കണ്ണൂർ: പാർട്ടിക്കേറ്റ പരിക്കിൽനിന്ന് കരകയറാൻ അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനവുമായി സി.പി.എം. സമ്മേളനകാലത്ത് അച്ചടക്കനടപടികൾ നീട്ടിവെക്കുകയെന്ന കീഴ്‌വഴക്കമാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ കാര്യത്തിൽ സി.പി. എം. മാറ്റിയെഴുതിയത്.
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിലായ ദിവ്യയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് 20 ദിവസം വേണ്ടിവന്നു ഇങ്ങനെയൊരു തീരുമാനത്തിന് എന്നതും ശ്രദ്ധേയമാണ്. കേസെടുത്തപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ ദിവ്യയോട് സി.പി.എം ആവശ്യപ്പെടുകയായിരുന്നു. പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടും അവർ രാജിസന്നദ്ധത പ്രകടിപ്പിക്കാതിരുന്നതും വിമർശനവിധേയമായിരുന്നു. വിഷയത്തിൽ പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ദിവ്യയുടെ ഭാഗത്തനിന്ന് ഉണ്ടായതെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുയർന്നിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചല്ലോയെന്നും പാർട്ടി നടപടി ആഭ്യന്തരകാര്യമാണെന്നുമായിരുന്നു ഇക്കാര്യത്തിൽ നേരത്തേ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ വിശദീകരണം. എന്നാൽ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ കഴിഞ്ഞ് ഇപ്പോൾ നടക്കുന്ന ഏരിയാ സമ്മേളനങ്ങളിൽ വിഷയം സജീവ ചർച്ചയായി ഉയരുകയാണ്. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പലയിടത്തും പ്രാദേശികനേതാക്കൾ ഉയർത്തിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാനാകാത്ത സ്ഥിതിയും ഉണ്ടായി. വ്യക്തികേന്ദ്രിത വിഷയത്തിൽ പാർട്ടി വലിച്ചിഴക്കപ്പെടുന്ന സ്ഥിതി വന്നതോടെയാണ് ഇപ്പോൾ നേതൃത്വം ദിവ്യയ്ക്കെതിരെ തിരുത്തലിന്റെ വടിയെടുത്തിരിക്കുന്നത്.
സി.പി.എമ്മിന്റെ തട്ടകത്തിൽ ജനിച്ച് പാർട്ടിയുടെ സ്ഥാനങ്ങൾ ഓരോന്നായി ചവിട്ടിക്കയറിയാണ് ദിവ്യ ജില്ലാ കമ്മിറ്റിയംഗമായത്. പി.കെ. ശ്രീമതിക്കും പി. സതീദേവിക്കും കെ.കെ. ശൈലജയ്ക്കും പിന്നാലെ പാർട്ടി വളർത്തിക്കൊണ്ടുവന്ന വനിതാനേതാവായിരുന്നു അവർ. ജില്ലാ പഞ്ചായത്ത് അംഗമായും വൈസ് പ്രസിഡന്റായും പ്രസിഡന്റായും അവർ കണ്ണൂരിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലത്തിൽ കഴിഞ്ഞനാൾവരെ നിറഞ്ഞുനിന്നു. ഭാവി എം.എൽ.എ.യും എം.പി.യും മന്ത്രിയുംവരെയായി അവരെ കണ്ടവരും ഉണ്ട്. ആ പടവുകളിൽ നിന്നാണ് ഒരു നിമിഷത്തെ അനുചിതപ്രവൃത്തി അവരെ വീഴ്ത്തിയിരിക്കുന്നത്.
ഇടത് സഹയാത്രികനായിരുന്ന നവീൻ ബാബുവിനെ അറിയുന്നവരെല്ലാം ദിവ്യയുടെ ആരോപണം സംശയത്തിന്റെ കണ്ണിലൂടെയാണ് കണ്ടത്. അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രിക്കയച്ചുവെന്ന രീതിയിൽ ടി.വി. പ്രശാന്തൻ പുറത്തുവിട്ട പരാതിയും സംശയങ്ങൾ ഇരട്ടിപ്പിച്ചു. നവീൻ ബാബുവിനെ പിന്തുണച്ച് സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയും വകുപ്പുമന്ത്രിയും ഒറ്റക്കെട്ടായി നിന്നു. മികച്ചൊരു ഉദ്യോഗസ്ഥനെ സ്വന്തം നാട്ടിലേക്കുള്ള യാത്രയയപ്പ് വേളയിൽ പരസ്യമായി വിമർശിച്ചതിനെതിരേ പൊതുസമൂഹത്തിൽ നിന്നും വ്യാപക വിമർശനം വന്നു. അതോടെ തുടക്കത്തിൽ ദിവ്യയ്ക്ക് പ്രതിരോധം തീർത്ത സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റിക്കും അവരെ കൈവിടുകയല്ലാതെ മാർഗമില്ലെന്നായി.
Content Highlights: cpm degradation against pp divya as a unusual action
Published: 08 Nov 2024, 08:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented