
കണ്ണൂർ: എരഞ്ഞോളി സ്‌ഫോടനത്തിൽ വയോധികൻ മരിച്ചതിനു പിന്നാലെ സി.പി.എമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ കുടക്കളത്തെ വീട്ടിൽ പാർട്ടിയുടെ വനിതാനേതാക്കൾ എത്തി. ബുധനാഴ്ച രാത്രിയാണ് പഞ്ചായത്തംഗം ഉൾപ്പെടെയുള്ള മൂന്നംഗങ്ങൾ എത്തിയത്.
‘മകളെ പറഞ്ഞുമനസ്സിലാക്കണമെന്ന് അവർ അമ്മയെ ഉപദേശിച്ചതായി സീന പറഞ്ഞു. അതിന്റെ അർഥം എന്താണെന്ന് എനിക്ക് മനസ്സിലാകും. ഇത്രയും കാലം പാർട്ടിക്കാരുടെ ഇടയിൽ ജീവിച്ചതാണ്. അവർ എന്തൊക്കെ ചെയ്യുമെന്നും എന്തൊക്കെ പറയുമെന്നും നല്ല ധാരണയുണ്ട്. ഭയപ്പെടുന്നില്ല. വീട്ടിൽ വന്നവരോട് ‘നിങ്ങൾ നമ്മളെ കൊല്ലുമോയെന്ന്’ അമ്മ ചോദിച്ചപ്പോൾ ചിരിയായിരുന്നു മറുപടിയെന്നും സീന പറഞ്ഞു.
സീന വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു നേതാക്കൾ എത്തിയത്. ഒഴിവുദിവസങ്ങളിൽ ഭർത്താവിന്റെ തലശ്ശേരിയുള്ള വീട്ടിലാണ് സീന താമസിക്കുന്നത്. മറ്റുള്ള ദിവസങ്ങളിൽ എരഞ്ഞോളിലെ സ്വന്തം വീട്ടിലുമാണ്. സത്യം വിളിച്ചുപറഞ്ഞിട്ട് കൊല്ലുമെങ്കിൽ കൊല്ലട്ടെ. വർഷങ്ങളായി എരഞ്ഞോളിയിൽ ജീവിക്കുന്നു. പറഞ്ഞതെല്ലാം സത്യമാണ്. നുണ പറഞ്ഞതുകൊണ്ട് എനിക്ക് യാതൊരു കാര്യവുമില്ല. കൊല്ലാൻ തീരുമാനിച്ചാൽ പോലീസ് വന്നിട്ടൊന്നും കാര്യമില്ലെന്നും സീന ‘മാതൃഭൂമി’യോട് പറഞ്ഞു. സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കുണ്ടെന്ന് സീന നടത്തിയ വെളിപ്പെടുത്തൽ സി.പി.എം. ഇന്നലെ തള്ളിക്കളഞ്ഞിരുന്നു.
പോലീസ് നിരീക്ഷണം ഏർപ്പെടുത്തി
എരഞ്ഞോളി സ്‌ഫോടനത്തിൽ വെളിപ്പെടുത്തൽ നടത്തിയ സീനയുടെ വീടിനും പരിസര പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ഏർപ്പെടുത്തി. പോലീസ് സംരക്ഷണം ആവശ്യമുണ്ടോയെന്ന് ഉദ്യോഗസ്ഥർ വീട്ടിൽ വന്ന് അന്വേഷിച്ചതായി സീന പറഞ്ഞു.
എരഞ്ഞോളി സ്ഫോടനം; ബോംബ് തിരയാൻ അഞ്ച് സ്ക്വാഡുകൾ
കണ്ണൂർ: എരഞ്ഞോളി കുടക്കളത്ത് ബോംബ് പൊട്ടി ആയിനിയാട്ട് വേലായുധൻ മരിച്ച സംഭവത്തിൽ സി.പി.എം. സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു.
കുടക്കളത്തെയും കതിരൂർ കുണ്ടുചിറയിലെയും സി.പി.എം. പ്രവർത്തകർ തമ്മിലുള്ള ഉൾപ്പോരാണ് ബോംബ് കരുതിവെയ്ക്കാൻ കാരണമായതെന്ന് സംശയമുണ്ട്. രണ്ടു സംഘങ്ങളും തമ്മിൽ നേരത്തേ ഉരസലുണ്ടായിരുന്നു. കുറച്ചുനാൾ മുൻപ് സംഘർഷവുമുണ്ടായി. കുടക്കളത്തെ സംഘം കുണ്ടുചിറയിലെ സംഘത്തിലൊരാളെ വെട്ടിപ്പരിക്കേൽപ്പിച്ചു. പകരംവീട്ടാനുള്ള സാധ്യത മുന്നിൽ കണ്ട് കുടക്കളത്തെ പ്രവർത്തകർ സ്‌ഫോടനമുണ്ടായ വീട്ടിൽ തമ്പടിച്ചിരിക്കാമെന്നും ഇക്കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു.
ആൾത്താമസമില്ലാത്ത വീടുകൾ, ഒഴിഞ്ഞ പറമ്പുകൾ എന്നിവയുടെ പട്ടിക പോലീസ് തയ്യാറാക്കി. ഇവിടങ്ങളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ വ്യാപക പരിശോധന തുടങ്ങി. വയനാട്, കോഴിക്കോട് റൂറൽ, കണ്ണൂർ സിറ്റി, റൂറൽ, കാസർകോട് എന്നിവിടങ്ങളിൽനിന്നായി അഞ്ച് ബോംബ് സ്‌ക്വാഡുകൾ തലശ്ശേരി, കൂത്തുപറമ്പ്, കതിരൂർ, ധർമടം, പാനൂർ, കൊളവല്ലൂർ, ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ വ്യാഴാഴ്ച പരിശോധന നടത്തി. ബോംബുകളൊന്നും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനമുണ്ടായ എരഞ്ഞോളിയിലെ കാടുകയറിയ ഒഴിഞ്ഞ പറന്പുകൾ വൃത്തിയാക്കി പരിശോധിച്ചിരുന്നു. ഡോഗ് സ്‌ക്വാഡും ഉണ്ടായിരുന്നു. പരിശോധന തുടരുമെന്ന് ബോംബ് സ്‌ക്വാഡ് സബ്ഇൻസ്പെക്ടർ എം.സി. ജിയാസ് പറഞ്ഞു.
ആളൊഴിഞ്ഞ വീട്ടിൽ ബോംബ് കൊണ്ടുവെച്ചതാരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാറിന്റെ മേൽനോട്ടത്തിൽ തലശ്ശേരി എ.എസ്.പി. കെ.എസ്. ഷഹൻഷ, പോലീസ് ഇൻസ്പെക്ടർ ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം തുടങ്ങിയത്.
Content Highlights: eranholi blast probe cpm leaders advice seena
Published: 21 Jun 2024, 09:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented