കോഴിക്കോട്: വഖഫ് ഭൂമി അന്യാധീനപ്പെടാന്‍ കാരണം ഫാറൂഖ് കോളേജെന്ന ആരോപണവുമായി വഖഫ് സംരക്ഷണ സമിതി രംഗത്ത്. മുനമ്പം ഭൂമി നിയമവിരുദ്ധമായി വില്‍പ്പന നടത്തിയത് ഫറൂഖ് കോളേജാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി ഇതിന് ഒത്താശ ചെയ്യുകയാണെന്നും സമിതി ആരോപിച്ചു. വഖഫ് സംരക്ഷണത്തിനായി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വഖഫ് സംരക്ഷണ സമിതി.

To advertise here,

വഖഫിന്റെ ഉദ്ദേശ ലക്ഷ്യങ്ങളോട് കൂടി ഫാറൂഖ് കോളേജിന് കൈമാറിയ ഭൂമി സൂക്ഷിക്കുന്നതില്‍ ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് വീഴ്ചവരുത്തിയെന്ന് വഖഫ് സംരക്ഷണ സമിതി ആരോപിക്കുന്നു. അത് നിയമവിരുദ്ധമായി വില്‍പ്പന നടത്തി. മാനദണ്ഡങ്ങളൊന്നും പാലിച്ചില്ല. ഇതാണ് മുനമ്പത്തെ ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം. ഈ ഭൂമി വാങ്ങിയ പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളാണ് ഇപ്പോള്‍ പ്രശ്‌നത്തിലായത്.

"ഈ വിവാദങ്ങളൊക്കെ നടക്കുമ്പോഴും ഇതിന് കാരണക്കാരായ ഫറൂഖ് കോളേജ് മാനേജ്‌മെന്റ് ഒളിച്ചുകളിക്കുകയാണ്. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ള രാഷ്ട്രീയക്കാര്‍ പിന്തുണ നല്‍കുന്നു". മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന് പറയാന്‍ പ്രതിപക്ഷ നേതാവ് മുഫ്തിയല്ലല്ലോ എന്ന വിമര്‍ശനവും വഖഫ് സംരക്ഷണ സമിതി ഉയര്‍ത്തുന്നു.

ഇങ്ങനെ അഭിപ്രായപ്പെടാന്‍ ആരാണ് പ്രതിപക്ഷനേതാവിനെ ചുമതലപ്പെടുത്തിയത്. ഇത്തരം നീക്കങ്ങള്‍ക്ക് പി.കെ കുഞ്ഞാലിക്കുട്ടിയും മുസ്ലീം ലീഗ് നേതൃത്വവും പിന്തുണ നല്‍കുകയാണ്. കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന മുസ്ലീം സംഘടനകളുടെ യോഗത്തില്‍ വഖഫ് സംരക്ഷണത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ മറികടക്കുന്ന തീരുമാനങ്ങളാണ് ഉണ്ടായതെന്നും വഖഫ് സംരക്ഷണ സമിതി വിമര്‍ശിക്കുന്നു.