നീലേശ്വരം(കാസര്‍കോട്): സംസ്ഥാനത്ത് അതിദരിദ്രര്‍ ഇല്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോഴും കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന കുടുംബം കടക്കെണിയില്‍പ്പെട്ട് തെരുവിലേക്ക്. ചാമക്കുഴിയിലെ തോമസ് ജോണും 16 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനുമാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജപ്തിഭീഷണി നേരിടുന്നത്. അതിദരിദ്ര പട്ടികയില്‍പ്പെട്ടവര്‍ക്ക് പഞ്ചായത്തില്‍നിന്ന് കിട്ടുന്ന ഭക്ഷണക്കിറ്റും മരുന്നും മാത്രമാണ് ഇവരുടെ ഏക ആശ്രയം.

To advertise here,

വായ്പ തിരിച്ചെടുക്കാനാകാതെ സാഹചര്യത്തില്‍ ഡിസംബര്‍ മൂന്നിന് വീടൊഴിഞ്ഞ് പോകാനാണ് സ്ഥാപനം അറിയിച്ചിരിക്കുന്നത്. ആറുവര്‍ഷം മുമ്പ് കിനാനൂര്‍-കരിന്തളം പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടിനായി തോമസ് ജോണിന് നാലുലക്ഷം രൂപ അനുവദിച്ചു. 2019-ല്‍ സ്വപ്ന ഭവനത്തിനായി 2.10 ലക്ഷം രൂപ മഹീന്ദ്ര ഫിനാന്‍സിലെ കാഞ്ഞങ്ങാട് ശാഖയില്‍ നിന്നു വായ്പയുമെടുത്തു. ശാരീരിക അവശതകള്‍ കൂടിയതോടെ ജോലിക്ക് പോകാന്‍ കഴിയാതായി. ഇതോടെ ജോലി പോയി. വായ്പാ തിരിച്ചടവും മുടങ്ങി. ഇതിനിടയില്‍ ഭാര്യയും വിട്ടുപോയതോടെ തോമസും മകനും മാത്രമായി വീട് ചുരുങ്ങി.

നിത്യവൃത്തിക്ക് കഷ്ടപ്പെടുമ്പോഴാണ് ഈ ജപ്തി നടപടി. പലിശയടക്കം 4,88,813 രൂപ തിരിച്ചടയ്ക്കണമെന്നാണ് ധനകാര്യ സ്ഥാപനം അറിയിച്ചിരുന്നത്. തോമസ് ജോണിന്റെ അവസ്ഥ മുന്‍നിര്‍ത്തി കളക്ടര്‍ക്ക് നിവേദനം നല്‍കി. തുടര്‍ന്ന് അതിദരിദ്ര കുടുംബത്തിന് നേരെയുള്ള ജപ്തി ഭീഷണിയില്‍ കളക്ടര്‍ ഇടപ്പെട്ടു. ജൂണ്‍ 13-ന് ഹിയറിങ് നടത്തി. 2,30,000 രൂപ തവണകളായി വിവിധ സംഘടനകളുടെയോ സുമനസ്സുകളുടെയോ സഹായത്തോടെ തിരിച്ചടക്കണമെന്ന് തിരുമാനമായി.

സുമനസ്സുകളെ കണ്ടെത്താന്‍ സഹായിക്കാന്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റിന് കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സുമനസ്സുകളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

വീട് ജപ്തി ചെയ്താല്‍ ഭിന്നശേഷിക്കാരനായ മകനെയും കൊണ്ട് എങ്ങോട്ട് പോകുമെന്ന ആധിയിലാണ് ഈ പിതാവ്. സാവകാശം നല്‍കിയിട്ടും വായ്പത്തുക തിരിച്ചടയ്ക്കാത്തതിനാല്‍ ജപ്തി ഒഴിവാക്കാന്‍ ഇനി 4,88,813 രൂപയും അടയ്ക്കണമെന്ന് മഹീന്ദ്ര ഫിനാന്‍സ് കാഞ്ഞങ്ങാട് ശാഖാ മാനേജര്‍ പറഞ്ഞു.