കണ്ണൂർ: എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയത് ഇ.പി.ജയരാജന്റെ രാഷ്ട്രീയജീവിതത്തിന് അവസാനം കുറിക്കുമോ? പാർട്ടിസമ്മേളനങ്ങൾ തുടങ്ങുന്നതിന്റെ തലേന്നുള്ള നടപടി കണ്ണൂരിലുൾപ്പെടെ സി.പി.എമ്മിലുയർത്തുന്ന ചോദ്യമിതാണ്. ഒരുകാലത്ത് സി.പി.എമ്മിലെ രണ്ടാമത്തെ അധികാരകേന്ദ്രമായി വരെ വളർന്ന ഇ.പി.ജയരാജന്റെ വീഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ കൈയൊഴിഞ്ഞതോടെ, അണികളും നേതാക്കളും പ്രതീക്ഷിച്ചതാണ്.
പല കാര്യങ്ങളിലും ഇ.പി.ജയരാജനോട് അതൃപ്തിയുള്ള പിണറായി വിജയൻ ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ പരസ്യമായിത്തന്നെ കുറ്റപ്പെടുത്തി. ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിന്റെ കാര്യത്തിൽ ഇ.പി.ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് പിണറായി മാധ്യമങ്ങളുടെ മുന്നിൽ തുറന്നുപറഞ്ഞു. അതോടെതന്നെ പാർട്ടിക്കുള്ളിൽ പിടിവള്ളി നഷ്ടപ്പെട്ട നിലയിലാണ് ഇ.പി. നിരന്തരമായി വിവാദങ്ങളിലുൾപ്പെട്ടതോടെയാണ് പലപ്പോഴും സംരക്ഷിച്ച പിണറായിയും കൈവിട്ടത്.
എം.വി.രാഘവനെ പുറത്താക്കിയ ശേഷം പാർട്ടിക്ക് ക്ഷീണമുണ്ടാകാതിരിക്കാനും പിന്നീട് വി.എസ്. പക്ഷത്തെ വെട്ടിനിരത്താനും തനിക്കൊപ്പംനിന്ന ജയരാജനെ പിണറായി പൂർണമായും കൈവിടുന്നുവെന്ന സന്ദേശം അണികളും ഉൾക്കൊള്ളുന്നു.
പിണറായിയുടെ അതൃപ്തിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആഗ്രഹിച്ച മട്ടന്നൂർ സീറ്റ് ഇ.പി.ക്ക് കിട്ടാതെ പോയതിന്റെ കാരണമെന്നാണ് കരുതുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം സംസ്ഥാന സെക്രട്ടറി സ്ഥാനവും പി.ബി. അംഗത്വവും ആഗ്രഹിച്ചെങ്കിലും രണ്ടും ഇ.പി.ക്ക് കൈയെത്തിപ്പിടിക്കാനായില്ല. പിണറായിയുടെ അനിഷ്ടം തന്നെയായിരുന്നു പ്രധാന കാരണം. തന്നേക്കാൾ ജൂനിയറായ എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതോടെ ഇ.പി.യുടെ നീരസം കടുത്തു. ആഗ്രഹിക്കാത്ത എൽ.ഡി.എഫ്. കൺവീനർ സ്ഥാനം കിട്ടിയെങ്കിലും ആ നിലയിൽ തിരഞ്ഞെടുപ്പ് രംഗത്തുപോലും അദ്ദേഹം സജീവമായില്ലെന്ന ആക്ഷേപവും പാർട്ടിയിലുണ്ടായിരുന്നു.
പിണറായി വിജയൻ കൈവിട്ടതോടെയാണ് കണ്ണൂരിലെ പാർട്ടിയിലും ഇ.പി.ജയരാജൻ ദുർബലനായത്. പി.ജയരാജനും എം.വി.ജയരാജനും ഉൾപ്പെടെയുള്ള നേതാക്കളിൽ ഒരുകാലത്ത് ഏറ്റവും തലയെടുപ്പോടെ നിന്ന ഇ.പി. പതിയെ പത്തിതാഴ്ത്തിയതോടെ കൂടെയുണ്ടായിരുന്നവരിൽ പലരും നിശ്ശബ്ദരാകുകയോ കൈവിടുകയോ ചെയ്തു. അതിനാൽത്തന്നെ ഇ.പി.ക്കെതിരായ നടപടി കണ്ണൂരിലെ പാർട്ടിയിൽ ചലനമൊന്നുമുണ്ടാക്കില്ല. പാർട്ടിയെടുത്ത നടപടി എൽ.ഡി.എഫ്. കൺവീനർസ്ഥാനത്തുനിന്നുള്ള മാറ്റംമാത്രമായി ചുരുങ്ങാനിടയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
കേന്ദ്രകമ്മിറ്റിയിൽനിന്നുൾപ്പെടെ അദ്ദേഹത്തെ നീക്കുമോയെന്നതാണ് സമ്മേളനകാലത്ത് പാർട്ടിയിലെ ആകാംക്ഷ. പാർട്ടിപദവികൾ വഹിക്കാനുള്ള പ്രായപരിധിയോടടുക്കുന്ന ഇ.പി.ക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നുതന്നെയാണ് ഭൂരിഭാഗവും കരുതുന്നത്.
ഡി.വൈ.എഫ്.ഐ.യുടെപ്രഥമാധ്യക്ഷൻ, കണ്ണൂരിലെ കരുത്തൻ
കണ്ണൂർ: 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കുന്നതിന്റെ തലേന്നാണ് ഇ.പി.ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയത്. കണ്ണൂർ സി.പി.എമ്മിലെ കരുത്തനായി അറിയപ്പെട്ടിരുന്ന ഇ.പി.ക്ക് ഇത് വലിയ ക്ഷീണമായി. പാർട്ടിക്കകത്തും പുറത്തും വിപുലമായ സൗഹൃദമുണ്ട് അദ്ദേഹത്തിന്. അണികൾക്ക് ആവേശം പകർന്നിരുന്നതാണ് പൊതുയോഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ.
എം.വി.രാഘവനെ പുറത്താക്കിയശേഷം സി.പി.എമ്മിന് ക്ഷതമേൽക്കാതിരിക്കാൻ നടത്തിയ സംഘടനാപ്രവർത്തനങ്ങളിൽ പിണറായി വിജയന്റെ വലംകൈയായിരുന്നു ഇ.പി.
സ്കൂൾപഠനകാലം മുതൽ ഏതാണ്ട് ആറുപതിറ്റാണ്ടിന്റെ രാഷ്ട്രീയപ്രവർത്തന പാരമ്പര്യമുണ്ട് അദ്ദേഹത്തിന്. പടിപടിയായി വളർന്ന് സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റിയിൽവരെയെത്തി. ഹൈസ്കൂൾ പഠനകാലത്ത് തന്നെ വിദ്യാർഥിസംഘടനയിൽ സജീവമായിരുന്നു. കണ്ണൂർ പോളിടെക്നിക്കിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ. ജില്ലാ നേതൃത്വത്തിലെത്തിയ ഇ.പി.ജയരാജൻ യുവജനരംഗത്തൂടെ വളർന്നു. 1980-ൽ ഡി.വൈ.എഫ്.ഐ. രൂപംകൊണ്ടപ്പോൾ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽനിന്ന് മാറിയശേഷം കുറച്ചുകാലം സജീവമല്ലായിരുന്നു.
പിന്നീട് സി.പി.എമ്മിൽ സജീവമായി. ദീർഘകാലം സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. 1992 മുതൽ സംസ്ഥാന കമ്മിറ്റിയിൽ. സംസ്ഥാന സെക്രട്ടേറിയറ്റംഗം, കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കുറച്ചുകാലം പാർട്ടിയുടെ തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ ചുമതലയും നിർവഹിച്ചു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറൽ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചു.
1987-ൽ അഴീക്കോട് മണ്ഡലത്തിൽനിന്ന് ചെറിയ വോട്ടിന് എം.വി.രാഘവനോട് പരാജയപ്പെട്ട ജയരാജൻ, 1991-ൽ ഇതേ മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് മട്ടന്നൂർ മണ്ഡലത്തിൽനിന്ന് വൻ ഭൂരിപക്ഷത്തോടെ തുടർച്ചയായി രണ്ടുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016-ൽ ഒന്നാം പിണറായി മന്ത്രിസഭയിൽ വ്യവസായമന്ത്രിയായി. ചില വിവാദങ്ങളെത്തുടർന്ന് മന്ത്രിസഭയിൽനിന്ന് രാജിവെച്ചെങ്കിലും പിന്നീട് തിരിച്ചെത്തി. 2022 ഏപ്രിൽ 20-നാണ് എൽ.ഡി.എഫ്. കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടത്.
വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടു
ഇ.പി.ജയരാജൻ രണ്ടുതവണ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. പാർട്ടി ജില്ലാ സെക്രട്ടറിയായിരിക്കെ, 1995 ഏപ്രിൽ 12-ന് ചണ്ഡീഗഢിൽ നടന്ന സി.പി.എം. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് രാജധാനി എക്സ്പ്രസിൽ ഭാര്യയോടും ഭാര്യാസഹോദരികൂടിയായ പി.കെ.ശ്രീമതിയോടുമൊപ്പം തിരിച്ചുവരുമ്പോൾ ആന്ധ്രയിലെ ചിരാല റെയിൽവെ സ്റ്റേഷനിൽവെച്ച് വെടിയേറ്റു. ഏറെക്കാലം ഇതുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. ഈ കേസിൽ ഇപ്പോഴത്തെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും പ്രതിയായിരുന്നു.
പാനൂരിൽ സി.പി.എം.-ആർ.എസ്.എസ്. സംഘർഷം നടക്കുന്ന സമയത്ത് അദ്ദേഹം സഞ്ചരിച്ച കാറിനുനേരേ ബോംബേറുണ്ടായിരുന്നു. നാൽപാടി വാസു വധത്തെത്തുടർന്ന് സി.പി.എം. കോഴിക്കോട് ഡി.ഐ.ജി. ഓഫീസിലേക്ക് നടത്തിയ മാർച്ചിനോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ പോലീസ് മർദനമേറ്റ് ചികിത്സയിലായിരുന്നു.
Content Highlights: ep jayarajan removed from ldf covener kannur cpm
Published: 01 Sept 2024, 07:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented