കൊല്ലം: ഐപിഎസ് ഉദ്യോഗസഥന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ടിലൂടെ പോലീസുകാരെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച് സൈബർ തട്ടിപ്പുകാരൻ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കൊല്ലം സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആർക്കും പണം നഷ്ടപ്പെട്ടിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി.

To advertise here,

യൂണിഫോമിലുള്ള ടി.കെ. വിഷ്ണു പ്രദീപ് ഐപിഎസിന്റെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച +9779702927*** എന്ന വാട്സ്ആപ്പ് നമ്പറിൽനിന്ന് കൊല്ലം റൂറൽ പോലീസിലെ ഒട്ടേറെ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞയാഴ്ച സന്ദേശങ്ങൾ ലഭിച്ചു.

'അടിയന്തര ആവശ്യമുണ്ടെന്ന് പറഞ്ഞ് തട്ടിപ്പുകാരൻ പോലീസ് ഉദ്യോഗസ്ഥരുമായി ചാറ്റ് ചെയ്യുകയും 40,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ സൈബർ തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരുന്ന ഉദ്യോഗസ്ഥർ ഉടൻ തന്നെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.' പോലീസ് വ്യക്തമാക്കി.

സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെൽ സൈബർ പോലീസ് സ്റ്റേഷനെ വിവരമറിയിച്ചതിനെ തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ 318(4) (വഞ്ചന), 3(5) (ഒരേ ലക്ഷ്യത്തോടെ കുറ്റകൃത്യം ചെയ്യൽ), ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 66സി (വ്യക്തിവിവര മോഷണം), 66ഡി (കമ്പ്യൂട്ടർ അല്ലെങ്കിൽ ആശയവിനിമയ ഉപകരണം ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

ന്യൂഡൽഹിയിലെ സോൺഗേറ്റിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് തട്ടിപ്പുകാരൻ പണം ആവശ്യപ്പെട്ടതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മറ്റ് തട്ടിപ്പ് കേസുകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പോലീസ് അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ബ്യൂറോക്രാറ്റുകൾ, രാഷ്ട്രീയക്കാർ, വ്യവസായികൾ എന്നിവരുടെയെല്ലാം പേരിൽ തട്ടിപ്പുകാർ ആൾമാറാട്ടം നടത്തുന്ന സമാനമായ ഒട്ടേറെ സംഭവങ്ങൾ സമീപവർഷങ്ങളിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.