
കൊച്ചി: തലശ്ശേരി ഫസല് വധക്കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഐ.പി.എസ്. ഓഫീസര് കൂടുതല് വെളിപ്പെടുത്തലുമായി രംഗത്ത്. തൃപ്പുണിത്തുറ സ്വദേശിയും 2006-ല് കണ്ണൂര് ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി.യുമായിരുന്ന കെ. രാധാകൃഷ്ണനാണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള് ആശുപത്രികിടക്കയില്നിന്ന് വിശദീകരിച്ചത്.
ഫസല് വധക്കേസില് മുഖംനോക്കാതെ നടപടി സ്വീകരിച്ചതിന് താന് നീതി നിഷേധത്തിന് ഇരയാവുകയാണെന്നാണ് രാധാകൃഷ്ണന് പറയുന്നത്. സര്വീസ് കാലാവധിയുടെ അവസാന നാലുവര്ഷം സസ്പെന്ഷന്. വിരമിച്ചപ്പോള് പെന്ഷനും ആനുകൂല്യങ്ങളും തടയുകയും ചെയ്തു. ഇതിനെതിരേ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും ഈ ഉത്തരവ് സംസ്ഥാന സര്ക്കാര് ഇതുവരെ നടപ്പാക്കിയില്ലെന്നാണ് രാധാകൃഷ്ണന്റെ ആരോപണം. പെന്ഷനും ആനുകൂല്യങ്ങളും തടഞ്ഞതോടെ സംസ്ഥാനത്തിന് പുറത്ത് സെക്യൂരിറ്റി ജോലി വരെ ചെയ്തിരുന്നു ഈ റിട്ട. ഐ.പി.എസുകാരന്. എന്നാല് ചില ഇടപെടലുകള് കാരണം ഈ ജോലിപോയി. സാമ്പത്തിക ബുദ്ധിമുട്ടിലായതോടെ മകന്റെ പഠനം മുടങ്ങി. നിലവില് മകന് ജോലിക്ക് പോയി കിട്ടുന്ന പണം കൊണ്ടാണ് കുടുംബം കഴിയുന്നത്. ദിവസങ്ങള്ക്ക് മുമ്പ് സ്കൂട്ടര് ഇടിച്ചുണ്ടായ അപകടത്തില് പരിക്കേറ്റ് ആശുപത്രിയില് ചികിത്സയിലാണ് രാധാകൃഷ്ണന്.
2006, കണ്ണൂരില് ഡിവൈ.എസ്.പി...
2006 ഒക്ടോബര് 22-നാണ് എന്.ഡി.എഫ്. പ്രവര്ത്തകനായ ഫസല് കൊല്ലപ്പെട്ടത്. അന്ന് കണ്ണൂര് ഡി.ഐ.ജി. രൂപവത്കരിച്ച അന്വേഷണസംഘത്തിന്റെ തലവനായിരുന്നു കെ. രാധാകൃഷ്ണന്. കണ്ണൂര് ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോയില് ഡിവൈ.എസ്.പി.യായിരുന്നു അദ്ദേഹം. സി.പി.എം. വിട്ട് എന്.ഡി.എഫില് ചേര്ന്നതാണ് ഫസലിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്. സി.പി.എം. പ്രവര്ത്തകര്ക്കെതിരെ ആയിരുന്നു തെളിവുകളെല്ലാം. എന്നാല് അന്വേഷണഘട്ടത്തില് സി.പി.എം നേതാക്കളില്നിന്ന് കടുത്ത സമ്മര്ദങ്ങള് നേരിട്ടെന്നാണ് കെ. രാധാകൃഷ്ണന് പറയുന്നത്.
'കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി. ഏഴുദിവസത്തിനുള്ളില് ആര്.എസ്.എസ്. പ്രവര്ത്തകര്ക്കെതിരേ കുറ്റപത്രം സമര്പ്പിക്കണമെന്നാണ് എന്നെ വിളിച്ചുവരുത്തി അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല് തെളിവുകളെല്ലാം സി.പി.എം. പ്രവര്ത്തകര്ക്ക് എതിരായതിനാല് ഞാന് എന്റെ നിലപാട് അറിയിച്ചു. ഇതിനിടെ, സി.പി.എം. ഏരിയ കമ്മിറ്റി നാല് ആര്.എസ്.എസ്. പ്രവര്ത്തകരുടെ പട്ടികയുമായി വന്നു. കൊലപാതകത്തിന് പിന്നില് ഇവരാണെന്നായിരുന്നു സി.പി.എം. അവകാശപ്പെട്ടത്. അവരുടെ ഫോണ്കോള് വിവരങ്ങളും മറ്റും പരിശോധിച്ചതിലൂടെ കൊലപാതകത്തില് ആര്.എസ്.എസിന് പങ്കില്ലെന്ന് കണ്ടെത്തി. പിന്നീടാണ് കാരായി ചന്ദ്രശേഖരന്, കാരായി രാജന് എന്നിവര്ക്കെതിരേയുള്ള തെളിവുകള് ലഭിച്ചത്. ഫസല് കൊല്ലപ്പെട്ട സ്ഥലത്ത്, അതേസമയത്ത് സി.പി.എം. ലോക്കല് സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരന്റെ കൂട്ടാളി ഏരിയ സെക്രട്ടറിയായിരുന്ന കാരായി രാജനെ ഫോണില്വിളിച്ചതായി കണ്ടെത്തി. അതേസമയത്ത് തലശ്ശേരി സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസില്നിന്ന് നഗരത്തിലെ മൂന്ന് ആശുപത്രികളിലേക്കും ഫോണ്വിളി വന്നു. ഇതെല്ലാം സി.പി.എം. പ്രവര്ത്തകര്ക്കെതിരായ തെളിവുകളായിരുന്നു'- രാധാകൃഷ്ണന് പറഞ്ഞു.
അന്നുമുതലാണ് സി.പി.എമ്മുമായുള്ള കലഹം ആരംഭിക്കുന്നതെന്നും അന്വേഷണത്തിലെ തന്റെ നീക്കങ്ങള് പാര്ട്ടിയെ ചൊടിപ്പിച്ചെന്നും രാധാകൃഷ്ണന് വെളിപ്പെടുത്തി. 'കോടിയേരി ബാലകൃഷ്ണന് എന്നെ വീണ്ടും വിളിച്ചുവരുത്തി. കേസില് എന്റെ നിലപാട് എന്താണെന്ന് ചോദിച്ചു. ആര്.എസ്.എസിന് പങ്കില്ലെന്നും തെളിവുകളെല്ലാം സി.പി.എം. പ്രവര്ത്തകര്ക്ക് എതിരാണെന്നും ഞാന് അദ്ദേഹത്തെ അറിയിച്ചു. ഇതോടെ അസ്വസ്ഥനായ അദ്ദേഹം തന്നെ അറിയിക്കാതെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് പറഞ്ഞു. പത്തുദിവസത്തിനുള്ളില് ഫസല് വധക്കേസിലെ അന്വേഷണസംഘത്തില്നിന്ന് എന്നെ പുറത്താക്കി. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി'.
സി.പി.എം. ഗുണ്ടകളുടെ ആക്രമണം...
അന്നുമുതല് താന് പാര്ട്ടിയുടെ നിരീക്ഷണത്തിലായിരുന്നു. 2006 ഡിസംബറില് സി.പി.എം. പ്രവര്ത്തകരെന്ന് കരുതുന്ന ചിലര് ആക്രമിച്ചു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ഒന്നരക്കൊല്ലം ആശുപത്രി കിടക്കയിലായിരുന്നു. ഇതിനിടെ തനിക്കെതിരേ പല കള്ളക്കേസുകളും ചമയ്ക്കാനുള്ള ശ്രമങ്ങളും നടന്നു. നിലവില് സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുന്ന അനാശ്യാസ കേസടക്കം ഇത്തരത്തിലുള്ള കള്ളക്കേസുകളാണെന്നും രാധാകൃഷ്ണന് പറയുന്നു.
2016-ലാണ് രാധാകൃഷ്ണനെ സര്വീസില്നിന്ന് സസ്പെന്ഡ് ചെയ്യുന്നത്. ജോയിന്റ് എക്സൈസ് കമ്മീഷണറുടെ വ്യാജ പരാതിയിന്മേലാണ് ഈ സസ്പെന്ഷനെന്നാണ് അദ്ദേഹത്തിന്റെ വാദം. ഐ.പി.എസ്. നിഷേധിക്കാനുള്ള നീക്കമായിരുന്നു അത്. 'നാലരക്കൊല്ലം ഞാന് സസ്പെന്ഷനിലായിരുന്നു. സസ്പെന്ഷന് റദ്ദാക്കാനായി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെയും സുപ്രീംകോടതിയെയും സമീപിച്ചു. ഈ കാലയളവില് ഒരു വരുമാനവും ഇല്ലായിരുന്നു. അത്രയേറെ കഷ്ടപ്പാടിലൂടെയാണ് ഞാനും കുടുംബവും കടന്നുപോയത്. പിന്നീട് കോടതി ഉത്തരവിനെത്തുടര്ന്ന് 2020 ഓഗസ്റ്റില് കെ.എ.പി. അഞ്ചാം ബറ്റാലിയനില് കമാന്ഡന്റായി ജോലിയില് തിരികെ പ്രവേശിച്ചു. വിരമിക്കാന് എട്ടുമാസം മാത്രം ബാക്കിനില്ക്കെയായിരുന്നു അത്'.
വ്യാജ മെമ്മോ, പെന്ഷന് ആനുകൂല്യങ്ങള് തടഞ്ഞു...
വിരമിക്കാന് ഒരുദിവസം ബാക്കി നില്ക്കെയാണ് തനിക്കെതിരേ വ്യാജ മെമ്മോകള് പുറപ്പെടുവിച്ചതെന്നാണ് രാധാകൃഷ്ണന്റെ വാദം. 2021 ഏപ്രില് 30-ന് രണ്ടില് കൂടുതല് മെമ്മോകളാണ് രാധാകൃഷ്ണന് ലഭിച്ചത്. ജോയിന്റ് എക്സൈസ് കമ്മീഷണറുടെ പരാതിയിലും, കസ്റ്റഡി പീഡനത്തിനുമായിരുന്നു ഈ മെമ്മോ. എന്നാല് ഇതെല്ലാം വ്യാജ പരാതികളാണെന്നാണ് രാധാകൃഷ്ണന് പറയുന്നത്. തന്റെ പെന്ഷന് ആനുകൂല്യങ്ങളും മറ്റും നിഷേധിക്കാനായി കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നു ഇതെന്നും അദ്ദേഹം ആരോപിക്കുന്നു.
വീണ്ടും ട്രിബ്യൂണിലേക്ക്, ഉത്തരവ് പാലിക്കാതെ സര്ക്കാര്...
പെന്ഷന് ആനുകൂല്യങ്ങള് തടഞ്ഞതോടെ വീണ്ടും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. സര്വീസ് ക്രമവല്ക്കരിച്ച് നല്കാനും പെന്ഷനും ആനുകൂല്യങ്ങളും ലഭ്യമാക്കാനും സസ്പെന്ഷന് കാലയളവിലെ ശമ്പളം ലഭിക്കാനും വേണ്ടിയാണ് ട്രിബ്യൂണലില് പരാതി നല്കിയത്. 'തന്റെ പരാതിയില് സര്വീസ് ക്രമവല്ക്കരിച്ച് നല്കാന് ട്രിബ്യൂണല് സംസ്ഥാന സര്ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല് സര്ക്കാര് അത് നടപ്പാക്കിയില്ല. ഇതോടെ കോടതിയലക്ഷ്യ ഹര്ജി നല്കി. ഇതിന്റെ വാദം കേള്ക്കല് ഉടന് നടക്കും. പെന്ഷനും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കാനായി സമര്പ്പിച്ച ഹര്ജി കോടതിയുടെ പരിഗണനയിലുണ്ട്'.
ആത്മഹത്യ ചെയ്യാന് പറഞ്ഞ മുഖ്യമന്ത്രി...
ഇതിനിടെ 2019-ലും 2020-ലും മുഖ്യമന്ത്രി പിണറായി വിജയനെ നേരില്ക്കണ്ട് രാധാകൃഷ്ണന് പരാതി ബോധിപ്പിക്കാന് ശ്രമിച്ചെങ്കിലും അനുമതി നിഷേധിച്ചിരുന്നു. എന്നാല് അടുത്തിടെ അദ്ദേഹത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന് കഴിഞ്ഞു. അതേക്കുറിച്ച് രാധാകൃഷ്ണന് പറയുന്നത് ഇങ്ങനെ- 'അടുത്തിടെ അദ്ദേഹത്ത നേരില്ക്കണ്ടു. എന്റെ കഷ്ടപ്പാടും നിലവിലെ സാഹചര്യവുമെല്ലാം അദ്ദേഹത്തെ അറിയിച്ചു. പെന്ഷനും ആനുകൂല്യങ്ങളും ലഭിച്ചില്ലെങ്കില് ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും എന്റെ മുന്നിലില്ലെന്നും പറഞ്ഞു. എന്നാല് പിന്നെ അങ്ങനെ ആകട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അത് ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. കണ്ണീരോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്നിന്ന് ഞാന് പുറത്തിറങ്ങിയത്. യാതൊരു ധാര്മിക മൂല്യവുമില്ലാത്തയാള് ഭരിക്കുന്ന സംസ്ഥാനത്താണ് ജീവിക്കുന്നതെന്നോര്ത്ത് ലജ്ജ തോന്നി. അങ്ങേയറ്റത്തെ സത്യസന്ധതയോടെ എന്റെ ഡ്യൂട്ടി ചെയ്തതിനാണ് സി.പി.എം. എന്നെ ഉപദ്രവിക്കുന്നത്'.
ഏതുസമയവും സി.പി.എം. ആക്രമണം പ്രതീക്ഷിക്കുന്നു...
ദിവസങ്ങള്ക്ക് മുമ്പ് കേസിന്റെ ഭാഗമായി അഭിഭാഷകനെ കാണാന് പോകുന്നതിനിടെയാണ് രാധാകൃഷ്ണനെ സ്കൂട്ടര് ഇടിച്ചിട്ടത്. എന്നാല് ഈ അപകടത്തില് സി.പി.എമ്മിന് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം ഉറച്ചുപറയുന്നു. പക്ഷേ, ടി.പി. ചന്ദ്രശേഖരന്റെയോ ഫസലിന്റെയോ വിധിയായിരിക്കും തനിക്കും ഉണ്ടാവുകയെന്നാണ് രാധാകൃഷ്ണന് പറയുന്നത്. 'എനിക്ക് ഒരു ഭയവുമില്ല, ഏതുസമയത്തും ഞാന് ഒരു ആക്രമണം പ്രതീക്ഷിക്കുന്നുണ്ട്'.
ഫസല് വധക്കേസിലെ സി.ബി.ഐ അന്വേഷണം...
രാധാകൃഷ്ണന് നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകള് ശരിവെയ്ക്കുന്നതായിരുന്നു ഫസല് വധക്കേസിലെ സി.ബി.ഐ. അന്വേഷണവും. കേസില് ആര്.എസ്.എസിന് പങ്കില്ലെന്നാണ് സി.ബി.ഐ.യും കോടതിയെ അറിയിച്ചത്. കൊടി സുനി ഉള്പ്പെടെയുള്ളവരുടെ സംഘമാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നും കാരായി രാജന്, കാരായി ചന്ദ്രശേഖരന് തുടങ്ങിയവരാണ് കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതെന്നും സി.ബി.ഐ. അന്വേഷണത്തില് കണ്ടെത്തിയിരുന്നു.
Content Highlights: fazal murder case former investigation officer k radhakrishnan retd ips says about his experience
'
Published: 29 Nov 2021, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented