വയനാട്: പനമരത്ത് മൂന്ന് വയസുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അച്ഛനും വൈദ്യനും അറസ്റ്റിൽ. അഞ്ചുകുന്ന് സ്വദേശി അൽത്താഫ്, ജോർജ് എന്നിവരാണ് അറസ്റ്റിലായത്.

To advertise here,

ജൂൺ ഒൻപതിനാണ് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് മൂന്നു വയസുകാരൻ മുഹമ്മദ് അഫ്സാന് പൊള്ളലേറ്റത്. ഉടനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദ​ഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശം നൽകുകയായിരുന്നു. എന്നാൽ രക്ഷിതാക്കൾ നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങിപോയി.  

പിന്നീട് കുട്ടിയെ നാട്ടുവൈദ്യനായ ജോർജിന്റെ അരികിലെത്തിക്കുകയും ഒരാഴ്ചയോളം ഇവിടെ ചികിത്സ നൽകുകയും ചെയ്തു. കുട്ടിയുടെ നില കൂടുതൽ ​ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. തുടർന്ന് ജൂൺ 20 ന് ചികിത്സയിലിരിക്കെ കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയതോടെയാണ് മാനന്തവാടിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകാതെ കുട്ടിയെ നാട്ടുവൈദ്യന്റെ അരികിലേക്ക് കൊണ്ടുപോയത് ബോധ്യപ്പെട്ടത്. തുടർന്നാണ് പോലീസ് കുട്ടിയുടെ പിതാവിന്റെയും നാട്ടുവൈദ്യന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.