കൊച്ചി: ഇ-സിം കാർഡ് ആക്ടിവേഷന്റെ പേരിൽ തട്ടിപ്പ് വ്യാപകമാകുന്നതായി ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററിന്റെ മുന്നറിയിപ്പ്. മൊബൈൽ നമ്പർ കൈവശപ്പെടുത്തി ഇരയുടെ അക്കൗണ്ടിലെ പണം മിനിറ്റുകൾ കൊണ്ട് കവരുന്ന തട്ടിപ്പാണിത്.
മൊബൈൽ സേവനദാതാവിന്റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇടപാടുകാരെ ബന്ധപ്പെടുന്നത്. നിലവിലുള്ള ഫിസിക്കൽ സിം കാർഡ് സിം ഇ-സിമ്മായി (എംബഡഡ് സിം) മാറ്റാമെന്ന് അറിയിക്കും. സമ്മതിക്കുന്നവരോട് ഇ-സിം ആക്ടീവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ ആവശ്യപ്പെടും.
അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ നിലവിലുള്ള സിം കാർഡിന് നെറ്റ്വർക്ക് നഷ്ടമാകും. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ-സിം പ്രവർത്തനക്ഷമമാകും. ഇരകളുടെ നമ്പർ തട്ടിപ്പ്കാരുടെ ഡിവൈസിലേക്ക് മാറ്റുന്നതോടെ കോളുകളും സന്ദേശങ്ങളും ഒടിപിയും നേരിട്ട് അവരിലേക്ക് പോകും.
ഈ ഒടിപികൾ ഉപയോഗിച്ച് ഇടപാടുകൾ അംഗീകരിക്കാനും പാസ് വേഡുകൾ റീ-സെറ്റ് ചെയ്യാനും പണം കൈക്കലാക്കാനും സാധിക്കും. കോളുകൾ, മെസേജുകൾ, ഒടിപി മുതലായവ തട്ടിപ്പുകാർക്ക് ലഭിക്കും. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം പിൻവലിക്കും.
ഇ-സിം സേവനങ്ങൾക്ക് സേവനദാതാക്കളുടെ ഔദ്യോഗിക കസ്റ്റമർ കെയർ മാത്രം ഉപയോഗിക്കണമെന്നും മൊബൈൽ നെറ്റ്വർക്ക് നഷ്ടമായാൽ ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും സൈബർ പോലീസ് വ്യക്തമാക്കി.
പുതുതലമുറ ഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡിജിറ്റൽ സിം ആണ് ഇ-സിം(എംബെഡഡ് സിം). ഒരു സിം സ്ലോട്ട് മാത്രമുള്ള ഫോണിൽ രണ്ട് ഫോൺ നമ്പരുകൾ ഉപയോഗിക്കുന്നവർ അതിലൊന്ന് ഇ-സിം ആക്കാൻ കഴിയും. പരമ്പരാഗത സിംകാർഡ് ഇ-സിമ്മായി ആക്ടിവേഷൻ ചെയ്തു കഴിഞ്ഞാൽ നിലവിലുള്ള ഫിസിക്കൽ സിം പ്രവർത്തന രഹിതമാകും.
Content Highlights: Beware of eSIM activation scams! Fraudsters impersonate customer care
Published: 17 Sept 2025, 07:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented