കീഴൂർ (കാസർകോട്): മീൻപിടിത്തം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ തോണിയിൽനിന്ന് കടലിലേക്ക് തെറിച്ചുവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. കൊളത്തൂർ തൊട്ടിയിലെ കുമാരന്റെ മകൻ രാമകൃഷ്ണനെ (48) ആണ് കാണാതായത്. ഞായറാഴ്ച പുലർച്ചെ അഞ്ചോടെ ചെമ്പരിക്ക തീരത്തുനിന്ന് ഏഴ് കിലോമീറ്ററോളം അകലെ പുറംകടലിലാണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് നാലോടെയാണ് രാമകൃഷ്ണനും മേൽപ്പറമ്പിലെ രാജനും കീഴൂരിലെ ഷാഫിയും അടങ്ങുന്ന സംഘം പുറംകടലിൽ ഒഴുക്കുവല ഉപയോഗിച്ച് മീൻപിടിക്കാൻ പോയത്. രാത്രിയിലെ മീൻപിടിത്തം കഴിഞ്ഞ് പുലർച്ചെ മടങ്ങുംവഴി തോണിയുടെ അണിയത്തുണ്ടായിരുന്ന രാമകൃഷ്ണൻ അബദ്ധത്തിൽ കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നും കൂട്ടത്തിലുണ്ടായിരുന്നവർ തീരദേശ പോലീസിനോട് പറഞ്ഞു. ദേളി സിയാദ് മൻസിലിലെ സി.എച്ച്. സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള തോണിയിലെ ജോലിക്കാരനാണ് രാമകൃഷ്ണൻ. അപകടം നടന്നയുടൻ, ആ പ്രദേശത്ത് വലയിടാൻ എത്തിയ മീൻപിടിത്ത തൊഴിലാളികൾ തിരച്ചിൽ തുടങ്ങി. തളങ്കരയിലെ ബേക്കൽ തീരദേശ പോലീസും നീലേശ്വരം തൈക്കടപ്പുറത്തുനിന്നെത്തിയ ഫിഷറീസ് വകുപ്പിന്റെ രക്ഷാബോട്ടും നാട്ടുകാരുടെ സംഘവും ബോട്ടുടമയുടെ ഒരു ബോട്ടും ഞായറാഴ്ച വൈകുന്നേരംവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തളങ്കര തീരദേശ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എസ്ഐ ഉണ്ണിരാജൻ മണിയേരി, എഎസ്ഐമാരായ കെ. പ്രകാശൻ, സതീശൻ, രാജീവൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷിക്കുന്നത്.
Content Highlights: Fisherman Missing After Falling Overboard Near Chempari Coast
Published: 01 Dec 2025, 07:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented