ്രങ്ങളിലും ചെക്പോസ്റ്റുകളിലും പ്രത്യേക സ്‌ക്വാഡിന്റെ പരിശോധയുണ്ടായിരുന്നു.
Content Highlights: Food safety department gets more than 4 crore rupees as fine in last financial year
Published: 24 Jun 2024, 09:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented