ന്യൂഡൽഹി: ഇപിഎഫ് പെന്‍ഷന്‍കാരുടെ ഉയര്‍ന്ന വേതനത്തിന്റെ അടിസ്ഥാനത്തിലുളള പെന്‍ഷന്‍ അപേക്ഷകള്‍ തൊഴിലുടമയ്ക്ക് അയച്ചെന്നും ജനുവരി 31-ന് മുമ്പ് തൊഴിലുടമ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അപേക്ഷ നിരസിക്കുമെന്നുളള സന്ദേശം നല്‍കുന്ന ഇപിഎഫ്ഒ യുടെ നീക്കം  കോടതിയലക്ഷ്യ നടപടികളില്‍ നിന്നും രക്ഷനേടുവാനുളള കുറുക്കുവഴിയാണെന്നും അടിയന്തിരമായി പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ് പുറത്തിറക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. 

To advertise here,

ഇപിഎഫ്ഒ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ പെന്‍ഷന്‍ നിഷേധിക്കുമെന്ന നടപടി നിയമവിരുദ്ധമാണ്. പെന്‍ഷന്‍കാര്‍ക്ക് നിയമാനുസൃതമായി ലഭിക്കേണ്ട പെന്‍ഷന്‍ തൊഴിലുടമയുടെ വീഴ്ചയുടെ പേരില്‍ നിഷേധിക്കുവാനുളള ഇപിഎഫ്ഒ നടപടി ദുരൂഹമാണ്. ഇത് സുപ്രീംകോടതി വിധിയുടെയും 1995 ഇപിഎസ് സ്‌കീമിന്റെയും നഗ്നമായ ലംഘനമാണ്.

ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാനുളള നിയമപരമായ ബാധ്യത നിറവേറ്റുന്നതില്‍ ഇപിഎഫ്ഒ പരാജയപ്പെട്ടു. കോടതി ഉത്തരവ് ലംഘിക്കുന്നതിനാല്‍ ഉണ്ടായക്കാവുന്ന കോടതിയലക്ഷ്യ നടപടികളില്‍ നിന്നും രക്ഷപ്പെടുന്നതിനുവേണ്ടിയാണ് ഇപിഎഫ്ഒ യുടെ നീക്കം. 4/11/2022 ലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുകയും ഉത്തരവിന് വിരുദ്ധമായ സര്‍ക്കുലറുകളും കത്തുകളും നല്‍കുകയും ചെയ്ത ഇപിഎഫ്ഒ നടപടി കോടതി വിധിയുടെ ലംഘനമാണ്. 

തൊഴിലാളികളുടെ വിവരങ്ങള്‍ പൂര്‍ണമായി നല്‍കിയ അപേക്ഷകള്‍ പോലും യാതൊരു കാരണവും കൂടാതെ തൊഴിലുടമയ്ക്ക് മടക്കിനല്‍കി അപേക്ഷ തൊഴിലുടമയുടെ പക്കലാണെന്ന് വെബ്സൈറ്റില്‍ രേഖപ്പെടുത്തുകയാണ് ഇപിഎഫ്ഒ ചെയ്യുന്നത്.  

വിവിധ കാരണങ്ങള്‍ പറഞ്ഞാണ് കോടതി ഉത്തരവ് ലംഘിക്കുന്നത്. തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയും സാമ്പത്തിക സ്ഥിരതയും ഉറപ്പു വരുത്തുകയെന്ന ഇപിഎഫ്ഒയുടെ പ്രഖ്യാപിതലക്ഷ്യത്തിന് വിരുദ്ധമായിട്ടാണ് ഇപ്പോള്‍ ഇപിഎഫ്ഒ പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന പെന്‍ഷന്‍ നിഷേധിക്കുന്നതിനുവേണ്ടി യാതൊരു നീതികരണവുമില്ലാതെ പ്രൊ-റേറ്റാ പെന്‍ഷന്‍ എന്ന നൂതന സംവിധാനം കൊണ്ടുവന്ന് തൊഴിലാളികളുടെ നിയമപരമായ പെന്‍ഷന്‍ ആനുകൂല്യം നിഷേധിക്കുന്നു. കുടിശ്ശിക പെന്‍ഷന് വരുമാന നികുതി ഇളവ് അനുവദിക്കണമെന്ന പെന്‍ഷന്‍ക്കാരുടെ ന്യായമായ ആവശ്യം പോലും ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയില്‍ കൊണ്ടുവരുവാന്‍ ഇപിഎഫ്ഒക്ക് കഴിഞ്ഞിട്ടില്ല.  

പെന്‍ഷന്‍ക്കാരെ സംബന്ധിച്ചിടത്തോളം യാതൊരു പ്രതീക്ഷയ്ക്കും വക നല്‍കാതെ തൊഴിലാളി ദ്രോഹ നടപടകളാണ് ഇപിഎഫ്ഒ സ്വീകരിച്ചു വരുന്നത്. ഗൗരവകരമായ സാഹചര്യം കണക്കിലെടുത്ത് പെന്‍ഷക്കാരുടെ അപേക്ഷകളിന്മേല്‍  എത്രയും പെട്ടെന്ന് തീരുമാനമെടുത്ത് പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ വേണ്ട നിര്‍ദേശം നല്‍കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.