
കൊച്ചി: പോളിങ് ശതമാനം ഉയർന്നതിന്റെ ആവേശത്തിലും അതേസമയം അങ്കലാപ്പിലുമാണ് മുന്നണികൾ. തങ്ങൾക്കനുകൂലമാണ് ജനവിധിയെന്നാണ് എൽ.ഡി.എഫും യു.ഡി.എഫും പറയുന്നത്. പതിവുശൈലിയിലാണ് വിലയിരുത്തുന്നതെങ്കിൽ പോളിങ് ശതമാനം വർധിച്ചാൽ യു.ഡി.എഫ്. എറണാകുളത്ത് തൂത്തുവാരും. എന്നാൽ കാര്യങ്ങൾ പഴയപടിയില്ലെന്നാണ് എൽ.ഡി.എഫിന്റെ വിശ്വാസം. വികസനതുടർച്ചയ്ക്കായുള്ള ജനവികാരമാണ് പോളിങ്ദിവസം കണ്ടതെന്ന് ഇടതുപക്ഷം വിലയിരുത്തുന്നു.
എസ്.ഐ.ആറിനുശേഷം വോട്ടർപട്ടിക പരിഷ്കരിക്കപ്പെട്ടതിന്റെ ഫലമായി വോട്ടിങ് ശതമാനം ഉയർന്നതായി വിലയിരുത്തുന്നവരുമുണ്ട്. എന്നാൽ അതിന് ആനുപാതികമായി പല മണ്ഡലങ്ങളിലും പുതിയ വോട്ടുകൾ ചേർക്കാനുള്ള ശ്രമങ്ങളും മുന്നണികളുടെ ഭാഗത്തുനിന്ന് നടന്നിരുന്നു. അതിനാൽ പല മണ്ഡലങ്ങളിലും വലിയ വോട്ടുചോർച്ച തടയാൻ സാധിച്ചിട്ടുണ്ട്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മത്സരിക്കുന്നതുവഴി ശ്രദ്ധേയമായ പറവൂരിൽ പോളിങ് 81.97 ശതമാനമായി ഉയർന്നത് യു.ഡി.എഫ്. പ്രതീക്ഷയോടെയാണ് കാണുന്നത്. സർക്കാരിനെതിരേയുള്ള വികാരമായാണ് ഇതിനെ മുന്നണി വിലയിരുത്തുന്നത്. എസ്.ഐ.ആറിനുശേഷം, പുതിയ വോട്ടുകൾ ചേർത്തശേഷം കഴിഞ്ഞ നിയമസഭാ വോട്ടുമായി താരതമ്യം ചെയ്യുമ്പോൾ 8,700 വോട്ടിന്റെ കുറവ് പറവൂരിൽ കാണാനാവും. വോട്ടർപട്ടിക ശുദ്ധീകരിച്ചതിനൊപ്പം യുവ വോട്ടർമാർ കാട്ടിയ വലിയ താത്പര്യവും മണ്ഡലത്തിൽ വോട്ടുവർധനയ്ക്ക് കാരണമായിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ പല ഭാഗങ്ങളിൽനിന്നായി ഉയർന്ന വെല്ലുവിളികൾക്കുള്ള മറുപടിയാണ് പോളിങ് വർധനയെന്ന് യു.ഡി.എഫ്. പറയുന്നു. മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെടുന്നയാൾ എന്നതും പോളിങ്ങിനെ സ്വാധീനിച്ചിട്ടുണ്ട്.
സിറ്റിങ് സീറ്റുകൾ കൈവിട്ടുപോകുമോ?
ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റുകളിൽ ശക്തമായ പോളിങ്ങാണ് നടന്നിട്ടുള്ളത്. ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് നടന്ന കുന്നത്തുനാട് മണ്ഡലത്തിൽ പോളിങ് 84.09 ശതമാനമായി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2,715 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി.വി. ശ്രീനിജിൻ യു.ഡി.എഫിലെ വി.പി. സജീന്ദ്രനെ പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ്.-52,351, യു.ഡി.എഫ്-49,636,
ട്വന്റി 20-42,701, എൻ.ഡി.എ-7,218 എന്നിങ്ങനെയായിരുന്നു അന്നത്തെ വോട്ടുനില. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് മാറി. മണ്ഡലത്തിൽ യു.ഡി.എഫ്.- 52,523, ട്വന്റി 20-46,161, എൽ.ഡി.എഫ്- 39,089, എൻ.ഡി.എ.- 8,145 എന്നിങ്ങനെയായി വോട്ടുനില. തദ്ദേശതിരഞ്ഞെടുപ്പിലും യു.ഡി.എഫ്.-54,331, ട്വന്റി 20-50,970, എൽ.ഡി.എഫ്.- 44,733 എന്നിങ്ങനെയാണ് മുന്നണികളുടെ വോട്ടുനില. ഈ സാഹചര്യത്തിൽ പോളിങ് വർധനയടക്കമുള്ള കാര്യങ്ങൾ തങ്ങൾക്ക് വലിയ ഗുണംചെയ്യുമെന്ന വിലയിരുത്തലാണ് യു.ഡി.എഫിനുള്ളത്.
തൃപ്പൂണിത്തുറയിൽ വാശിയേറിയ ത്രികോണമത്സരമായിരുന്നു. എൻ.ഡി.എ. മുന്നണിയിലെ ട്വന്റി 20 സ്ഥാനാർഥിയായ പി.വി. അഞ്ജലി പ്രചാരണത്തിന്റെ രണ്ടാംഘട്ടമായപ്പോഴേക്കും മണ്ഡലം മുഴുവൻ നിറഞ്ഞുനിൽക്കുന്ന വിധത്തിൽ പ്രവർത്തിച്ചുവെന്ന വിലയിരുത്തലാണ് ബി.ജെ.പി. ക്യാമ്പിലുള്ളത്. അതിന്റെ ഗുണം ഇക്കുറി ഉണ്ടാവുമെന്ന പ്രതീക്ഷയും അവർക്കുണ്ട്. ബി.ജെ.പി. സ്ഥാനാർഥിയില്ലാതിരുന്നതിന്റെ പരിഭവം ആദ്യഘട്ടങ്ങളിൽ ഉണ്ടായിരുന്നെങ്കിലും സ്ഥാനാർഥി രംഗത്തിറങ്ങിയതോടെ അതെല്ലാം മാറി മുന്നണി ഒറ്റക്കെട്ടായി നീങ്ങി. തൃപ്പൂണിത്തുറയിൽ പോളിങ് വർധനയ്ക്ക് ഇതും കാരണമായെന്നാണ് എൻ.ഡി.എ. വിലയിരുത്തൽ. കെ. ബാബുവിന്റെ നേതൃത്വത്തിൽ നടന്ന യു.ഡി.എഫിന്റെ പ്രവർത്തനങ്ങൾ താഴെതട്ടിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സ്ഥാനാർഥി ദീപക് ജോയിയെ സ്വന്തം ആളായി നിർത്തിക്കൊണ്ടാണ് ബാബു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പടിച്ചത്. വൈപ്പിനിൽനിന്ന് കളംമാറി തൃപ്പൂണിത്തുറയിൽ എത്തിയ ഇടതുസ്ഥാനാർഥി കെ.എൻ. ഉണ്ണികൃഷ്ണനും കുറഞ്ഞ സമയംകൊണ്ട് മണ്ഡലത്തിൽ നിറഞ്ഞു. ഇടതുപക്ഷത്തിന് തൃപ്പൂണിത്തുറ നിലനിർത്താനാവുന്ന സാഹചര്യം ഉണ്ടെന്നാണ് സി.പി.എം. വിലയിരുത്തൽ. എന്നാൽ ഏതെങ്കിലും വിധത്തിൽ സീറ്റ് കൈവിട്ടുപോകുന്ന അവസ്ഥ വന്നാൽ സ്ഥാനാർഥി നിർണയമടക്കമുള്ള കാര്യങ്ങളിൽ നേതൃത്വം പ്രതിക്കൂട്ടിലാവുകയും ചെയ്യും.
കൊച്ചി മണ്ഡലത്തിൽ ഇത്രയും ഉയർന്ന പോളിങ് മുന്നണികൾ പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 69.84 ശതമാനമായിരുന്ന പോളിങ് ഇക്കുറി 80.33 ശതമാനത്തിലേക്കാണ് ഉയർന്നത്. സിറ്റിങ് എം.എൽ.എ.യായ കെ.ജെ. മാക്സി സഭാവോട്ടുകളുടെ ബലത്തിൽ വിജയിച്ചുവരുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. ലത്തീൻ കത്തോലിക്ക സീറ്റ് എന്ന സഭയുടെ അവകാശവാദത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അവിടെ സ്ഥാനാർഥിയായി എത്തിയത്.
കളമശ്ശേരിയിൽ പ്രചാരണത്തിന്റെ അവസാനഘട്ടമായപ്പോഴേക്കും യു.ഡി.എഫിന് മുകളിലേക്ക് ഉയരാൻ സാധിച്ചിട്ടുണ്ട്. മത-ന്യൂനപക്ഷങ്ങളുടെ വോട്ടേകീകരണം കളമശ്ശേരിയിൽ നടന്നിട്ടുണ്ടെന്ന വിശ്വാസമാണ് യു.ഡി.എഫിന്. അതേസമയം മത-സമുദായ ചിന്തകൾക്കപ്പുറം മണ്ഡലത്തിന്റെ വികസനം അജൻഡയായി ഉയർത്തിക്കൊണ്ടുള്ള മന്ത്രി പി. രാജീവിന്റെ പ്രചാരണം ജനങ്ങൾ ഏറ്റെടുത്തതിന്റെ ഫലമായാണ് പോളിങ് വർധിച്ചതെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. എസ്.ഐ.ആറിനുശേഷം 6,663 വോട്ടുകളുടെ കുറവാണ് കളമശ്ശേരിയിൽ ഉണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 75.82 ശതമാനമായിരുന്നു പോളിങ് എങ്കിൽ അത് ഇക്കുറി 81.60 ശതമാനമായി. ശക്തമായ ഭരണവിരുദ്ധതരംഗമായി യു.ഡി.എഫ്. ഇതിനെകാണുമ്പോൾ, ഭരണത്തുടർച്ചയും മണ്ഡലത്തിലെ വികസനവും ആഗ്രഹിക്കുന്നവർ ആവേശത്തോടെ അണിനിരന്നതിന്റെ ഫലമാണ് വരാൻ പോകുന്നതെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ.
കോതമംഗലത്ത് ശക്തമായ മത്സരമാണ് ഇരുമുന്നണികളും കാഴ്ചവെച്ചത്. സി.പി.എം. കൈയടക്കിവെച്ചിരിക്കുന്ന മണ്ഡലം വിട്ടുപോകാതിരിക്കാൻ മുന്നണി കടുത്ത സുരക്ഷയാണ് ഒരുക്കിയത്. സഭാവോട്ടുകൾ ഉറപ്പിച്ചുകൊണ്ട് സീറ്റ് നിലനിർത്താനാവുമെന്ന കണക്കൂകൂട്ടലിലാണ് സി.പി.എം. എന്നാൽ ഇക്കുറി യു.ഡി.എഫ്. സ്ഥാനാർഥി ഷിബു തെക്കുംപുറം വളരെ നേരത്തേതന്നെ രംഗത്തിറങ്ങി നടത്തിയ നീക്കങ്ങൾ വിജയക്കുതിപ്പിലേക്ക് എത്തുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. കോതമംഗലത്തിന്റെ പൊതുവികാരം യു.ഡി.എഫിന് അനുകൂലമാണെന്നും പോളിങ് 79.30 ശതമാനമായി ഉയർന്നത് സർക്കാരിനെതിരേയുള്ള ജനവികാരമാണെന്നും യു.ഡി.എഫ്. കരുതുന്നു.
വൈപ്പിനിൽ ഇത്രവലിയ പോളിങ് മുന്നണികൾ പ്രതീക്ഷിച്ചതല്ല. 80.50-ലേക്ക് പോളിങ് എത്തിയപ്പോൾ, അത് സർക്കാരിനെതിരേയുള്ള ജനവികാരമായാണ് യു.ഡി.എഫ്. കണ്ടത്. സിറ്റിങ് എം.എൽ.എ.യെ തൃപ്പൂണിത്തുറയിലേക്ക് പറഞ്ഞയച്ചാണ് യുവനേതാവ് എം.ബി. ഷൈനിയെ സി.പി.എം. കളത്തിലിറക്കിയത്. വാശിയേറിയ പ്രചാരണം ഇടതുപക്ഷം നടത്തിയിട്ടുണ്ട്. സീറ്റ് നിലനിർത്താൻ കഴിയുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. എന്നാൽ സഭാവോട്ടുകളുടെ ബലത്തിൽ അട്ടിമറിയാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. യു.ഡി.എഫ്. തരംഗത്തിൽ വൈപ്പിനും കൂടെപ്പോരുമെന്ന പ്രതീക്ഷയാണ് മുന്നണിക്കുള്ളത്.
ആശങ്കയില്ലെന്ന് യു.ഡി.എഫ്.
പെരുമ്പാവൂരിലെ പോളിങ് ശതമാനം 80.40 ആയത് യു.ഡി.എഫിന്റെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റ് നിലനിർത്താൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ്. സ്ഥാനാർഥി മനോജ് മൂത്തേടന് പെട്ടെന്നുതന്നെ മണ്ഡലം കീഴടക്കാൻ സാധിച്ചുവെന്നാണ് വിലയിരുത്തൽ. എൽ.ഡി.എഫ്. സ്ഥാനാർഥി ബേസിൽ പോൾ, യു.ഡി.എഫിന്റെ അതേ തന്ത്രങ്ങൾ ഇറക്കിയാണ് വോട്ടുപിടിച്ചത്. സീറ്റ് തിരിച്ചുകിട്ടുമെന്നുതന്നെയാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ.
അങ്കമാലിയിൽ യു.ഡി.എഫ്. അനായാസ വിജയം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഇടതു സ്ഥാനാർഥിയായി മുൻ എം.എൽ.എ. സാജുപോൾ എത്തുന്നത്. അതോടെ അങ്കമാലിയുടെ മത്സരം കടുത്തതായി മാറി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 76.11 ശതമാനമായിരുന്നു അങ്കമാലിയിലെ പോളിങ് എങ്കിൽ ഇക്കുറി 75.62 ആയി കുറയുകയാണ് ചെയ്തത്. എസ്.ഐ.ആറിനുശേഷം 9,675 വോട്ടുകളുടെ കുറവാണ് മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നത്. ഇരുമുന്നണികളും ഇവിടെ ജയപ്രതീക്ഷയിലാണ്. ഭരണവിരുദ്ധതരംഗമുള്ളതിനാൽ അങ്കമാലിയിലെ സിറ്റിങ് സീറ്റ് ഒരുകാരണവാശാലും കൈവിടില്ലെന്നാണ് യു.ഡി.എഫ്. ഉറപ്പിക്കുന്നത്.
തൃക്കാക്കര സീറ്റിൽ യു.ഡി.എഫിന് ആശങ്കയില്ല. എസ്.ഐ.ആറിനുശേഷമുള്ള വോട്ടർ പട്ടികയിൽനിന്ന് 25,775 വോട്ടുകളുടെ കുറവ് തൃക്കാക്കരയിൽ ഉണ്ടായിട്ടുണ്ട്. പോളിങ് കഴിഞ്ഞതവണ 69.28 ആയിരുന്നെങ്കിൽ ഇപ്പോൾ 78.85 ശതമാനമായി. ട്വന്റി 20 കൂടി ഇറങ്ങി ത്രികോണ മത്സരമായതോടെയാണ് പോളിങ് ഉയർന്നത്. മണ്ഡലത്തിന്റെ പൊതുസ്വഭാവം യു.ഡി.എഫിന് അനുകൂലമായതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം.
ആലുവയിൽ പ്രചാരണം അതിശക്തമായതിന്റെ ഗുണം പോളിങ്ങിൽ കണ്ടു. എസ്.ഐ.ആർ. വന്നതിലൂടെ 7,504 വോട്ടുകൾ ഇല്ലാതായെങ്കിലും പോളിങ് എൺപത് ശതമാനത്തിന് മുകളിലേക്ക് എത്തിയത് യു.ഡി.എഫ്. വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. അതേസമയം ആലുവയിൽ എ.എം. ആരിഫിനെ സ്ഥാനാർഥിയാക്കിയതിലൂടെ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞെന്നാണ് ഇടതുപക്ഷത്തിന്റെ വിശ്വാസം. എന്നാൽ അനായാസവിജയമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
എറണാകുളത്ത് എസ്.ഐ.ആറിനുശേഷം മുപ്പതിനായിരത്തിലധികം വോട്ടാണ് ഇല്ലാതായത്. ഇതിൽ ഇടതുപക്ഷത്തിന് അത്രവലിയ ആശങ്കയില്ല. എന്നാൽ യു.ഡി.എഫ്. വോട്ടുകളെ അത് ബാധിച്ചേക്കും. പോളിങ് ശതമാനം കഴിഞ്ഞതവണത്തേതിനേക്കാൾ പന്ത്രണ്ടുശതമാനത്തോളം കൂട്ടാൻ കഴിഞ്ഞത് നേട്ടമായാണ് യു.ഡി.എഫ്. വിലയിരുത്തുന്നത്. സഭാവോട്ടുകളിൽ ചെറിയൊരുമാറ്റം ഉണ്ടായേക്കാമെങ്കിലും യു.ഡി.എഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവുമുണ്ടാവില്ലെന്ന ഉറച്ചവിശ്വാസം നേതാക്കൾക്കുണ്ട്.
മൂവാറ്റുപുഴയിൽ വിജയം ആവർത്തിക്കാനാവുമെന്ന കാര്യത്തിൽ യു.ഡി.എഫിന് ആശങ്കയില്ല. പ്രചാരണപ്രവർത്തനങ്ങളിൽ യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. മാത്യു കുഴൽനാടൻ ഏറെ മുന്നിലായിരുന്നു. സി.പി.ഐ.യുടെ ചെറുപ്പക്കാരനായ സ്ഥാനാർഥി എൻ. അരുണിന് ജനങ്ങളിൽ മതിപ്പുളവാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ 78.11 ശതമാനം പോളിങ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്. സീറ്റ് നിലനിർത്താൻ സാധിക്കുമെന്നാണ് യു.ഡി.എഫ്. ക്യാമ്പിലെ ഉറച്ച പ്രതീക്ഷ.
പിറവത്ത് ഇക്കുറി നല്ലമത്സരമാണ് നടന്നത്. പിറവം എളുപ്പത്തിൽ ജയിച്ചുകയറുന്ന സ്ഥലമായാണ് യു.ഡി.എഫ്. കണ്ടിട്ടുള്ളത്. കേരള കോൺഗ്രസ് ജേക്കബിന്റെ കുത്തക സീറ്റായ പിറവത്ത് ഇക്കുറി കോൺഗ്രസ് വിമതനായി പുറത്തുവന്ന സാബു കെ. ജേക്കബ് ഇടതുസ്ഥാനാർഥിയായതോടെ കടുത്ത മത്സരമാണ് നടന്നത്. യാക്കോബായ സഭാ വോട്ടുകൾ മണ്ഡലത്തിൽ നിർണായകമാണ്. പോളിങ് 76.43 ആയി ഉയർന്നത് അനൂപ് ജേക്കബിന്റെ ജയസാധ്യത ഉയർത്തുമെന്നാണ് യു.ഡി.എഫ്. വിലയിരുത്തൽ.
Content Highlights: Most constituencies in Ernakulam district witnessed a substantial increase in voter turnout, creating both excitement and anxiety among the major political fronts
Published: 11 Apr 2026, 01:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented